കാസര്‍കോട്: നേരിട്ട് എതിർക്കുന്നത് ബി.ജെ.പിയെ ആണെന്നതിനാൽ ജയസാധ്യതയുള്ള സ്ഥാനാർഥികളെ വേണമെന്ന് മുസ്ലിം ലീഗ് ജില്ല നേതൃത്വം. സ്ഥാനാർഥി നിർണയത്തിൽ തീരുമാനമെടുക്കുന്നതിന് പാണക്കാട്ടെത്തിയാണ് മുസ്ലിം ലീഗ് നേതാക്കൾ ആവശ്യമുന്നയിച്ചത്.
മുസ്ലിം ലീഗ് സിറ്റിങ് സീറ്റുകളായ കാസർകോട്, മഞ്ചേശ്വരം മണ്ഡലങ്ങളിലെ നേതാക്കളുമായാണ് ആദ്യം ചർച്ച നടത്തിയത്. പിന്നീട് ജില്ല നേതാക്കളുമായി സംസാരിച്ചു. പ്രാദേശിക നേതൃത്വത്തിെൻറ നിലപാടറിയുകയെന്ന ലക്ഷ്യത്തിൽ കാസർകോട് മണ്ഡലം പ്രസിഡൻറ് എ.എം. കടവത്ത്, ജനറൽ സെക്രട്ടറി കെ. അബ്ദുല്ലക്കുഞ്ഞി ചെർക്കള, ട്രഷറർ മാഹിൻ കേളോട്ട്, മഞ്ചേശ്വരം മണ്ഡലം പ്രസിഡൻറ് ടി.എ. മൂസ, ജനറൽ സെക്രട്ടറി എം. അബ്ബാസ്, ട്രഷറർ അഷ്റഫ് കർള എന്നിവരുമായാണ് വെവ്വേറെ ചർച്ച നടത്തിയത്.
ജില്ല പ്രസിഡൻറ് ടി.ഇ. അബ്ദുല്ല, ജനറൽ സെക്രട്ടറി എ. അബ്ദുറഹ്മാൻ, ട്രഷറർ കല്ലട്ര മാഹിൻ ഹാജി എന്നിവരുമായി തുടർന്ന് ചർച്ച നടത്തി. ഇറക്കുമതി സ്ഥാനാർഥികളെ ഒഴിവാക്കണമെന്നായിരുന്നു പ്രധാന ആവശ്യം. ജയസാധ്യതയുള്ള സ്ഥാനാർഥികളിൽ പ്രാദേശിക തലത്തിലുള്ള നേതാക്കളെ വേണമെന്ന നിലപാടും ജില്ല നേതൃത്വം ആവർത്തിച്ചു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡൻറുമായ എ.കെ.എം. അഷ്റഫ് മഞ്ചേശ്വരത്ത് സ്ഥാനാർഥിയാവണമെന്നാണ് മണ്ഡലം, ജില്ല നേതൃത്വങ്ങളുടെ നിർദേശമെന്നും വിവരമുണ്ട്. അതേസമയം, ചർച്ചയിൽ പങ്കെടുത്ത ജില്ല നേതാക്കളുടെയും സിറ്റിങ് എം.എൽ.എ എൻ.എ. നെല്ലിക്കുന്നിെൻറയും ഉൾപ്പെടെ അഞ്ചു പേരുകൾ കാസർകോടുനിന്നുണ്ട്.
യു.ഡി.എഫിെൻറ സിറ്റിങ് സീറ്റുകളായ കാസർകോട്ടും മഞ്ചേശ്വരത്തും രണ്ടാം സ്ഥാനത്തുള്ള ബി.ജെ.പിയുടെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ നേതൃത്വത്തിലും അണികള്‍ക്കിടയിലും ആശയക്കുഴപ്പം തുടരുകയാണ്.
ആദ്യഘട്ടത്തില്‍ മഞ്ചേശ്വരത്ത് സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രന്, ജില്ല പ്രസിഡൻറ് കെ. ശ്രീകാന്ത് എന്നിവരുടെ പേരുകള്‍ കേട്ടിരുന്നെങ്കിലും പുതുമുഖങ്ങളെയോ പ്രമുഖരെയോ നിർത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.