വിശ്വാസിയുടെ ജീവിതത്തെക്കുറിച്ചുള്ള വിചിന്തനവും ആത്മ പരിശോധനയുമാണ് വ്രതാനുഷ്ഠാനത്തിെൻറ പരമ ലക്ഷ്യം. സ്വയംവിചാരണ ചെയ്യാനും നേട്ടകോട്ടങ്ങള്‍ വിലയിരുത്താനുമുള്ള അസുലഭ സന്ദർഭം. നന്മകള്‍ വർധിപ്പിക്കാനും തിന്മകള്‍ വിപാടനം ചെയ്യാനും അതുവഴി വിശ്വാസിക്ക് കഴിയുന്നു. ആത്മപരിശോധനയിലൂടെ വിശ്വാസിയുടെ മനസ്സും ശരീരവും നന്മയില്‍ സ്ഫുടംചെയ്‌തെടുത്ത് ശരീരവും നന്മക്ക് പൂർണമായും പാകപ്പെടുത്തുന്ന സാഹചര്യത്തിനാണ് യഥാർഥത്തില്‍ റമദാനിൽ ചെകുത്താന്മാര്‍ തടവിലാകുന്നതും സ്വര്‍ഗ കവാടങ്ങള്‍ തുറക്കപ്പെടുന്നതുമെന്ന് തിരുനബി തങ്ങളുടെ ഉദ്ബോധനത്തില്‍നിന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്. സത്യവിശ്വാസി ആത്മപരിശോധനയിലൂടെ സംശുദ്ധനായിത്തീരുമ്പോള്‍ സ്വാഭാവികമായി സംഭവിക്കുന്ന പ്രക്രിയയാണ് ഈ സംഭവങ്ങളെന്ന് നമുക്ക് മനസ്സിലാക്കാന്‍ പ്രയാസമില്ല.
നമ്മുടെ ചുറ്റുപാടിലുമുള്ള മത-രാഷ്ട്രീയ-സാമൂഹിക സംഘടനകളെല്ലാംതന്നെ ഇടക്കിടെ അവരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും വീഴ്ചകള്‍ പരിഹരിച്ച് കൂടുതല്‍ മെച്ചപ്പെട്ട നിലവാരത്തിലേക്ക് പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുകയും ചെയ്യാറുണ്ട്. സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം ഇത് ദൈവകല്‍പിതമായ ബാധ്യതയാകുന്നു. അല്ലാഹു പറയുന്നു: ‘‘സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനോട് ഭക്തിയുള്ളവരായിരിക്കുവിന്‍. ഓരോ മനുഷ്യരും നാളേക്കു വേണ്ടി എന്താണ് ചെയ്തുെവച്ചിട്ടുള്ളതെന്ന് ചിന്തിക്കുകയും ചെയ്യുവിന്‍’’ (ഖുര്‍ആന്‍ 59-:18). ഈ വാക്യത്തില്‍ ആത്മപരിശോധന കൽപിക്കുക മാത്രമല്ല, അതിെൻറ മാനദണ്ഡംകൂടി വരച്ചുകാണിക്കുന്നു. പ്രവര്‍ത്തനങ്ങളെ അല്ലാഹുവിനോടുള്ള വിധേയത്വം (തഖ്വ) വിലയിരുത്തി തീരുമാനമെടുക്കാനാണ് നിർദേശം.
ഈ അടിസ്ഥാനത്തില്‍ ജീവിതത്തെ സ്വയംവിചാരണ ചെയ്ത് നന്മയുടെ പാതയില്‍ ഉറപ്പിച്ചുനിര്‍ത്താനും തിന്മ വിപാടനം ചെയ്യാനും അല്ലാഹു നിശ്ചയിച്ചുതന്ന വിശുദ്ധ മാസമാണ് റമദാന്‍. ഈ ലോകത്ത് സ്വയം വിചാരണ ചെയ്യുന്നവന് അന്ത്യനാളില്‍ വിചാരണ ലഘൂകരിക്കപ്പെടുമെന്നുള്ള പ്രവാചക വചനവും ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ്. നമുക്ക് സ്വയം വിചാരണ ചെയ്യാന്‍ കോടതിയും വക്കീലും മധ്യസ്ഥനും ആവശ്യമില്ല. മഹാപാണ്ഡിത്യമോ ശിപാര്‍ശകളോ ആവശ്യമില്ല. അല്ലാഹുവിനെ ഭയെപ്പടുന്ന ഒരു മനസ്സാക്ഷി മാത്രമാണ് ആവശ്യം. ഇതിലൂടെ നമ്മുടെ ആത്മീയ മാലിന്യങ്ങളെ (പാപങ്ങള്‍) കഴുകിക്കളഞ്ഞ് സംശുദ്ധരാവാന്‍ നമുക്ക് കഴിയും. അല്ലാഹു വിശുദ്ധ മാസത്തില്‍ നമ്മെ അനുഗ്രഹിക്കുമാറാകട്ടെ. (ആമീന്‍)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.