സെൻ ബുദ്ധസന്യാസി ഹൈമിൻ സനിം അടുത്തകാലത്ത് രചിച്ച, ദശലക്ഷക്കണക്കിന് കോപ്പികൾ വിറ്റഴിഞ്ഞ പുസ്തകമാണ് ‘ദ തിങ്സ് യു കാൻ സീ ഒൺലി വെൻ യു സ്ലോ ഡൗൺ’ (വേഗത കുറച്ചാൽ മാത്രം നിങ്ങൾക്ക് കാണാവുന്ന കാര്യങ്ങൾ). ലോക്ഡൗൺ റമദാനിൽ നൽകാവുന്ന പ്രസക്തമായ സന്ദേശങ്ങളിലൊന്നാണ് ഈ പുസ്തകം. തിരക്കു പിടിച്ച ജീവിതപ്പാച്ചിലിനിടയിൽ അവഗണിച്ചുപോകുന്ന പലതും കണ്ടെത്താൻ ഈ കൃതി സഹായിക്കുന്നു.
ഇനിയും തിരിച്ചറിയാത്ത നിശ്ശബ്ദപ്രണയങ്ങൾ, ചുറ്റിലുമുള്ള നന്മയുടെ നനവുള്ള പ്രതലങ്ങൾ, ജീവിതസുഗന്ധമുള്ള ആത്മീയ തലങ്ങൾ, പ്രിയപ്പെട്ടവരോടൊത്തുള്ള മധുരം കിനിയുന്ന നിമിഷങ്ങൾ ഇങ്ങനെ തുടങ്ങി അടുത്തുണ്ടായിട്ടും നാം അകലം പാലിച്ച ജീവിതത്തിെൻറ അനുപമമായ സാധ്യതകളെ കണ്ടെത്താനും ആസ്വദിക്കാനും അസുലഭ ആത്മീയസന്ദർഭമായി ലോക്ഡൗൺ കാലത്തെ റമദാനെ മാറ്റാം.ഉപജീവിക്കുക മാത്രം ചെയ്തിട്ടുള്ള നമ്മിൽ പലർക്കും ജീവിച്ചുതുടങ്ങാനും സ്വന്തത്തെയും സ്വത്വത്തെയും അന്വേഷിക്കാനുമുള്ള ഏറ്റവും ഉപയുക്തമായ ദിനരാത്രങ്ങളായി ഈ വർഷത്തെ റമദാനെ കാണാം. ‘സ്വന്തത്തെ അറിഞ്ഞവൻ ദൈവത്തെ അറിഞ്ഞു’ എന്നത് വിശ്വാസികൾക്കുള്ള ആഴമേറിയ സൂഫി അധ്യാപനമാണ്. ഈ അവസരത്തിൽ ഏകാന്തമായിരുന്ന് (ഖൽവത്) ആത്മാന്വേഷണത്തിനും ഹൃദയസംസ്കരണത്തിനും സമയം കാണണം, വലിയ ഉണർച്ചകളിലേക്കുള്ള പ്രവാചക മാതൃകയാണത്.
ജർമൻ മുസ്‌ലിം എഴുത്തുകാരിയായ മെകേല ഓസൽസ് രചിച്ച ‘ഫോർട്ടി ഡേയ്സ്’ എന്നൊരു പുസ്തകമുണ്ട്. 40 ദിവസം സ്വമേധയാ നയിച്ച ഏകാന്ത ജീവിതത്തിൽ അവരെഴുതിയ ഡയറിക്കുറിപ്പുകളാണിത്. തിരക്കുപിടിച്ച ഇസ്തംബൂൾ പട്ടണത്തിനു നടുവിൽ ചെറിയ മുറിയൊരുക്കി വ്രതാനുഷ്ഠാനവും ഖുർആൻ പാരായണവും ദിക്റുകളും സ്വലാത്തുകളുമായി കഴിച്ചുകൂട്ടുകയാണ് മഹതി. റൂമി, ഇബ്നുഅറബി പോലുള്ളവരുടെ കനപ്പെട്ട ഗ്രന്ഥങ്ങൾ വായിക്കാനും ഈ സന്ദർഭം ഉപയോഗപ്പെടുത്തി. തദ്വാരാ അവരിൽ സംഭവിച്ചുകൊണ്ടിരുന്ന ആഴത്തിലുള്ള ആത്മീയാനുഭവങ്ങളും ഉന്നതമായ ഉണർച്ചകളും ഉൾക്കാഴ്ചകളുമാണ് കൃതിയിൽ. സ്വയംസന്നദ്ധ ക്വാറൻറീനിലൂടെ ജീവിതം ആ നാൽപത് ദിവസത്തിനു മുമ്പും ശേഷവുമായി പകുക്കുവാൻ പാകപ്പെടുത്തുകയായിരുന്നു ഓസെൽസ്.
റമദാനിൽപോലും പള്ളികൾ അടച്ചിടുന്നത് നമ്മെ ഏറെ വേദനിപ്പിക്കുന്നു. എന്നാൽ, ആരാധനകൾക്ക് പള്ളികൾ തന്നെ വേണമെന്ന ശാഠ്യം ഇസ്ലാമിലില്ല. അല്ലാഹു ഈ ഭൂമി മുഴുക്കെ മസ്ജിദായി നൽകിയിട്ടുണ്ടല്ലോ. തൽക്കാലം മനസ്സിെൻറ അകംപള്ളി തുറന്ന് സ്രഷ്ടാവിെൻറ സാന്നിധ്യത്തിൽ സജീവമാകാം. ഈ ലോക്ഡൗൺ കാലത്തെ റമദാനിൽ അല്ലാഹുവിലേക്കും തിരുനബിയിലേക്കും നമ്മിലേക്ക് തന്നെയും ഒന്നുകൂടെ അടുത്തിരിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.