തിരുവനന്തപുരം: ധനമന്ത്രി കെ.എൻ. ബാലഗോപാലിൽ തന്‍റെ പ്രീതി നഷ്ടമായെന്നും ഉചിത നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി. മാസങ്ങളായി തുടരുന്ന സർക്കാർ-ഗവർണർ പോര് സ്ഫോടനാത്മക തലത്തിലെത്തിച്ചാണ് ഗവർണറുടെ നടപടി. അതേസമയം ഗവർണറുടെ തിട്ടൂരം തള്ളി മുഖ്യമന്ത്രി രാജ്ഭവന് കത്ത് നൽകി. ഗവർണർ പദവിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തുന്ന മന്ത്രിമാരിൽ തന്‍റെ സമ്മതി (പ്ലഷൻ) പിൻവലിക്കുമെന്ന് കഴിഞ്ഞ 18ന് രാജ്ഭവൻ സമൂഹമാധ്യമത്തിൽ പോസ്റ്റ് ഇട്ടിരുന്നു. പിന്നീട് നടത്തിയ വാർത്താസമ്മേളനത്തിലും മന്ത്രി കെ.എൻ. ബാലഗോപാലിനെതിരെ ഗവർണർ വിമർശം നടത്തുകയും ചെയ്തു. പിന്നാലേയാണ് ഇപ്പോൾ മുഖ്യമന്ത്രിക്ക് നടപടി ആവശ്യപ്പെട്ട് കത്ത് നൽകിയത്.
കേരള സർവകലാശാലയിൽ നടന്ന ചടങ്ങിൽ ബനാറസ് ഹിന്ദു സർവകലാശാലയിലെ ഒരു സംഭവം വിശദീകരിച്ച ധനമന്ത്രി അവിടെ നിന്ന് വരുന്നവർക്ക് കേരളത്തിലെ സർവകലാശാലകളുടെ സാഹചര്യം അറിയില്ലെന്ന് സൂചിപ്പിച്ചിരുന്നു. ഇതാണ് ഗവർണറെ പ്രകോപ്പിച്ചത്. രാജ്യത്തിന്‍റെ ഐക്യത്തെ തകർക്കുന്ന ബോധപൂർവ പരാമർശമാണ് ധനമന്ത്രി നടത്തിയതെന്ന് മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ പറയുന്നു. ഈ സാഹചര്യത്തിൽ തന്‍റെ സമ്മതി തുടരാൻ കഴിയില്ല. തന്‍റെ സമ്മതി പിൻവലിച്ച വിവരം മുഖ്യമന്ത്രിയെ അറിയിക്കുകയാണെന്നും ഇത് മുഖ്യമന്ത്രി ഗൗരവമായി പരിഗണിക്കണമെന്നും ഭരണഘടനപ്രകാരം നടപടി എടുക്കണമെന്നും ഗവർണർ കത്തിൽ നിർദേശിച്ചു.
അതേസമയം ഗവർണറുടെ ആവശ്യം പൂർണമായി തള്ളിയാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. രാജ്യത്തിന്‍റെ ഐക്യത്തെ ഹനിക്കുന്ന പ്രസ്താവന മന്ത്രി നടത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഡൽഹിക്ക് പോയ ഗവർണർ ഇക്കാര്യത്തിൽ എന്ത് തുടർനടപടി സ്വീകരിക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റ് നോക്കുന്നത്. 11 വൈസ് ചാൻസലർമാരെ പുറത്താക്കാൻ നടപടികൾ തുടരവെയാണ് മന്ത്രിയെ പുറത്താക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടത്. സർവകലാശാല വിഷയത്തിൽ ഗവർണർക്കെതിരെ പ്രക്ഷോഭവുമായി ഇടതുപക്ഷം മുന്നോട്ട് പോകവെ കൂടിയാണ് ഗവർണർ മന്ത്രിയെ പുറത്താക്കണമെന്ന ആവശ്യമുന്നയിച്ച് പുതിയ യുദ്ധമുഖം തുറന്നത്. കേരള സർവകലാശാലയിൽ ഗവർണർ ആവശ്യപ്പെട്ടിട്ടും വൈസ് ചാൻസലർ പുറത്താക്കാതിരുന്ന 15 സിൻഡിക്കേറ്റ് അംഗങ്ങളെ പുറത്താക്കി രാജ്ഭവൻ ഉത്തരവിറക്കിയിരുന്നു.
അതേസമയം ഗവർണറുടെ നടപടിക്കെതിരെ ഭരണപക്ഷ നേതാക്കൾ കടുത്ത വിമർശവുമായി രംഗത്ത് വന്നു. ഗവർണർ ഇല്ലാത്ത അധികാരം ഉപയോഗിച്ച് തുടർച്ചയായി സർക്കാരിനെ പ്രതിസന്ധിയിലാക്കുകയാണെന്നാണ് നേതാക്കളുടെ വിലയിരുത്തൽ. ചായക്കോപ്പയിലെ കൊടുങ്കാറ്റാണ് ഗവർണറുടെ നടപടിയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചു. ഗവർണറുടെ കത്ത് അർഹിക്കുന്ന അവജ്ഞയോടെ തള്ളുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഗവർണറും സർക്കാരും തമ്മിൽ നടക്കുന്നത് വ്യാജറ്റുമുട്ടലാണ്. സർക്കാർ പരാജയം വ്യക്തമാക്കുന്ന നിരവധി കാര്യങ്ങളുണ്ട്. ഇത് മറയ്ക്കാനാണ് നീക്കമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.