തിരുവനന്തപുരം: ഡിജിറ്റൽ പഠനോപകരണങ്ങളില്ലാത്തവർക്ക് അവ ലഭ്യമാക്കാനുള്ള ചുമതല സ്കൂൾതല സമിതികളെ ഏൽപ്പിച്ച് സർക്കാർ ഉത്തരവ്. ജനകീയ കാമ്പയിനിലൂടെ വിഭവ സമാഹരണം നടത്താൻ തീരുമാനിച്ചിരുന്നു. ഡിജിറ്റൽ വിദ്യാഭ്യാസം നടപ്പാക്കുന്നത് സംബന്ധിച്ച് സർക്കാർ പ്രത്യേക രൂപരേഖയും പ്രസിദ്ധീകരിച്ചു. വിഭവ സമാഹരണ കാമ്പയിനുള്ള മാർഗരേഖ പുറപ്പെടുവിച്ച ഉത്തരവിലാണ് ഡിജിറ്റൽ പഠനോപകരണങ്ങൾ (ടാബ്ലറ്റ്, ലാപ്ടോപ്) ലഭ്യമാക്കാനുള്ള ചുമതല സ്കൂൾതല സമിതികളിൽ നിക്ഷിപ്തമാക്കിയത്. വാർഡ് മെംബർ അധ്യക്ഷനായും സ്കൂൾ മാനേജർ/പി.ടി.എ പ്രസിഡൻറ് ഉപാധ്യക്ഷനായും ഹെഡ്മാസ്റ്റർ, അധ്യാപകർ, രക്ഷിതാക്കൾ, പൂർവ വിദ്യാർഥികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ അംഗങ്ങളുമായാണ് സമിതി രൂപവത്കരിക്കേണ്ടത്.
സ്കൂൾതല സമിതികൾ തന്നെയാണ് ഡിജിറ്റൽ ഉപകരണങ്ങളുടെ ആവശ്യക്കാരെയും കണ്ടെേത്തണ്ടത്. സമ്പൂർണ സ്കൂൾ മാനേജ്മെൻറ് സോഫ്റ്റ്വെയറിലെ ഡാറ്റ ഇതിനായി ഉപയോഗിക്കാം. സമൂഹ സഹായത്തോടെ മാത്രം ഉപകരണങ്ങൾ ലഭ്യമാക്കേണ്ടവർ, വായ്പ സൗകര്യം ലഭ്യമാക്കിയാൽ വാങ്ങാൻ കഴിയുന്നവർ, സ്വന്തമായി വാങ്ങാൻ കഴിയുന്നവർ എന്നിങ്ങനെയുള്ളവരെ തരംതിരിച്ച് രേഖപ്പെടുത്തണം. കണക്കുകൾ സ്കൂൾതലത്തിൽ തദ്ദേശ സ്ഥാപനതലത്തിലും ക്രോഡീകരിക്കണം. സ്കൂൾതല സമിതി യോഗം ചേർന്ന് 12നകം വിഭവസമാഹരണം സംബന്ധിച്ച് പ്രവർത്തനപദ്ധതി തയാറാക്കണം. ഉപകരണങ്ങളില്ലാത്തവരുടെ കണക്കെടുപ്പ് പൂർത്തിയാക്കി 15നകം ക്രോഡീകരിക്കണം. 21ന് ജില്ല തല ക്രോഡീകരണം പൂർത്തിയാക്കി സംസ്ഥാനതലത്തിലേക്ക് കൈമാറണം.
അതേസമയം, ഉപകരണങ്ങൾ ലഭ്യമാക്കൽ സ്കൂൾതല സമിതികളുടെ ചുമതലയാക്കിയതോടെ ഉത്തരവാദിത്തം ഫലത്തിൽ അധ്യാപകരുടെ തലയിൽ വന്ന് ചേരുമെന്ന് അധ്യാപക സംഘടനകൾ വിമർശനവുമായി എത്തിയിട്ടുണ്ട്. കാമ്പയിൻ പ്രഖ്യാപിച്ച് സർക്കാർ ഉത്തരവാദിത്തത്തിൽനിന്ന് ഒളിച്ചോടുകയാണെന്നും ഇത് അംഗീകരിക്കില്ലെന്നും എ.എച്ച്.എസ്.ടി.എ ജനറൽ സെക്രട്ടറി എസ്. മനോജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.