ദിലീപിന്റെ ശബരിമലയിലെ വി.ഐ.പി ദര്‍ശനം; ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായെന്ന് ദേവസ്വം

കൊച്ചി: ശബരിമലയില്‍ ദിലീപിന് വി.ഐ.പി ദർശനം നൽകിയതിൽ ഉദ്യയോഗസ്ഥർക്ക് വീഴ്ചയുണ്ടായെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്‌ പി.എസ് പ്രശാന്ത്. നാല് ഉദ്യോഗസ്ഥർക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും വിശദീകരണം കേട്ട ശേഷം തുടർ നടപടികൾ ഉണ്ടാകുമെന്നും പ്രശാന്ത് അറിയിച്ചു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, എക്സിക്യൂട്ടീവ് ഓഫീസർ, രണ്ട് ഗാർഡുമാർ എന്നിവർക്കാണ് നോട്ടീസ് നൽകിയത്.

കുറച്ച് സമയത്തേക്ക് ദർശനം തടസ്സപ്പെട്ടുവെന്ന് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അതേസമയം ദിലീപിന് മുറി അനുവദിച്ചതിൽ ക്രമക്കേടുകൾ ഇല്ല . സ്വാഭാവിക നടപടി മാത്രമാണ്. മാധ്യമ പ്രവർത്തകർക്കടക്കം റൂം അനുവദിക്കാറുണ്ടെന്നും പ്രശാന്ത് വ്യക്തമാക്കി. എന്നാല്‍ വി.ഐ.പി ദര്‍ശനം നല്‍കിയതിലെ വീഴ്ച ഗൗരവമായി കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വർഷങ്ങളായി അനധികൃതമായി ഡോണർ മുറി കൈവശം വെച്ച സുനിൽ സ്വാമി എന്ന സുനിൽ കുമാറിനെ കുറിച്ചുള്ള കോടതി പരാമർശത്തിലും പ്രശാന്ത് പ്രതികരിച്ചു. സുനിൽ കോടതി നിർദേശം വന്ന ഉടനെ മല ഇറങ്ങി. അദ്ദേഹത്തിൻ്റെ സഹോദരൻ്റെ പേരിൽ ഡോണർ ഹൗസിൽ മുറി ഉണ്ട്. അവിടെയാണ് താമസിച്ചതെന്ന് പ്രശാന്ത് പറഞ്ഞു.

അതേസമയം ഹൈകോടതി കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. ദിലീപ് അടക്കം ചിലർക്ക് ശബരിമല ദർശനത്തിന് പ്രത്യേക സൗകര്യം ഒരുക്കിയതാണ് കോടതിയുടെ രൂക്ഷ വിമർശനത്തിന് ഇടയാക്കിയത്. ദിലീപിനോടൊപ്പം ആലപ്പുഴ ജില്ല ജഡ്ജി കെ.കെ. രാധാകൃഷ്ണൻ, നോർക്ക ചുമതല വഹിക്കുന്ന കെ.പി. അനിൽ കുമാർ എന്നിവരും ഉണ്ടായിരുന്നു എന്നാണ് എക്സിക്യൂട്ടിവ് ഓഫിസറുടെ റിപ്പോർട്ടിൽ പറയുന്നത്.

വ്യാഴാഴ്ച രാത്രി നട അടക്കാൻ ഹരിവരാസനം പാടുന്ന സമയം മുഴുവൻ ഇവർക്ക് ശ്രീകോവിലിന് മുൻനിരയിൽനിന്ന് തൊഴാൻ സൗകര്യം ഒരുക്കി നൽകിയിരുന്നു. 

Tags:    
News Summary - Dileep's VIP visit to Sabarimala; The Devaswom said that there was a failure on the part of the officials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.