കൊച്ചി: പങ്കാളിയെ തുടർച്ചയായി അവഗണിക്കുന്നതും അസഹനീയ പെരുമാറ്റവും വിവാഹമോചനത്തിന് മതിയായ കാരണമാണെന്ന് ഹൈകോടതി. ദാമ്പത്യത്തിലെ ക്രൂരതയുടെ പരിധിയിൽ ഇത്തരം കാര്യങ്ങൾ ഉൾപ്പെടും. ദാമ്പത്യത്തിലെ ക്രൂരത എന്നത് കണക്കിലെ കൃത്യതപോലെ നിർവചിക്കാനാകില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് സി. പ്രദീപ്കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. മാവേലിക്കര സ്വദേശിനിയുടെ വിവാഹ മോചന ഹരജി തള്ളിയ ആലപ്പുഴ കുടുംബ കോടതി ഉത്തരവ് റദ്ദാക്കി വിവാഹമോചനം അനുവദിച്ചാണ് ഡിവിഷൻ ബെഞ്ചിന്‍റെ നിരീക്ഷണം.സ്വതന്ത്രമായി ശബ്ദിക്കാൻപോലും കഴിയാത്തവിധം 10 വർഷം ഭർത്താവിനൊപ്പം യുവതി കഴിഞ്ഞത് കണക്കാക്കാതെയുള്ള കുടുംബ കോടതിയുടെ തീരുമാനം തെറ്റായെന്ന് ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.
ഭാര്യയും കുട്ടിയുമുള്ള യുവാവിനൊപ്പം 17ാം വയസ്സിൽ ഒളിച്ചോടി ജീവിതം ആരംഭിച്ചയാളാണ് ഹരജിക്കാരി. ഭാര്യയുമായി വേർപിരിഞ്ഞ യുവാവ് 2005ൽ ഹരജിക്കാരിയെ നിയമപരമായി വിവാഹം ചെയ്തു.
ചെറുപ്രായത്തിൽ തന്നെ വീട്ടുകാരെ ഉപേക്ഷിച്ച് തനിക്കൊപ്പം വന്ന ഹരജിക്കാരിയോട് ഭർത്താവ് കാട്ടിയത് ക്രൂരതയാണെന്ന് ഉത്തരവിൽ പറയുന്നു. കുടുംബസ്ഥനായിരുന്ന തന്നെ ആത്മഹത്യഭീഷണി മുഴക്കി ഹരജിക്കാരി കുടുക്കിയതാണെന്നായിരുന്നു ഭർത്താവിന്‍റെ വാദം. 14 വർഷം മുമ്പ് ഉപേക്ഷിച്ച യുവതിയെയും കുട്ടിയെയും ഇപ്പോൾ സ്വീകരിക്കാൻ തയാറാകുന്നതിൽനിന്ന് ഇയാളുടെ മനോനില ബോധ്യപ്പെടുന്നുണ്ടെന്നും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.