കൊച്ചി: സഹകരണ ബാങ്ക് ജീവനക്കാർക്കെതിരായ അച്ചടക്ക നടപടി വിരമിച്ചാലും തുടരാമെന്ന് ഹൈകോടതി. അച്ചടക്ക നടപടി പൂർത്തിയായ ശേഷം മാത്രം വിരമിക്കൽ ആനുകൂല്യങ്ങൾ നൽകിയാൽ മതിയെന്നും ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
സർവിസിൽനിന്ന് വിരമിച്ച ശേഷവും അച്ചടക്ക നടപടി തുടരുന്നതിനെതിരെ സഹകരണ ബാങ്ക് ജീവനക്കാരനായിരുന്ന കാസർകോട് സ്വദേശി എസ്. യാദവ നൽകിയ അപ്പീൽ ഹരജി തള്ളിയാണ് ഉത്തരവ്. കാസർകോട് ഹൊസങ്കടി ശാഖ മാനേജറായിരിക്കെ ഈടായി നൽകിയ വസ്തുവിന് ഉയർന്ന മൂല്യം നിർണയിച്ച് വായ്പ നൽകിയതിലൂടെ ക്രമക്കേട് നടത്തിയെന്നാരോപിച്ചാണ് അച്ചടക്ക നടപടി. 2020ൽ സസ്പെൻഷനിലായതിന് പിന്നാലെ ചില കുറ്റങ്ങൾ ഒഴിവാക്കി.
എന്നാൽ, അച്ചടക്ക നടപടി നിലനിൽക്കെ മേയിൽ വിരമിച്ചു. അച്ചടക്ക നടപടി തുടരുന്നതിനാൽ വിരമിക്കൽ ആനുകൂല്യങ്ങൾ നൽകാത്തത് ചോദ്യം ചെയ്ത് നൽകിയ ഹരജി തള്ളിയതിനെ തുടർന്നാണ് ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത്. എന്നാൽ, വിരമിച്ചിട്ട് കാലമേറെയായ സാഹചര്യത്തിൽ ആറ് മാസത്തിനകം അച്ചടക്ക നടപടി പൂർത്തിയാക്കണമെന്നും ഹരജിക്കാരൻ ഇതിനോട് സഹകരിക്കണമെന്നും കോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.