മലപ്പുറം: നായുടെ കടിയേറ്റവരുടെ എണ്ണവും പേവിഷബാധ മരണങ്ങളും സംസ്ഥാനത്ത് വർധിക്കുന്നതായി ആരോഗ്യവകുപ്പ് കണക്കുകൾ. 2018 ഏപ്രിൽ മുതൽ 2023 ജൂൺ വരെയുള്ള അഞ്ച് വർഷത്തിനിടെ, സംസ്ഥാനത്ത് നായുടെ കടിയേറ്റ് ഗവ. ആശുപത്രിയിൽ ചികിത്സ തേടിയത് 11,03,926 പേർ. ഏറ്റവും കൂടുതൽ പേർക്ക് കടിയേറ്റത് 2022 ഏപ്രിൽ മുതൽ 2023 മാർച്ച് വരെയുള്ള മാസങ്ങളിൽ. 3,01,263 പേർക്കാണ് ഇക്കാലളവിൽ മാത്രം കടിയേറ്റത്.
2018-19ൽ സംസ്ഥാനത്ത് നായുടെ കടിയേറ്റത് 1,51,326 പേർക്ക്. 2022-23ൽ കടിയേറ്റവരുടെ എണ്ണം 2,30,358 ആയി ഉയർന്നു. 2023 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങളിൽ 84,090 പേർക്ക് കടിയേറ്റതായി രേഖകൾ പറയുന്നു. കടിയേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയവർ വേറെയും വരും.
കഴിഞ്ഞ ഏഴര വർഷത്തിനിടെ പേവിഷബാധയേറ്റ് മരിച്ചത് 90 പേർ. 2016 ജനുവരി മുതൽ 2023 ജൂലൈ വരെയുള്ള കണക്കാണിത്. 2022ലാണ് ഏറ്റവുമധികം മരണം -27.
2023 ജനുവരി മുതൽ ജൂലൈ വരെ മാത്രം 17 പേർ മരിച്ചു. ഇതിൽ 11 മരണങ്ങൾ സ്ഥിരീകരിച്ചതും ആറെണ്ണം പേവിഷബാധ ആകാൻ സാധ്യതയുള്ളതുമാണ്. 2021 മുതൽ പേവിഷബാധ മരണങ്ങൾ വർധിക്കുകയാണെന്ന് ആരോഗ്യവകുപ്പ് രേഖകൾ ചൂണ്ടിക്കാട്ടുന്നു.
നായ്ക്കളുടെ വംശവർധന നിയന്ത്രിക്കുന്നതിനുള്ള എ.ബി.സി (ആനിമൽ ബർത്ത് കൺട്രോൾ) പദ്ധതി എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും നടപ്പാക്കുന്നുണ്ടെന്നാണ് സർക്കാർ അവകാശവാദം. എന്നാൽ, മലപ്പുറം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഒരു വന്ധ്യംകരണ കേന്ദ്രം പോലുമില്ല. ഈ ജില്ലകളിൽ സെന്റർ സ്ഥാപിക്കുന്നതിന് തടസ്സം സ്ഥലം ലഭ്യമല്ലാത്തതാണ്. ചിലയിടങ്ങളിൽ ജനങ്ങളുടെ ശക്തമായ എതിർപ്പുണ്ട്. കണ്ണൂരിൽ ഭിന്നശേഷിക്കാരനായ കുട്ടി തെരുവുനായുടെ കടിയേറ്റ് മരിച്ചതിനുശേഷം സർക്കാർ അൽപം ഉണർന്നെങ്കിലും കാര്യങ്ങൾ മുന്നോട്ടുപോയിട്ടില്ല. തെരുവുനായ്ക്കളുടെ തീവ്ര വാക്സിനേഷൻ യജ്ഞമടക്കം നിരവധി തീരുമാനങ്ങൾ വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനത്തല കോഓഡിനേഷൻ കമ്മിറ്റിയിൽ ഉണ്ടായെങ്കിലും ഒട്ടുമിക്ക ജില്ലകളിലും ഒന്നും പ്രാവർത്തികമായിട്ടില്ല.
മലപ്പുറം: കേന്ദ്ര നിയമത്തിലെ കർശന വ്യവസ്ഥകളാണ് കൂടുതൽ എ.ബി.സി കേന്ദ്രങ്ങൾ സ്ഥാപിക്കാൻ തടസ്സമെന്ന് സംസ്ഥാന സർക്കാർ പറയുന്നു. 2021ൽ നായ്ക്കളെ പിടികൂടുന്നതിൽനിന്ന് ആനിമൽ വെൽഫെയർ ബോർഡ് കുടുംബശ്രീയെ വിലക്കിയിരുന്നു. ശാസ്ത്രീയ പരിശീലനം ലഭിച്ചിട്ടില്ലെന്നാണ് ഒഴിവാക്കാൻ പറഞ്ഞ ന്യായം. ബോർഡിന്റെ അംഗീകാരമുള്ള സംഘടനകളുടെ അഭാവം നിമിത്തം പകരം ആളെ കിട്ടിയതുമില്ല. ഫലത്തിൽ, നിലവിലുള്ള കേന്ദ്രങ്ങളിൽപോലും വന്ധ്യംകരണം ഭാഗികമാണ്. തദ്ദേശഭരണ സ്ഥാപനങ്ങളെ ചുമതലയേൽപ്പിച്ചെങ്കിലും ഒന്നും നടക്കുന്നില്ല.
2022 ഏപ്രിൽ ഒന്നുമുതൽ 2023 മേയ് 31 വരെയുള്ള കാലയളവിൽ സംസ്ഥാനത്ത് വന്ധ്യംകരിക്കപ്പെട്ട നായ്ക്കളുടെ എണ്ണം 18,852 ആണെന്ന് സർക്കാർ പറയുന്നു. മൃഗാശുപത്രികൾ കേന്ദ്രീകരിച്ച് വളർത്തു നായ്ക്കൾക്കുള്ള പേവിഷ പ്രതിരോധ കുത്തിവെപ്പ് മാത്രമാണ് നടക്കുന്നത്. സി.സി.ടി.വി, ഇൻസിനറേറ്റർ ഉൾപ്പെടെയുള്ളവയും ചുരുങ്ങിയത് 200 ശസ്ത്രക്രിയയെങ്കിലും ചെയ്ത ഡോക്ടറും എ.ബി.സി കേന്ദ്രത്തിൽ വേണം. ഇതു പ്രയോഗികമല്ലെന്നും ഇളവുവേണമെന്നുമുള്ള ആവശ്യവുമായി മൃഗസംരക്ഷണ വകുപ്പ് കേന്ദ്രത്തിന് കത്തെഴുതിയെങ്കിലും മറുപടി ലഭിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.