ഒരാഴ്ചയാകുന്നു നമ്മുടെ ജില്ല കലക്ടർമാർ എണ്ണയിട്ട യന്ത്രംകണക്കെ ദുരന്തമുഖത്താണ്. ദിവസത്തിന് 24 മണിക്കൂർ പോരെന്ന് തോന്നിയ ദിനങ്ങൾ. രാപകലില്ലാതെ എപ്പോഴും വിളിപ്പുറത്തുണ്ട്. കണ്ണേ മടങ്ങുക..എന്ന് ഉള്ള് പറഞ്ഞ അനുഭവങ്ങൾ. ഇനി ഇങ്ങനെയൊന്ന് ഉണ്ടാവരുതേ എന്ന് പ്രാർഥിച്ച നിമിഷങ്ങൾ. കലക്ടർമാർ പ്രളയാനുഭവങ്ങൾ വിവരിക്കുന്നു...
ഇടുക്കി
മുൾമുനയിൽ നിന്ന നാൾ
ആഗസ്റ്റ് 14. അർധരാത്രി മുതൽ പുലരിവരെ കനത്ത മഴയിൽ മുല്ലപ്പെരിയാർ അണക്കെട്ടിനു കീഴെ. ജലനിരപ്പ് അതിവേഗം ഉയരുന്നു, ഡാം തുറക്കൽ തർക്കത്തിലും. ഡാം തുറപ്പിച്ച് അപായ സാധ്യത ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയും ഒരാളുടെയും ജീവൻപൊലിഞ്ഞുകൂടെന്ന നിശ്ചയദാർഢ്യത്തോടെയും സ്ഥലത്ത് ഒാടിയെത്തിയതാണ് കലക്ടർ കെ. ജീവൻ ബാബു. പെരിയാർതീരവാസികളെ ആശ്വസിപ്പിക്കാനും ഒഴിപ്പിക്കാനും പ്രയത്നിച്ച നിമിഷങ്ങൾ... ‘‘ആയിരങ്ങളെയാണ് മണിക്കൂറുകൾക്കകം ഒഴിപ്പിക്കേണ്ടത്. അതും മഴയും ഇരുട്ടും മലവെള്ളവും താണ്ടി. ജലനിരപ്പ് അതിവേഗം ഉയരുന്നു. ചപ്പാത്ത്പാലം മുെട്ട വെള്ളം. ജലനിരപ്പ് 141 അടിയിലേക്ക് എത്തി. തേനി കലക്ടറുമായി ബന്ധപ്പെട്ടു. ഡാം തുറക്കാൻ ശ്രമം തുടങ്ങി. രാത്രി ഒമ്പതിന് ശേഷമാണ് തീരുമാനമായത്. തുറക്കുന്നത് പുലർച്ച രണ്ടിന്. ശേഷിക്കുന്നത് കുറച്ച് സമയം. ഫേസ്ബുക്കിൽ മുന്നറിയിപ്പ് നൽകി. ശരിക്കും ടെൻഷനായിരുന്നു. ജനങ്ങളുടെ ജീവൻവെച്ചുള്ള നടപടി മനസ്സിനെ ഉലച്ചുകൊണ്ടിരുന്നു. തീരവാസികളെ സുരക്ഷിതരാക്കൽ വെല്ലുവിളിയായി. പലരും ചെറുത്തുനിന്നത് പ്രശ്നമായി. ആത്മഹത്യക്കു മുതിർന്നു ഒരാൾ. മുല്ലപ്പെരിയാർ ഭീതിയിൽ എക്കാലവും കഴിയുന്നതിെൻറ ദേഷ്യമായിരുന്നു അവർക്ക്. 1500 കുടുംബങ്ങളെയാണ് ഞൊടിയിടയിൽ മാറ്റിയത്. സ്വാതന്ത്ര്യദിനം രാവിലെ കലക്ടറേറ്റിലെത്തും വരെയുള്ള സമയം മറക്കാനാവില്ല. പിന്നീട് ഇതുവരെ സാക്ഷിയായെതല്ലാം സങ്കടകരമായ അനുഭവമായിരുന്നു’’.
കോട്ടയം
ആദ്യം െഞട്ടി; ജനം കരുത്തേകി
കുട്ടനാട്ടിൽനിന്ന് സർവതും ഉപേക്ഷിച്ച് വീടുവിട്ട അരലക്ഷം പേരെ സ്വീകരിച്ചത് മനസ്സിനെ സ്പർശിെച്ചന്ന് കോട്ടയം കലക്ടർ ബി.എസ്. തിരുമേനി. കുട്ടനാട്ടിൽനിന്നും അപ്പർകുട്ടനാട്ടിൽനിന്നും ഒരുലക്ഷം പേരാണ് എത്തിയത്. ആദ്യം െഞട്ടി, ഒപ്പം കടുത്ത ആശങ്കയും. ജില്ലയിലെ ആറ് െഡപ്യൂട്ടി കലക്ടർമാരിൽ മൂന്നുപേർ വനിതകൾ. ഒരാൾ സ്ഥലം മാറിപ്പോയി. ഡ്യൂട്ടിയിലുള്ളത് രണ്ടുപേർ. ചങ്ങനാശ്ശേരിയിലെ ക്യാമ്പുകളിലുള്ളവരുടെ സംരക്ഷണത്തിന് ഇവരെ നിയോഗിച്ചു. ക്യാമ്പിലുള്ളവർക്ക് ഭക്ഷണവും വസ്ത്രവും നൽകി. പരിചരിക്കാൻ ജാതിമത ഭേദമന്യേ ആബാലവൃദ്ധം ജനങ്ങളെത്തി. ഇതോടെ ആശങ്ക വിെട്ടാഴിഞ്ഞു. കുട്ടനാട്ടിലെ മൂന്നുലക്ഷം പേരിൽ ഭൂരിപക്ഷവും ദുരിതത്തിലാണ്. െചരുവത്തിലും െചമ്പിലും ചെറുവള്ളത്തിലുമായിരുന്നു ആദ്യം രക്ഷാപ്രവർത്തനം. മെഡിക്കൽകോളജിലും സർക്കാർ ആശുപത്രികളിലും ഒാക്സിജൻ ക്ഷാമം നേരിട്ടു. സിലിണ്ടറുകൾ പിടിച്ചെടുക്കേണ്ടിവന്നു. 500 പേരടങ്ങുന്ന വാട്സ്ആപ് ഗ്രൂപ്പ് സജീവമായി. എത്തിച്ച വസ്ത്രങ്ങളിൽനിന്ന് അനുയോജ്യമായവ എല്ലാം നഷ്ടപ്പെട്ടവർ തെരഞ്ഞെടുത്ത കാഴ്ച കണ്ണിനെ ഈറനണിയിച്ചു. ഹോംനഴ്സായ യുവതി ശമ്പളമായി കിട്ടിയ 14,000 രൂപ നൽകിയത് -ഇതൊന്നും മറക്കാനാവില്ല. തീക്കോയിൽ ഉരുൾപൊട്ടി ഒരുകുടുംബത്തിലെ നാലുപേർ മരിച്ചതും വൈക്കം മുണ്ടാറിൽ മാധ്യമപ്രവർത്തകരുടെ ദാരുണാന്ത്യവും വല്ലാതെ വേദനിപ്പിച്ചു.
പത്തനംതിട്ട
നിസ്സഹായനായ നിമിഷങ്ങൾ
തിരുവല്ലയിൽ നിരണം മേഖലയിൽ ഒേട്ടറെ പേർ കുടുങ്ങിക്കിടക്കുന്നു- അവിേടക്ക് പോകാൻ മത്സ്യെത്താഴിലാളികളുടെ വള്ളത്തിൽ കയറിയപ്പോൾ ഒരാൾ ൈകക്കുപിടിച്ച് അറിയുമോ എന്ന് ചോദിച്ചു. ആളെ മനസ്സിലായില്ല... പത്തനംതിട്ട കലക്ടർ പി.ബി. നൂഹ് പ്രളയദിനങ്ങളെക്കുറിച്ച് പറഞ്ഞുതുടങ്ങി. ‘ഒാഖി ദുരന്തമുണ്ടായപ്പോൾ തുമ്പക്കടുത്ത് കടപ്പുറത്ത് സർ ഞങ്ങൾക്ക് സഹായവുമായി വന്നിരുന്നു. അന്ന് സംസാരിച്ചിട്ടുണ്ട്’.. അന്ന് അവർക്ക് സഹായവുമായാണ് ഞങ്ങൾ എത്തിയത്. ഇന്ന് നമുക്ക് സഹായവുമായി അവർ എത്തി. ജീവൻ രക്ഷാപ്രവർത്തനത്തിലെ ഒരു കൊടുക്കൽ വാങ്ങൽ. നന്മ വറ്റിപ്പോയിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു ഇൗ ദുരന്തം. ജീവനുവേണ്ടിയുള്ള വിളികൾക്ക് മുന്നിൽ പകച്ചുപോയ ദിവസങ്ങളായിരുന്നു ചൊവ്വയും ബുധനും. ഇടതടവില്ലാതെ ഫോണിൽ വിളികൾ... ഒന്നെടുക്കുേമ്പാൾ മിസിഡ് കാൾ ലിസ്റ്റിൽ പത്തിലേറെ. എല്ലാവരും ജീവനുവേണ്ടി കേണപേക്ഷിക്കുന്നവർ. എങ്ങനെയും രക്ഷിക്കൂ എന്നുള്ള അപേക്ഷകൾ. മനസിനെ നിയന്ത്രിക്കാനാവാതെ തളർന്നുപോയ നിമിഷങ്ങൾ. ബുധനാഴ്ച മുതൽ മത്സ്യെത്താഴിലാളികൾ എത്തിയതോടെയാണ് ഏറെ ആശ്വാസമായത്. അവർ നടത്തിയ സേവനെത്ത എത്ര പുകഴ്ത്തിയാലും മതിവരില്ല.
പാലക്കാട്
സമാനതകളില്ലാത്ത ദുഃഖം
അപ്രതീക്ഷിതമായിരുന്നു പ്രളയം. ആദ്യമായിട്ടാണ് ഇത്തരമൊരു വെല്ലുവിളി. ഹൃദയഭേദകമായ കാഴ്ചകൾ ഒരുപാടുണ്ട്. പ്രളയം വേദന മാത്രമാണ് നൽകിയത്. നെന്മാറയിലെ ദുരന്തം ഹൃദയം തകർത്തു. ഉരുൾപൊട്ടലിൽ കൊച്ചുകുഞ്ഞടക്കം പത്ത് പേരാണ് മരിച്ചത്. താങ്ങാനാകാത്ത ദുഃഖമായിരുന്നു അത്. മലമ്പുഴ ഡാം ഷട്ടറുകൾ അർധരാത്രിയോടെ ഉയർത്തേണ്ടി വന്നു. കൽപാത്തി പുഴയോരത്തെയും ശംഖുവാരത്തോടിന് സമീപത്തെയും ആളുകളെ ഒഴിപ്പിക്കേണ്ടി വന്നു. പലരും ഉറക്കത്തിലായിരുന്നു. അതുവരെയുള്ള സമ്പാദ്യവും സ്വപ്നങ്ങളുമെല്ലാം ഉപേക്ഷിച്ച് ധരിച്ച വസ്ത്രം മാത്രമെടുത്ത് നിറകണ്ണുകളോടെയാണ് പലരും ക്യാമ്പിലേക്ക് തിരിച്ചത്. അവർക്ക് മുന്നിൽ മറ്റു വഴിയുണ്ടായിരുന്നില്ല, ഞങ്ങൾക്കും. ജനനന്മക്കും ജീവൻ രക്ഷിക്കുന്നതിനും വേണ്ടി കടുത്ത തീരുമാനങ്ങളെടുക്കേണ്ടി വന്നു. എല്ലാം നല്ലതിന് മാത്രമായിരുന്നു. ജനങ്ങളിൽനിന്ന് ലഭിച്ച പിന്തുണ പറഞ്ഞറിയിക്കാനാവില്ല. ഉദ്യോഗസ്ഥർ രാപകലില്ലാതെ കൂടെനിന്നു. യുവാക്കളും സന്നദ്ധ പ്രവർത്തകരും രാഷ്ട്രീയ സംഘടനകളുമെല്ലാം തോളോടുതോൾ ചേർന്നു. നന്മ മാത്രമായിരുന്നു ലക്ഷ്യം. ഇനി ലക്ഷ്യം പുനരധിവാസമാണ്. ഇതുവരെ ലഭിച്ച എല്ലാ സഹായസഹകരണങ്ങളും തുടർന്നെങ്കിൽ മാത്രമേ വിജയകരമായി പൂർത്തിയാക്കാനാകൂ. ഈ ദുരന്തത്തിൽനിന്ന് കേരളം അതിജീവിക്കുകതന്നെ ചെയ്യും.
മലപ്പുറം
മണ്ണ് പുതഞ്ഞ് ഒമ്പത് ജീവനുകൾ...
മലവെള്ളപ്പാച്ചിൽ പോലെ ജീവിതം അനിശ്ചിത വഴികളിലൂടെ ചിലപ്പോൾ കുതിച്ചുപായും. സ്വാതന്ത്ര്യദിനപ്പുലരിയിൽ കൊണ്ടോട്ടിയിലെ ചെറുകാവിലേക്ക് പോയത് അങ്ങനെയൊരു പോക്കാണ്. ബുധനാഴ്ച പുലർെച്ച നാലഞ്ചു പേർ മണ്ണിനടിയിലായി എന്ന വിവരം കിട്ടിയത് രാവിലെയാണ്. ഒമ്പതോടെപൂച്ചാക്കലെത്തി. ജില്ല പൊലീസ് സൂപ്രണ്ട് പ്രതീഷ് കുമാറുമുണ്ടായിരുന്നു കൂടെ. അപ്പോഴേക്കും രണ്ട് കുട്ടികളെ രക്ഷപ്പെടുത്തുകയും മൂന്ന് മൃതദേഹങ്ങൾ കണ്ടെടുക്കുകയും ചെയ്തു. മടങ്ങാനൊരുങ്ങുമ്പോഴാണ് പെരിങ്ങാവ് കൊടപ്പുറത്ത് കുറെ പേർ മണ്ണിനടിയിൽ കുടുങ്ങിയ വിവരം അറിഞ്ഞത്. ഉടൻ അങ്ങോട്ടെത്തി. ഞങ്ങളെത്തി രണ്ട് മിനിറ്റ് കഴിഞ്ഞാണ് അഗ്നിശമനസേന എത്തിയത്. ഒരു വീട് മുഴുവൻ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്ന കാഴ്ച കൺമുന്നിൽ. വിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരെ മാറ്റി രക്ഷാപ്രവർത്തകർക്ക് വഴിയൊരുക്കി. വീഴാറായി നിന്ന ഇരുനില കോൺക്രീറ്റ് വീട് അപ്പോഴേക്കും സ്ഥലത്തെത്തിയ സൈന്യവും പൊലീസും ചേർന്ന് ഇരുമ്പുതൂണുകളിൽ താങ്ങിനിർത്തി. അകത്ത് കുടുങ്ങിയവരെ വലിച്ചെടുക്കുമ്പോൾ ജീവൻ ബാക്കിയുണ്ടാവണേ എന്നായിരുന്നു പ്രാർഥന. എന്നാൽ, ഒരാളുടെ കാര്യത്തിൽ മാത്രമാണ് ദൈവം അത് കേട്ടത്. വീടിെൻറ സിറ്റൗട്ടിലെ തൂണിനടിയിൽ കുടുങ്ങിയയാളെ മാത്രമാണ് രക്ഷിക്കാനായത്. മണ്ണ് പുതഞ്ഞ ജീവനറ്റ ശരീരങ്ങൾ ഒന്നൊന്നായി പുറത്തെടുത്തു. ഒടുവിൽ മണ്ണ് അളന്നെടുത്ത ഒമ്പത് ജീവനുകൾ എെൻറ മുന്നിൽ തണുത്ത് വിറങ്ങലിച്ച് കിടന്നു. എല്ലാം കഴിഞ്ഞ് മടങ്ങുമ്പോഴാണ് വാച്ചിലേക്ക് നോക്കിയത്. സമയം രാത്രി എട്ട്. പോരുമ്പോൾ കൂട്ടുവന്ന മഴ അപ്പോഴും പെയ്യുന്നുണ്ടായിരുന്നു -പ്രളയം ഏറെ ജീവനുകൾ കവർന്ന മലപ്പുറത്ത് രാപ്പകലില്ലാതെ എല്ലാറ്റിനും നേതൃത്വം നൽകിയ ജില്ല കലക്ടർ അമിത് മീണ പറഞ്ഞുനിർത്തി.
തൃശൂർ
ഇതെല്ലാം ഒന്നടങ്ങെട്ട
രാവിലെ അഗ്നിശമനസേന വിഭാഗത്തിെൻറ ചർച്ചക്ക് എത്തിയതായിരുന്നു, തൃശൂർ കലക്ടർ ടി.വി. അനുപമ. ശുചീകരണത്തിന് സേനയുടെ മുന്നൊരുക്കം അവലോകനം ചെയ്ത് കാറിൽ കയറിയ സന്ദർഭത്തിലാണ് ഫോണിൽ കിട്ടിയത്. കലക്ടറുടെ ഫോണിന് തിരക്കൊഴിഞ്ഞ നേരമില്ല. സഹായിയുടെ ഫോണിൽ വിളിച്ച് ‘കൊടുക്കാമോ’ എന്ന് ചോദിച്ചപ്പോൾ ‘മാഡം ഫയൽ നോക്കുന്നു, ഫോണിലുമാണ്’ എന്ന് മറുപടി. ഇങ്ങനെയാണ് ഒരാഴ്ചയായി അനുപമയുടെ രാപകലുകൾ.ഫോണിൽ കിട്ടിയപ്പോൾ ആദ്യം ഇങ്ങോട്ടാണ് ഒരു ആവശ്യമുന്നയിച്ചത്. ‘ഇതുവരെ ചെയ്തുതന്നതിനെക്കാൾ ഇനിയാണ് നിങ്ങളുടെയെല്ലാം സഹായം വേണ്ടത്’. വെള്ളം കയറിയ വീടുകൾ വൃത്തിയാക്കാൻ സർക്കാർ സംവിധാനം കൊണ്ട് മാത്രമാവില്ല. അതിന് സന്നദ്ധ പ്രവർത്തകരെ പ്രചോദിപ്പിക്കാൻ കഴിയുക മാധ്യമങ്ങൾക്കാണെന്ന് കലക്ടർ. ഇടക്ക് ചോദിച്ചു; എങ്ങനെയായിരുന്നു ഇൗ ദിവസങ്ങൾ?. ഉടൻ മറുപടി വന്നു, ‘അതിന് പ്രശ്നങ്ങൾ കഴിഞ്ഞില്ലല്ലോ. ‘മനസ്സിെൻറയും ഹൃദയത്തിെൻറയും ഭാരം ഇറക്കിവെക്കാറായില്ല. നൊമ്പരപ്പെടുത്തിയതും ആശ്വാസം തോന്നിയതുമായ ഒരുപാട് ഫയലുകൾ മനസ്സിൽ ഫീഡ് ചെയ്ത് വെച്ചിട്ടുണ്ട്. ഒരു കാര്യം പറയാം’ -ഹൃദയത്തിൽ തൊട്ട, ഉള്ളുലച്ച ഒന്നല്ല ഒരുപാട് സന്ദർഭങ്ങളുണ്ട്. ഒരു ദിവസം അതൊക്കെ ഷെയർ ചെയ്യാം; അനുഭവമെന്ന നിലക്ക് മാത്രമല്ല മുൻകരുതലിനു വേണ്ടിയും. ഇതെല്ലാം ഒന്നടങ്ങെട്ട’.
തിരുവനന്തപുരം
ജീവിതം നിറച്ച സ്നേഹക്കുടുക്ക
എല്ലാം നഷ്ടപ്പെട്ടവർക്കായി വിഭവസമാഹരണം നടക്കുകയാണ്... ആയിരത്തോളം സന്നദ്ധസേവകർ സാധനങ്ങൾ തരംതിരിക്കുന്നു. വാഹനത്തിൽ കയറ്റുന്നു. കാർഡ് ബോർഡ് പെട്ടികൾക്കിടയിലൂടെ ആ കുട്ടി നടന്നുവന്നു. അഞ്ച് വയസ്സ് പ്രായം. നിധിപോലെ കാത്തുെവച്ച ‘പണക്കുടുക്ക’ കൈയും മനവും നിറഞ്ഞ പുഞ്ചിരിയോടെ ഏൽപിച്ചപ്പോൾ മനസ്സ് നിറഞ്ഞ് തുളുമ്പി; ദുരന്തദിനങ്ങളിലെ മറക്കാനാകാത്ത അനുഭവം ഒാർത്തപ്പോൾ തിരുവനന്തപുരം കലക്ടർ കെ. വാസുകിയുടെ മുഖത്തും അഭിമാനം. ഇൗ കുട്ടിയുടെ സ്നേഹക്കുടുക്കയിൽനിന്ന് തുടങ്ങുന്നു തലസ്ഥാനത്തുനിന്ന് ജീവിതം നിറച്ച് പുറപ്പെട്ട അഞ്ഞൂറോളം സഹായവാഹനങ്ങൾക്ക് പിന്നിലെ സ്പന്ദനവും ഉൗർജവും ഇന്ധനവും. യുവാക്കൾ ഒത്തുചേർന്നാൽ പലതും സാധിക്കുമെന്ന് വായിച്ചിട്ടുണ്ട്. ആ അനുഭവത്തിന് നേർസാക്ഷിയായപ്പോൾ കണ്ണ് നിറഞ്ഞു. ആ അനുഭവം വിവരിക്കാൻ വാക്ക് തികയില്ല; വാസുകി പറയുന്നു. 3000ഒാളം വളണ്ടിയർമാരാണ് രാപകലില്ലാതെ, ഉൗണും ഉറക്കവുമില്ലാതെ തലസ്ഥാനത്തെ കലക്ടിങ് സെൻററുകളിലുള്ളത്. രണ്ടുദിവസമേ ജില്ലയിൽ ആശങ്കയുണ്ടായിരുന്നുള്ളൂ. അതേസമയം മറ്റ് ജില്ലകളുടെ അവസ്ഥ വളരെ മോശമായി. ഇൗ സാഹചര്യത്തിലാണ് കലക്ടിങ് സെൻററുകൾ തുടങ്ങിയത്. യാത്രക്കിടെ ആദ്യ വിഡിയോ അഭ്യർഥന സമൂഹമാധ്യമങ്ങളിലിട്ടു. ഇതോടെ ആളും സഹായവും ഒഴികിയെത്തി. ഇത്രയാളുകൾ എവിടെനിന്ന് എത്തിയെന്നത് വാസുകിക്ക് ഇപ്പോഴും വിസ്മയമാണ്.
കൊല്ലം
ഉറക്കത്തിൽനിന്നെഴുന്നേറ്റ് അവർ വന്നു...
അർധരാത്രിയിലും ഉറക്കപ്പായയിൽനിന്ന് എഴുന്നേറ്റ് വള്ളവുമായി പ്രളയത്തിലേക്കിറങ്ങിയ മത്സ്യത്തൊഴിലാളികളെയാണ് ഞാൻ ഒാർക്കുന്നത്. 15ന് പത്തനംതിട്ട കലക്ടർ രണ്ട് ഡിങ്കികൾ ആവശ്യെപ്പട്ടു. കൊല്ലത്തുനിന്ന് അവ അയച്ചു. അന്നുരാത്രി വൈകി വള്ളങ്ങൾ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മൈക്ക് അനൗൺസ്മെൻറ് അല്ലാതെ മറ്റ് മാർഗമില്ലായിരുന്നു. 11 മണിയോടെ വാടി, നീണ്ടകര കടപ്പുറങ്ങളിൽ ഞാൻ നേരിട്ട് പോയി അനൗൺസ്മെൻറ് നടത്തി. ഉറങ്ങിക്കിടന്ന മത്സ്യെത്താഴിലാളികൾ സേവനസന്നദ്ധരായി പത്തനംതിട്ടക്ക് പോകാൻ വള്ളങ്ങളുമായി വന്നു. അർധരാത്രി ഒരു മണിക്കും മൂന്നിനും ഇടയിലായിരുന്നു ഇതെന്ന് ഒാർക്കണം. അന്ന് രാത്രി 30 വള്ളങ്ങളിൽ 120 മത്സ്യത്തൊഴിലാളികളാണ് പത്തനംതിട്ടക്ക് പോയത്. ഇൗ പ്രളയം എനിക്ക് സമ്മാനിച്ച മറക്കാൻ പറ്റാത്ത അനുഭവം ഇതാണ്.
വയനാട്
കണ്ണുനനയിക്കുന്നു; ഇൗ കരുതൽ
പിറന്ന നാടല്ലെങ്കിലും എനിക്ക് അത്രമേൽ പ്രിയപ്പെട്ട മണ്ണാണ് വയനാടെന്ന് ജില്ല കലക്ടറുടെ ചുമതലയുള്ള ആയുഷ് അഡീഷനൽ സെക്രട്ടറി കേശവേന്ദ്രകുമാർ. ഇവിടെ വീണ്ടുമെത്തിയത് മുറിവേറ്റ ഇൗ മണ്ണിനെ സാന്ത്വനിപ്പിക്കാനാണ്. ഇൗ ഉദ്യമത്തിൽ നാട് ഒരുമിച്ചുചേരുന്ന കാഴ്ച പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. കഴിഞ്ഞദിവസം ആറു വയസ്സുള്ള ഒരു കുട്ടി ൈസക്കിൾ വാങ്ങാൻ വെച്ച 4000 രൂപ എെൻറ കൈകളിൽ ഏൽപിച്ചപ്പോൾ കണ്ണുനിറഞ്ഞു. മറ്റൊരു കുട്ടി പിറന്നാളിന് കുഞ്ഞുടുപ്പെടുക്കാൻ കരുതിവെച്ച തുകയാണ് കൈമാറിയത്. ഒരാൾ നാലുമാസത്തെ വികലാംഗ പെൻഷൻ തുക മുഴുവനായും ഏൽപിച്ചു. സഹജീവികളോടുള്ള കരുതലും സ്നേഹവുമായി നാട് ഇൗവിധം ഒത്തൊരുമിച്ചുനിൽക്കുേമ്പാൾ ദുരന്തമുഖത്ത് അതു നൽകുന്ന പ്രചോദനം വളരെ വലുതാണ്. പൊതുസമൂഹം, സന്നദ്ധ സംഘടനകൾ, കർണാകയും തമിഴ്നാടും ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽനിന്നുള്ള വളൻറിയർമാരുടെ സഹായം, മാധ്യമപ്രവർത്തകരുടെ പിന്തുണ എല്ലാം വയനാടിനെ ഏറെ തുണക്കുന്നുണ്ട്. ദുരിതങ്ങളിൽനിന്ന് കരകയറിയ ശേഷം വയനാടിെന എെന്നന്നേക്കുമായി സംരക്ഷിച്ചുനിർത്താനുള്ള പദ്ധതികൾ അനിവാര്യമാണ്. ഒാരോ പഞ്ചായത്തിലും ലാൻഡ് യൂസ് പ്ളാൻ അടക്കമുള്ള കാര്യങ്ങൾക്കാവണം ഉൗന്നൽ വേണ്ടത്. വലിയ വികസനം നേടിയെന്ന് പറഞ്ഞിട്ട് ഇതുപോലുള്ള ദുരന്തത്തിൽ തകർന്നടിഞ്ഞുപോവുന്ന വയനാടിനെയല്ല, ഒരിക്കലും ഇടറാതെ നിൽക്കുന്ന ദൃഢവും സുന്ദരവുമായ വയനാടിനെയാണ് നമുക്ക് പുനർനിർമിക്കേണ്ടത് -കലക്ടർ പറഞ്ഞു.
കോഴിക്കോടൻ കനിവിൽ കണ്ണുനിറഞ്ഞ്
മഹാപ്രളയ കാലത്ത് ‘നന്മയുടെ നഗര’ത്തിലൂടെ കുത്തിയൊഴുകുന്ന കാരുണ്യക്കടൽ കണ്ട് ഖൽബ് നിറഞ്ഞിരിക്കുകയാണ് കോഴിക്കോട് ജില്ല കലക്ടർ യു.വി. ജോസിന്. പ്രളയം തകർത്തെറിഞ്ഞ ജീവിതങ്ങൾക്ക് രക്ഷയായി ഈ നാട്ടിലെ പതിനായിരങ്ങൾ മുന്നിട്ടിറങ്ങുമ്പോൾ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കൊന്നാകെ നേതൃത്വം നൽകി ചെറുപുഞ്ചിരിയോടെ അദ്ദേഹം ഒാടിനടക്കുകയാണ്. ദുരിതബാധിതർക്ക് കൈത്താങ്ങായി കൂടെ നിൽക്കാൻ തന്നെ പിന്തുണക്കുന്നത് ഈ നാട്ടുകാരുടെ നല്ല മനസ്സാെണന്ന് ഉറക്കെ പറഞ്ഞ്. വെള്ളപ്പൊക്ക കെടുതിയിൽപെട്ട പതിനായിരങ്ങളെ പുനരധിവസിപ്പിച്ചതിനു പിന്നാലെ മറ്റുള്ളവരെ സഹായിക്കാനുള്ള കോഴിക്കോട്ടുകാരുടെ മനസ്സുകണ്ട് കലക്ടറുടെ കണ്ണു നിറഞ്ഞു; വാക്കുകൾ ഇടറി. മാനാഞ്ചിറയിൽ ഒരുക്കിയ കലക്ഷൻ പോയൻറിൽ പ്രതീക്ഷിച്ചതിലും എത്രയോ ഇരട്ടി സഹായം എത്തിയതു കണ്ടാണ് അദ്ദേഹം ആനന്ദക്കണ്ണീരണിഞ്ഞത്. ‘‘രാവിലെ പത്തിനാണ് ഫേസ്ബുക്കിൽ സഹായമാവശ്യപ്പെട്ട് പോസ്റ്റിട്ടത്. ബ്രഡും ബിസ്കറ്റും വെള്ളവും മാത്രമാണ് ആവശ്യപ്പെട്ടത്. വൈകീട്ടാവുമ്പോഴേക്ക് ഒരു ലോഡ് ആകുമെന്നാണ് വിചാരിച്ചത്. രണ്ടു മണിക്കൂറിനുള്ളിൽ നാലു ലോഡിനുള്ള സാധനമെത്തി. കോഴിക്കോട്ടുകാരുടെ നന്മയാണിത്’’ -സ്വരമിടറി കലക്ടറുടെ മിഴികൾ നീരണിഞ്ഞു. ക്യാമ്പുകളിലെ മാനവിക സ്നേഹത്തെക്കുറിച്ച് ഓർക്കുമ്പോഴും കലക്ടർക്ക് നൂറുനാവാണ്. സന്നദ്ധപ്രവർത്തകരും സംഘടനകളുമാണ് ക്യാമ്പുകളുടെ ചെലവ് വഹിക്കുന്നത്. കോഴിക്കോട് മാതൃകയാണ്. പലതിലും എന്നപോലെ...
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.