തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിൽ സർക്കാർ നയങ്ങളെയും മുഖ്യമന്ത്രിയെയും സംസ്ഥാന പൊലീസ് മേധാവിയെയും ചോദ്യം ചെയ്യുന്ന പൊലീസുകാരെ മര്യാദ പഠിപ്പിക്കാൻ ഡി.ജി.പി ലോക്നാഥ് െബഹ്റ രംഗത്ത്. സർക്കാറിെൻറ നയങ്ങളെയും വകുപ്പ് മേധാവികളുടെ നിർദേശത്തെയും ചോദ്യം ചെയ്യുന്ന ഒരു ഉദ്യോഗസ്ഥനെയും സർവിസിൽ െവച്ചുപൊറുപ്പിക്കില്ലെന്നും സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങൾക്ക് എതിരായി പ്രവർത്തിക്കുന്നത് അപകടകരമായ പ്രവണതയാണെന്നും ചൊവ്വാഴ്ച ഇറക്കിയ സർക്കുലറിൽ ഡി.ജി.പി പറയുന്നു. ഇതിെൻറ ഭാഗമായി പൊലീസ് സേനാംഗങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇടപെടുമ്പോൾ പാലിക്കേണ്ട മര്യാദകളെ സംബന്ധിച്ച് പരിശീലനപദ്ധതി തയാറാക്കാൻ എ.ഡി.ജി.പി (ട്രെയിനിങ്) ബി. സന്ധ്യക്ക് ഡി.ജി.പി നിർദേശം നൽകി.
കഴിഞ്ഞദിവസം ഡി.ജി.പിക്കെതിരെ പൊലീസ് വാട്സ്ആപ് ഗ്രൂപ്പിൽ അസഭ്യവർഷം നടത്തിയ ഉദ്യോഗസ്ഥനെ സർവസിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. പൊലീസുകാർക്ക് ചരിഞ്ഞ തൊപ്പി ഏർപ്പെടുത്താനുള്ള ഡി.ജി.പിയുടെ തീരുമാനത്തിനെതിരെ പ്രതികരിച്ച തൃശൂർ ഒല്ലൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ജോഫിൻ ജോണിക്കെതിരെയാണ് കമീഷണർ അച്ചടക്കനടപടി എടുത്തത്.
രണ്ടുമാസം മുമ്പ് തിരുവനന്തപുരം ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥരുടെ വാട്സ്ആപ് ഗ്രൂപ്പുകളിലും പൊലീസ് അസോസിയേഷെൻറ വാട്സ്ആപ് കൂട്ടായ്മയിലും മുഖ്യമന്ത്രിയെയും സംസ്ഥാന സർക്കാറിെൻറ നയങ്ങളെയും വെല്ലുവിളിച്ചും മത വർഗീയവിദ്വേഷം പടർത്തുന്നതരത്തിലുള്ളമുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ വാട്സ്ആപ് സന്ദേശങ്ങൾ പുറത്തുവന്നിരുന്നു. ഇത്തരം പ്രവണതകൾ സേനക്കുള്ളിൽ വ്യാപകമായതോടെയാണ് സേനയെ ഒന്നാകെ ‘അച്ചടക്കം’ പഠിപ്പിക്കാൻ ഡി.ജി.പി തന്നെ മുൻകൈയെടുക്കുന്നത്.
ഡി.ജി.പിയുടെ നിർദേശങ്ങൾ ചുവടെ
1. പൊലീസ് സേനാംഗങ്ങൾ വ്യക്തിപരമായ അക്കൗണ്ടുകളുടെ പ്രൊഫൈലുകളിൽ ഔദ്യോഗിക വേഷം ധരിച്ച ഫോട്ടോകൾ ഉപയോഗിക്കാൻ പാടില്ല.
2. വ്യക്തിപരമായ അക്കൗണ്ടുകൾ തുടങ്ങാൻ ഔദ്യോഗിക ഇ-മെയിൽ ഐ.ഡി, മൊബൈൽ നമ്പർ എന്നിവ ഉപയോഗിക്കരുത്.
3. യൂനിറ്റ് മേധാവിയുടെ രേഖാമൂലമുള്ള അനുവാദമില്ലാതെ യൂനിറ്റിെൻറ പേരിൽ ഔദ്യോഗിക ഗ്രൂപ്പുകളോ പ്രൊഫൈലുകളോ പേജുകളോ പ്രസിദ്ധീകരിക്കാൻ പാടില്ല
4. സമൂഹമാധ്യമങ്ങളുടെ വ്യക്തിപരമായ ഉപയോഗങ്ങൾക്കായി ഔദ്യോഗിക കമ്പ്യൂട്ടറുകളോ നെറ്റ് വർക്കുകളോ ഉപയോഗിക്കാൻ പാടില്ല.
5. കേസന്വേഷണത്തെ സംബന്ധിക്കുന്ന വിവരങ്ങൾ, അതിൽ ഉൾപ്പെട്ട വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ, അന്വേഷണസംബന്ധമായ ഔദ്യോഗിക യാത്രകളുടെ വിവരങ്ങൾ, ഫോട്ടോകൾ എന്നിവ സ്വകാര്യ അക്കൗണ്ടുകളിൽ പ്രസിദ്ധപ്പെടുത്തരുത്.
6. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയങ്ങളെക്കുറിച്ചുള്ള വിമർശനങ്ങളോ ചർച്ചകളോ കമൻറുകളോ സ്വകാര്യ അക്കൗണ്ടുകളിൽ പ്രസിദ്ധപ്പെടുത്തരുത്.
7. സ്ത്രീകളെയോ ഉദ്യോഗസ്ഥരെയോ മറ്റ് വ്യക്തികളെയോ ഏതെങ്കിലും മത-സാമുദായിക വിഭാഗങ്ങളെയോ അപമാനിക്കുന്നതരത്തിലുള്ള പോസ്റ്റുകൾ പ്രസിദ്ധീകരിക്കാനോ അത്തരത്തിൽ പ്രസിദ്ധീകരിച്ച മറ്റാരുടെയെങ്കിലും പോസ്റ്റുകൾ അയച്ചുകൊടുക്കാനോ ഷെയർ, കമൻറ്, ലൈക് എന്നിവ ചെയ്യാനോ പാടില്ല
8. രാഷ്ട്രീയ ചായ്വുള്ള പോസ്റ്റുകൾ പ്രസിദ്ധീകരിക്കാനോ ഷെയർ, കമൻറ്, ലൈക് ചെയ്യാനോ പാടില്ല.
9.സമൂഹമാധ്യമങ്ങളിലെ ഗ്രൂപ്പുകളിൽ നിയമവിരുദ്ധമായ പോസ്റ്റുകൾ പ്രസിദ്ധീകരിച്ചാൽ അഡ്മിൻമാർ നിയമനടപടിക്ക് വിധേയരാകേണ്ടിവരും
10. നിർദേശങ്ങൾ പാലിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടികൾക്കും വകുപ്പുതല അന്വേഷണത്തിനും പുറമെ സർവിസിൽനിന്ന് പിരിച്ചുവിടൽവരെയുള്ള നടപടി സ്വീകരിക്കും
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.