കൊച്ചി: നടി ആക്രമണ കേസിലെ പ്രതിയായ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ക്രൈംബ്രാഞ്ചിന്റെ ഹരജി ഹൈകോടതി വിധി പറയാൻ മാറ്റി. കേസിലെ സാക്ഷികളെ സ്വാധീനിച്ചതിനും തെളിവുകൾ നശിപ്പിച്ചതിനും തുടരന്വേഷണത്തിൽ തെളിവ് ലഭിച്ചെന്നും അതിനാൽ ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ക്രൈബ്രാഞ്ച് വിചാരണ കോടതിയെ സമീപിച്ചിരുന്നു.
തെളിവുകൾ നശിപ്പിക്കരുതെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും ജാമ്യം അനുവദിച്ചപ്പോൾ ഹൈകോടതി ചുമത്തിയ വ്യവസ്ഥകൾ ദിലീപ് ലംഘിച്ചതായി ചൂണ്ടിക്കാട്ടിയാണ് ഹരജി.
വിപിൻലാൽ, ദാസൻ, സാഗർ വിൻസെന്റ്, ഡോ. ഹൈദരാലി, ശരത്, ജിൻസൻ തുടങ്ങി പത്തോളം സാക്ഷികളെ ദിലീപ് സ്വാധീനിച്ചതായി ഹരജിയിൽ പറയുന്നു. ദിലീപിന്റെയും കുടുംബാംഗങ്ങളുടെയും ഫോണുകളിലെ നിർണായക വിവരങ്ങൾ നശിപ്പിച്ചതിനും തെളിവുകളുണ്ട്. ഇവയൊക്കെ ശരിയായി വിലയിരുത്താതെയാണ് വിചാരണ കോടതി ഹരജി തള്ളിയതെന്നാണ് ക്രൈംബ്രാഞ്ചിന്റെ ആരോപണം. വിചാരണ ഏത് ഘട്ടത്തിലാണെന്ന് ഹരജി പരിഗണിക്കുന്നതിനിടെ കോടതി ആരാഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥന്റെ എതിർവിസ്താരം നടക്കുന്നതായി പ്രോസിക്യൂഷൻ വ്യക്തമാക്കി. എല്ലാ കക്ഷികളുടെയും വാദം പൂർത്തിയാക്കിയ കോടതി, തുടർന്ന് ഹരജി വിധി പറയാൻ മാറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.