കലോത്സവം: മാംസാഹാരം നിർബന്ധമുള്ളവർക്ക് പുറത്ത് നിന്ന് വാങ്ങിക്കഴിക്കാമെന്ന് സ്‌പീക്കർ എ എൻ ഷംസീർ

സ്കൂൾ കലോത്സവ വേദികളിൽ മാംസാഹാരം കഴിക്കണമെന്ന് നിർബന്ധമുള്ളവർക്ക് പുറത്ത് നിന്ന് വാങ്ങിക്കഴിക്കാമെന്ന് നിയമസഭാ സ്‌പീക്കർ എ എൻ ഷംസീർ. കോഴിക്കോട് കലോത്സവ സമയത്തുണ്ടായത് അനാവശ്യ വിവാദമാണെന്ന് ഷംസീർ പ്രതികരിച്ചു. ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. അടുത്ത വർഷത്തെ കലോത്സവത്തിൽ നോൺ വെജ് ഭക്ഷണവും ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചിരിക്കെയാണ് ഷംസീറിന്റെ വേറിട്ട നിലപാട്.

ചിക്കൻ ബിരിയാണി കഴിച്ച ശേഷം ഒരു കുട്ടി എങ്ങനെയാണ് വേദിയിൽ നൃത്തം ചെയ്യുക. തനിക്ക് നോൺ വെജ് ഭക്ഷണത്തോടാണ് പ്രിയമെന്നും എന്നാൽ എല്ലാവർക്കും കഴിക്കാൻ പറ്റുന്ന ഭക്ഷണമെന്ന നിലയിൽ കലോത്സവം പോലെയുള്ള ഒത്തുച്ചേരലിൽ വെജിറ്റേറിയൻ ഭക്ഷണമാണ് നല്ലതെന്നും ഷംസീർ പറയുന്നു.

കോഴിക്കോട് കലോത്സവ സമയത്ത് ഉണ്ടായ ഭക്ഷണവിവാദത്തെ തുടർന്ന് പാചക വിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരി സ്കൂൾ കലോത്സവങ്ങളിൽ ഭക്ഷണം പാകം ചെയ്യാനില്ലെന്ന് തീരുമാനമെടുത്തിരുന്നു.

അടുത്ത വർഷത്തെ കലോത്സവം മുതൽ നോണ്‍ വെജ് വിഭവങ്ങള്‍ ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചിരുന്നു. സ്കൂൾ കലോത്സവത്തിന് മാംസഭക്ഷണം വിളമ്പുന്നുണ്ടെങ്കിൽ ആവശ്യമായ കോഴിയിറച്ചി സൗജന്യമായി നൽകാൻ തയ്യാറാണെന്ന് പൗൾട്രി ഫാർമേഴ്സ് ട്രേഡേഴ്സ് സമിതി സംസ്ഥാന ഭാരവാഹികൾ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ സ്പീക്കറുടെ നിലപാട് പുതിയ ചർച്ചയ്ക്ക് വഴി​വെക്കുകയാണ്.

Tags:    
News Summary - Distribution of meat food at school Kalotsava venues Speaker AN Shamseer's opinion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.