കൊച്ചി: മൂന്നാറിലെ കണ്ണായ ഭൂമിയെച്ചൊല്ലി മിൽമയും കേരള ലൈവ് സ്റ്റോക്ക് ഡവലപ്മെന്റ് ബോർഡും (കെ.എൽ.ഡി.ബി) തമ്മിൽ തർക്കം. മൂന്നാർ ടൗണിൽ മിൽമയുടെ കൈവശമുള്ള കോടികൾ വിലവരുന്ന രണ്ടരയേക്കറോളം സ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലിയാണ് തർക്കം. പ്രശ്നം പരിഹരിക്കാൻ അഡീഷനൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ സർക്കാർ നിയോഗിച്ച കമ്മിറ്റി സ്ഥലം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും ഒത്തുതീർപ്പായിട്ടില്ല.
ധവള വിപ്ലവത്തിന്റെ ഭാഗമായി നിലവിൽവന്ന ഇൻഡോ സ്വിസ് പ്രോജക്ട് കേരള നിർത്തിയതോടെ രൂപം കൊണ്ടതാണ് കേരള ലൈവ് സ്റ്റോക് ഡവലപ്മെന്റ് ആന്റ് മിൽക് മാർക്കറ്റിങ് ബോർഡ് (കെ.എൽ.ഡി.എം.എം.ബി). കൃഷി, മൃഗസംരക്ഷണ, ക്ഷീര വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഇവിടെ ഡെപ്യൂട്ടേഷനിൽ നിയോഗിക്കുകയായിരുന്നു. സംസ്ഥാനങ്ങളിലെ ക്ഷീര വികസനവും വിപണനവും സഹകരണ മേഖലയിൽ കൊണ്ടുവന്നാലേ ഫണ്ട് അനുവദിക്കൂ എന്ന കേന്ദ്ര നിർദേശം വന്നതിന്റെ അടിസ്ഥാനത്തിൽ പിന്നീട് മിൽമ രൂപവത്കരിച്ചു. കെ.എൽ.ഡി.എം.എം.ബിക്ക് കീഴിലെ എല്ലാ വാണിജ്യ വസ്തുക്കളും നിയമ നടപടികൾ പൂർത്തിയാക്കി മിൽമക്ക് കൈമാറണം എന്നായിരുന്നു സർക്കാർ ഉത്തരവ്. ഇങ്ങനെ കൈമാറിയ ഭൂമിയെച്ചൊല്ലിയാണ് തർക്കം.
നടപടികൾ പൂർത്തിയാക്കുന്നതിൽ മിൽമ വീഴ്ച വരുത്തിയതിനാൽ മൂന്നാറിലെ വസ്തുവിന്റെ നിയമപരമായ കൈമാറ്റം നടന്നിട്ടില്ലെന്നാണ് കെ.എൽ.ഡി.ബി അധികൃതർ പറയുന്നത്. 1998ൽ അന്നത്തെ മിൽമ ചെയർമാൻ ഇക്കാര്യം ചൂണ്ടിക്കാട്ടി സർക്കാരിന് കത്ത് നൽകിയിരുന്നതായും അവർ പറയുന്നു. അവകാശവാദം സ്ഥാപിക്കാൻ ആവശ്യമായ രേഖകളൊന്നും ഹാജരാക്കാൻ മിൽമക്ക് കഴിഞ്ഞിട്ടില്ല.
രാജ്യാന്തര പരിശീലന കേന്ദ്രം സ്ഥാപിക്കാൻ ബോർഡിന് കേന്ദ്രം രണ്ട് കോടി അനുവദിച്ചിട്ടുണ്ട്. സ്ഥലം പൂർണമായി വിട്ടുതരണമെന്ന് ആവശ്യപ്പെടുന്നില്ലെന്നും മിൽമയുടെ ആവശ്യം കഴിച്ചുള്ളത് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാൻ ലഭ്യമാക്കണമെന്നുമാണ് ബോർഡിന്റെ നിലപാട്. എന്നാൽ, തങ്ങൾ വർഷങ്ങളായി ഉപയോഗിച്ചുവരുന്ന ഭൂമി വിട്ടുകൊടുക്കേണ്ടതില്ല എന്നാണ് തീരുമാനമെന്ന് എറണാകുളം, ഇടുക്കി, കോട്ടയം, തൃശൂർ ജില്ലകൾ ഉൾപ്പെടുന്ന മിൽമ എറണാകുളം മേഖല യൂനിയന്റെ ചെയർമാൻ എം.ടി. ജയൻ ‘മാധ്യമ’ത്തോട് പറഞ്ഞു. കെ.എൽ.ഡി.ബിയുടെ നിരവധി ഏക്കർ ഭൂമി മാട്ടുപ്പെട്ടിയിൽതന്നെ ഉപയോഗിക്കാതെകിടക്കെ, തങ്ങൾ ഒരു കോടി മുടക്കി പണിത കെട്ടിടവും അനുബന്ധ സംവിധാനങ്ങളും വിട്ടുകിട്ടണമെന്ന ബോർഡിന്റെ ആവശ്യം അംഗീകരിക്കാനാവില്ല. വിഷയം പഠിച്ച കമീഷന്റെ റിപ്പോർട്ട് ഏകപക്ഷീയമാണെന്നും ചെയർമാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.