തൃശൂർ: തൃശൂർ അതിരൂപത ആസ്ഥാനത്ത് മിസോറം ഗവർണർ പി.എസ്. ശ്രീധരൻ പിള്ളക്ക് അത്താഴവിരുന്ന്. ഞായറാഴ്ച പകൽ തൃശൂർ ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുത്ത ശ്രീധരൻ പിള്ള രാത്രി പത്തോടെയാണ് അതിരൂപത ആസ്ഥാനത്തെത്തിയത്. ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഒരു മണിക്കൂറോളം ഇവിടെ ചെലവഴിച്ചാണ് മടങ്ങിയത്. തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിെൻറ പരമ്പരാഗത വോട്ട് ബാങ്കായി കരുതുന്ന ക്രൈസ്തവ വോട്ടുകൾ ചോർന്നത് രാഷ്ട്രീയമായി ഏറെ ചർച്ചയായിരുന്നു. സംസ്ഥാനത്ത് ക്രൈസ്തവരെ കൂടെ നിർത്തിയുള്ള പുതിയ നീക്കത്തിന് ബി.ജെ.പി ശ്രമം നടക്കുകയുമാണ്.
ക്രൈസ്തവ സമൂഹം അവഗണന നേരിടുന്നുവെന്നും മതിയായ പ്രാതിനിധ്യവും അവകാശവും ലഭിക്കണമെന്നാവശ്യപ്പെട്ടുള്ള നിർദേശങ്ങൾ മുന്നണികളെ അറിയിച്ചതായും അതിരൂപത മുഖപ്രസിദ്ധീകരണമായ 'കത്തോലിക്കാസഭ'യുടെ പുതിയ ലക്കം വ്യക്തമാക്കുന്നു. ബെന്നി ബെഹനാെൻറ നേതൃത്വത്തിലുള്ള യു.ഡി.എഫ് പ്രകടനപത്രിക സമിതി തൃശൂരിലെത്തിയപ്പോൾ നിർദേശങ്ങൾ കൈമാറി. മറ്റ് മുന്നണികളോടും ഇക്കാര്യം അറിയിക്കും.
വർധിച്ചുവരുന്ന വിവേചനത്തെക്കുറിച്ച് സഭാനേതൃത്വവും വിശ്വാസികളും കാര്യമായി പ്രതികരിച്ചിരുന്നില്ലെന്നും ഇനി അങ്ങനെയല്ലെന്നും പരമ്പരാഗത വോട്ട് ബാങ്കായി കണക്കാക്കപ്പെടാൻ തയാറല്ലെന്നും ഇതിൽ വ്യക്തമാക്കുന്നു.
രാഷ്ട്രീയ ഭരണനേതൃത്വത്തിലും സർക്കാർ സംരംഭങ്ങളിലും നീതിപൂർവം പരിഗണിക്കാനും തയാറാവുന്നവരോട് അനുകൂല നിലപാട് സ്വീകരിക്കും. ഒരു മുന്നണിയെയും സഭാ നേതൃത്വം തള്ളിക്കളഞ്ഞിട്ടില്ലെന്നുമുള്ള മുന്നറിയിപ്പും കത്തോലിക്കാസഭയിലൂടെ അതിരൂപത അറിയിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.