കൽപറ്റ: കോടമഞ്ഞും തണുപ്പും വകവെക്കാതെ വെള്ളകീറുന്നതിന് മുമ്പ് വീട്ടിൽനിന്ന് പുറപ്പെടും ഓരോ തൊഴിലാളിയും. തേയിലച്ചപ്പ് വെട്ടുന്ന കത്രികയും വെട്ടിയ തളിരിലകൾ ശേഖരിക്കുന്ന സഞ്ചിയും ചുമലിൽ തൂക്കി, കിലോമീറ്ററുകൾ വ്യാപിച്ചുകിടക്കുന്ന തോട്ടത്തിെൻറ ഇടവഴികളിലൂടെ അന്നന്ന് തൊഴിലെടുക്കേണ്ട ഫീൽഡിലേക്കാണ് നടത്തം. ഉയരം കൂടുംതോറും ചായക്ക് സ്വാദ് കൂടുമെന്ന് ലാലേട്ടൻ ചായപ്പൊടി പരസ്യത്തിൽ പറയുമെങ്കിലും തൊഴിലാളിക്ക്, ജോലി കടുപ്പമാക്കുന്നതാണ് ചെങ്കുത്തായ തേയിലക്കുന്നുകളുടെ ഉയരവും വിസ്താരവും.
കൊളുന്ത് വെട്ടുന്ന കത്രികയുടെ മുരൾച്ചക്കൊപ്പം രാഷ്ട്രീയവും കുടുംബകാര്യവും നാട്ടുകാര്യവുമെല്ലാം ഇവിടെ വിശദ ചർച്ചയാകും. നിയമസഭ തെരഞ്ഞെടുപ്പ് ചർച്ചകൾ തോട്ടംതൊഴിലാളികൾക്കിടയിൽ ചൂടുപിടിച്ചുവരുന്നേയുള്ളൂവെങ്കിലും അവരുടെ ജോലിസ്ഥലങ്ങളിൽ ഇപ്പോൾ പൊരിവെയിലിെൻറ കഠിന ചൂടാണ്. നിലവിൽ, ഏഴുമുതൽ ഉച്ച 1.30 വരെയാണ് തേയില നുള്ളുന്ന സ്ത്രീ തൊഴിലാളികളുടെ ജോലിസമയം. തേയിലക്കമ്പുകൾ മുറിച്ച് ചെടിയെ ചെറുതാക്കിനിർത്തുന്ന ജോലിയടക്കം ചെയ്യുന്ന പുരുഷ തൊഴിലാളികളുടേത് ഏഴുമുതൽ 12വരെയും. ചുരുങ്ങിയത് 27 കിലോ തേയില ഓരോ സ്ഥിരംതൊഴിലാളിയും ദിവസവും വെട്ടണം. കൂടുതലുള്ള ഓരോ കിലോക്കും നിശ്ചിത തുക അധികമായി ലഭിക്കും. തൊഴിലാളികളിൽ മിക്കവർക്കും വ്യക്തമായ രാഷ്ട്രീയമുണ്ട്. താൽക്കാലികക്കാർ അടക്കം മുന്നൂറോളം തൊഴിലാളികളുള്ള മാനന്തവാടി തേറ്റമല എസ്റ്റേറ്റിലെ സീനത്തിനും രവീന്ദ്രനും സുകുമാരനും ശിവകുമാറിനുമെല്ലാം ഉറപ്പാണ് എൽ.ഡി.എഫിെൻറ ഭരണത്തുടർച്ച.
അതേസമയം, ഭരണമാറ്റം തീർച്ചയാണെന്ന് മറ്റ് പാർട്ടികളിലുള്ളവർ ഉറച്ചുവിശ്വസിക്കുന്നു, വാദിക്കുന്നു. രാഷ്ട്രീയത്തിൽ അഭിപ്രായങ്ങൾ പലതാണെങ്കിലും സ്വന്തം ജീവിതത്തെക്കുറിച്ച് ചോദിക്കുേമ്പാൾ മറുപടിയിൽ എല്ലാവർക്കും ഏകസ്വരം. തുച്ഛ ശമ്പളംകൊണ്ട് ജീവിതത്തിെൻറ രണ്ടറ്റം കൂട്ടിമുട്ടിക്കാനാവുന്നില്ലെന്ന് ഏല്ലാവരും പരിഭവിക്കുന്നു. പണ്ട് എസ്റ്റേറ്റുകളിൽ ജോലികിട്ടാതെ കരഞ്ഞ് മടങ്ങുന്നവർ ഉണ്ടായിരുന്നുവെന്ന് മുതിർന്ന തൊഴിലാളിയായ റാബിയ ഒാർക്കുന്നു. ഇന്ന് പുതിയ ആളുകൾ ഈ ജോലിയിലേക്ക് വരുന്നില്ലെന്ന് ദേവിയും സുലൈമാനും ജുമൈലയും മരയ്ക്കാരുമെല്ലാം പറയുന്നു. തൊഴിലാളികളുടെ മക്കളെല്ലാം ഈ ജോലിയിലേക്ക് വരാതെ മറ്റ് തൊഴിൽ മേഖലകളിലേക്ക് ചേക്കേറുകയാണ്. ചെറുപ്പത്തിലേ ലഭിച്ച ജോലിയുടെ തുടർച്ചമാത്രമാണ് പലർക്കുമിത്.
തൊഴിൽചൂഷണത്തിെൻറ ആൾരൂപങ്ങളായ കങ്കാണിമാർ തോട്ടംമേഖലയിൽ ചരിത്രമായെങ്കിലും കേന്ദ്രസർക്കാറിെൻറ പുതിയ തൊഴിൽനയങ്ങൾ തൊഴിലാളികൾക്ക് ഇരുട്ടടിയാണെന്ന് കോമു മേസ്തിരിയെപ്പോലുള്ളവർ രോഷംകൊള്ളുന്നു. മാസത്തിൽ നിശ്ചിതദിവസം തൊഴിലെടുത്തില്ലെങ്കിൽ, വിരമിക്കുേമ്പാൾ ഏക ആശ്വാസമായി ലഭിക്കുന്ന ഗ്രാറ്റ്വിറ്റിയിൽപോലും കുറവുവരുമെന്നത് ഇവരുടെ മനസ്സിൽ ഇടിത്തീയാണ് വിതറുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.