മാത്തൂർ: നാലുപതിറ്റാണ്ട് മുമ്പ് വാഹനാപകടത്തിൽ മരണക്കയത്തിൽനിന്ന് രക്ഷിച്ച നാട്ടുകാരെ കണ്ട് നന്ദി പറയാൻ ആന്ധ്രയിൽനിന്നും ഡോക്ടർ കുടുംബം മാത്തൂരിലെ ചുങ്കമന്ദത്തെത്തി. ഡോക്ടർമാരായ ആന്ധ്രാപ്രദേശ് സ്വദേശികളായ ഡി.ആർ.കെ പ്രസാദും ഭാര്യ പത്മാവതിയുമാണ് വാഹനാപകടത്തിൽ മരണത്തെ മുഖാമുഖം കണ്ട നിമിഷത്തിൽ രക്ഷയുടെ കരങ്ങളുമായെത്തിയ നാട്ടുകാരെ കാണാനെത്തിയത്.
1982ൽ ജോലി അന്വേഷിച്ച് പ്രസാദ് പാലക്കാട്ടെത്തി. പാലക്കാട് കൃഷ്ണ ആശുപത്രിയിൽ ആർ.എം.ഒ ആയി ജോലി ചെയ്തിരുന്ന സുഹൃത്ത് ഡോക്ടർ റാവു എന്ന് നാട്ടുകാർ വിളിക്കുന്ന ഡോ. സൂര്യപ്രകാശിനെ കണ്ട് എവിടെയെങ്കിലും ജോലി തരപ്പെടുത്താൻ ഉദ്ദേശിച്ചായിരുന്നു എത്തിയത്. 10 ദിവസം സുഹൃത്തിനൊപ്പം പാലക്കാട് താമസിച്ചു. മാത്തൂരിലെ ചുങ്കമന്ദത്തിനടുത്ത് ജോലിയുണ്ടെന്നറിഞ്ഞ് ഡോ. സൂര്യപ്രകാശിനൊപ്പം കൃഷ്ണ ആശുപത്രി മാനേജർ രാമകൃഷ്ണന്റെ സ്കൂട്ടറിൽ പ്രസാദ് ചുങ്കമന്ദത്തേക്ക് പുറപ്പെട്ടു.
മാത്തൂർ പല്ലഞ്ചാത്തനൂർ തെരുവത്ത് പള്ളിക്കുസമീപം സ്കൂട്ടർ നിയന്ത്രണംവിട്ട് മലമ്പുഴ കനാൽ പാലത്തിന്റെ ഭിത്തിയിലിടിച്ച് സ്കൂട്ടർ അടക്കം രണ്ടുപേരും കനാലിലേക്ക് വീണു. നാട്ടുകാർ പരിസരത്തെ വീട്ടിലെ കാറെടുത്ത് രണ്ടുപേരേയും പാലക്കാട്ട് ആശുപത്രിയിലെത്തിച്ചു. കാറിന്റെ വാടക പോലും വാങ്ങാതെ നാട്ടുകാർ തിരിച്ചുവന്നു. ഒപ്പം കനാലിൽവീണ സ്കൂട്ടർ ഭദ്രമായി സൂക്ഷിച്ചു. പരിക്ക് ഭേദമായി വന്നപ്പോൾ തിരിച്ചുനൽകി.
ഇത്രയും സ്നേഹവായ്പോടെ പരിചരിച്ച് ജീവൻ രക്ഷിച്ച നാട്ടുകാരെ മാത്തൂരിൽ ചെന്ന് കണ്ട് നന്ദി പറയണമെന്ന ആഗ്രഹം മനസ്സിൽ കൊണ്ടുനടക്കവെ ഡോ. സൂര്യപ്രകാശ് ആന്ധ്രയിലുണ്ടായ വാഹനാപകടത്തിൽ നാലുമാസംമുമ്പ് മരിച്ചു. ഇനിയും താമസിച്ചാൽ നന്ദി പറയാൻ അവസരം കിട്ടിയില്ലെങ്കിലോ എന്നോർത്താണ് ഡോ. പ്രസാദും ഭാര്യ ഡോ. പത്മാവതിയും കഴിഞ്ഞദിവസം മാത്തൂരിലെത്തിയത്.
മാത്തൂർ പഞ്ചായത്ത് പ്രസിഡന്റ് പ്രവിത മുരളീധരൻ, വൈസ് പ്രസിഡന്റ് കെ.ആർ. പ്രസാദ്, ഭരണ സമിതിയംഗങ്ങൾ, പഞ്ചായത്തിലെ ഉദ്യാഗസ്ഥർ, 41 വർഷം മുമ്പ് നടന്ന അപകടത്തിൽ രക്ഷകരായെത്തിയ നാട്ടുകാർ എന്നിവർ ചേർന്ന് സ്വീകരിച്ചു. തിരിച്ചു പോകുമ്പോൾ മാത്തൂരിനോടും ഇവിടുത്തെ ജനങ്ങളോടുള്ള കടപ്പാട് മറക്കാനാവില്ലെന്ന് പറഞ്ഞ് പഞ്ചായത്തിന്റെ വികസന ഫണ്ടിലേക്ക് 50,000 രൂപ പ്രസിഡന്റിനെ ഏൽപ്പിച്ചാണ് പോയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.