തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ ഡിജിറ്റൽ പേമെന്‍റ് സംവിധാനത്തിലൂടെ പണമിടപാട് നടത്താനുള്ള ട്രയൽ റൺ ഈയാഴ്ച പൂർത്തിയാകും. യു.പി.ഐ, ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ വഴി പണം നൽകാനുള്ള സൗകര്യമാണ് ലഭ്യമാക്കുക. ഇ-ഹെൽത്ത് നെറ്റ്‍വർക്കിൽ ചേർത്തിട്ടുള്ള 63 ആശുപത്രികളിൽ ആദ്യഘട്ടത്തിൽ സൗകര്യം ലഭിക്കും. ഇതിനായി 249 പി.ഒ.എസ് മെഷിനുകൾ സജ്ജമാക്കിയിട്ടുണ്ട്.
പുതിയ സൗകര്യം മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള ആശുപത്രിയിലെത്തുന്നവർക്ക് ആശ്വാസമാകുമെന്നാണ് പ്രതീക്ഷ. സെപ്റ്റംബർ ആദ്യ വാരത്തോടെ ഡിജിറ്റൽ പേമെന്‍റ് സംവിധാനങ്ങൾ സജ്ജമാകും. നിലവിൽ 624 ആശുപത്രികൾ ഇ-ഹെൽത്ത് നെറ്റ്‍വർക്കിലുണ്ട്. ഘട്ടംഘട്ടമായി ഇതിൽ എല്ലായിടത്തും സേവനം ലഭ്യമാക്കാനാണ് പദ്ധതി.
ഡിജിറ്റൽ സാങ്കേതികവിദ്യ ഇത്തരത്തിൽ പ്രയോജനപ്പെടുത്തുന്നതിലൂടെ രോഗികൾക്കും കൂടെയെത്തുന്നവർക്കും എ.ടി.എം അന്വേഷിച്ചു നടക്കേണ്ട സാഹചര്യം ഇല്ലാതാകും. ഒ.പി ടിക്കറ്റ് എടുക്കാനും അനുബന്ധ സേവനങ്ങൾക്കുമായി മൊബൈൽ ആപ്പ് അവതരിപ്പിക്കാനുള്ള പദ്ധതിയും ആരോഗ്യ വകുപ്പിന്‍റെ പരിഗണനയിലുണ്ട്. ഇത് സെപ്റ്റംബർ അവസാനത്തോടെ ട്രയൽ റൺ നടത്തിയേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.