കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എട്ടാംപ്രതിയായ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും. ദിലീപിന്‍റെ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്ര കുമാറിന്‍റെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിലാണ് പൊലീസ് നീക്കം. ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിൽ അന്വേഷണത്തിന് കോടതി അനുമതി നൽകിയ സാഹചര്യത്തിൽ നടൻ ദിലീപിനെയും ഉറ്റ ബന്ധുക്കളെയും ചോദ്യം ചെയ്യാനാണ് പൊലീസിന്‍റെ നീക്കം.
ജയിലിലുള്ള പൾസർ സുനിയെ ചോദ്യം ചെയ്യാനായി അനുമതി തേടിക്കൊണ്ട് പൊലീസ് വിചാരണക്കോടതിയിൽ അപേക്ഷ സമർപ്പിക്കും. സുനിയെ ചോദ്യം ചെയ്തതിന് ശേഷമായിരിക്കും ദിലീപിനെ ചോദ്യം ചെയ്യുക. ദിലീപിനെ നോട്ടീസ് നൽകി വിളിച്ചുവരുത്തിയായിരിക്കും ചോദ്യം ചെയ്യുക. ഇതോടൊപ്പം കാവ്യാമാധവൻ, ദിലീപിന്‍റെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ് എന്നിവരെയും ചോദ്യം ചെയ്യുമെന്നാണ് സൂചന.
അതേസമയം, കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ രഹസ്യ മൊഴിയെടുക്കാൻ അന്വേഷണ സംഘം കോടതിയെ സമീപിച്ചു. എറണാകുളം സി.ജെ.എം കോടതിയിലാണ് അപേക്ഷ നൽകിയത്. രഹസ്യ മൊഴി രേഖപ്പെടുത്താന്‍ ഏതെങ്കിലും മജിസ്ട്രേറ്റിനെ ചുമതലപ്പെടുത്തണമെന്ന ആവശ്യമാണ് അന്വേഷണ സംഘം ഉയര്‍ത്തിയിട്ടുള്ളത്. ബാലചന്ദ്രകുമാറിന്‍റെ മൊബൈല്‍ ഫോണ്‍, പെന്‍ ഡ്രൈവിലാക്കി നല്‍കിയ വിവരങ്ങള്‍ എന്നിവ കഴിഞ്ഞ ദിവസം പ്രോസിക്യൂഷന്‍ കോടതിക്ക് സമര്‍പ്പിച്ചിരുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 164 സ്റ്റേറ്റ്മെന്‍റ് രേഖപ്പെടുത്തണമെന്ന ആവശ്യമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഉന്നയിച്ചിട്ടുള്ളത്.
ബാലചന്ദ്ര കുമാറിന്‍റെ വെളിപ്പെടുത്തലിൽ ഈ മാസം 20 നകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് വിചാരണ കോടതിയുടെ നിർദേശം. അതിനാൽ നടപടികൾ വേഗത്തിൽ പൂർത്തീകരിക്കാനായിരിക്കും പൊലീസിന്‍റെ ശ്രമം. ജാമ്യം ലഭിച്ച് പുറത്തിറങ്ങി ദിവസങ്ങൾക്കകം പീഡനദൃശ്യങ്ങൾ ദിലീപിന്‍റെ പക്കലെത്തിയെന്നും ദിലീപ് പീഡനദൃശ്യങ്ങൾ വീട്ടിൽ ഇരുന്ന് കണ്ടതിന് താൻ സാക്ഷിയാണെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. ഒരു ഉന്നതനാണ് ദിലീപിന് ദൃശ്യങ്ങൾ കൈമാറിയത്. ഇതാരാണ് എന്നറിയുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.