തൃശൂര്‍: വിദ്യാഭ്യാസമന്ത്രിയെ നേരില്‍ കാണാന്‍ ഒരു അധ്യാപികയും വിദ്യാര്‍ഥികളും നെട്ടോട്ടത്തിലാണ്. അവരുടെ ആവശ്യം നിസ്സാരമാണെങ്കിലും ഗൗരവമുള്ളതാണ്. ഗവ. മോഡല്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ മലയാളം അധ്യാപിക ബിലു സി. നാരായണന്‍െറ നേതൃത്വത്തിലാണ് ഒരുകൂട്ടം വിദ്യാര്‍ഥികള്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി മന്ത്രിയെ തേടി അദ്ദേഹത്തിന്‍െറ പരിപാടി സ്ഥലങ്ങളിലേക്ക് പോകുന്നത്. സ്വാശ്രയ പ്രശ്നത്തില്‍ കുടുങ്ങി മന്ത്രി എത്താത്തതിനാല്‍ അവര്‍ക്ക് അദ്ദേഹത്തെ കാണാനായിട്ടില്ല.
സ്കൂളുകളിലെ ഒൗദ്യോഗിക രേഖകളില്‍ രക്ഷകര്‍ത്താക്കളുടെ തൊഴില്‍ കോളത്തില്‍ നാടന്‍ പണിക്കാരെ ‘കൂലി’ എന്ന് എഴുതിച്ചേര്‍ത്തതിന് എതിരെയാണ് ഇവരുടെ പോരാട്ടം. ഹാജര്‍ ബുക്ക് മുതല്‍ ഇങ്ങനെ രേഖപ്പെടുത്തുന്നത് ഒഴിവാക്കണമെന്നാണ് ആവശ്യം. സ്ഥിരമല്ലാത്ത, ദിവസ അടിസ്ഥാനത്തിലുള്ള കായികാധ്വാനമുള്ള സാധാരണ തൊഴിലുകളാണ് കൂലിപ്പണി. വേതനത്തിന്‍െറ അര്‍ഥം വരുന്ന കൂലി എന്ന പദം ഉപയോഗിക്കുന്നത് അനീതിയുമാണെന്നാണ് ഇവരുടെ വാദം.
കോളനിവത്കൃത കാലഘട്ടത്തിലാണ് ഇത്തരം പദങ്ങള്‍ ഉപയോഗിച്ചിരുന്നത്. അത് ഇപ്പോഴും തുടരുകയാണ്. വിദ്യാലയങ്ങളില്‍ മാത്രമല്ല റേഷന്‍ കാര്‍ഡുകളിലും തൊഴിലിന്‍െറ കോളത്തില്‍ കൂലി എന്നാണ് എഴുതുന്നത്.
ഈ അധ്യയനവര്‍ഷാരംഭത്തിലാണ് ഇക്കാര്യം അധ്യാപികയുടെ ശ്രദ്ധയില്‍പെട്ടത്. പ്രിന്‍സിപ്പല്‍ എ.സി. ജയലക്ഷ്മിയും മറ്റ് അധ്യാപകരും വിദ്യാര്‍ഥികളും പൂര്‍ണ പിന്തുണ നല്‍കിയതോടെ പ്രശ്നം വിദ്യാഭ്യാസ വകുപ്പിന്‍െറയും മന്ത്രിയുടെയും ശ്രദ്ധയില്‍ കൊണ്ടുവരാനായി ശ്രമം.
സര്‍ക്കാര്‍ വിജ്ഞാപനം ഉണ്ടായാല്‍ മാത്രമേ തെറ്റ് തിരുത്താനാകൂ എന്ന തിരിച്ചറിവില്‍ സ്കൂളിലെ 120ഓളം വിദ്യാര്‍ഥികള്‍ ഒപ്പുവെച്ച നിവേദനം വിദ്യാഭ്യാസ മന്ത്രിക്ക് ഓണ്‍ലൈനിലൂടെ നല്‍കി. കൂലി എന്ന വാക്കിനുപകരം ദിവസ വരുമാനത്തൊഴില്‍, വിവിധ തൊഴില്‍, അല്ളെങ്കില്‍ കര്‍ഷകത്തൊഴിലാളി എന്നോ ഉപയോഗിക്കണമെന്നാണ് നിര്‍ദേശം.
ആവശ്യമായ നടപടികള്‍ എടുക്കാമെന്ന് അദ്ദേഹത്തിന്‍െറ ഓഫിസില്‍നിന്ന് ഉറപ്പ് ലഭിച്ചിട്ടുമുണ്ട്. ഇക്കാര്യം നേരിട്ട് പറയുന്നതിനാണ് മന്ത്രിയെ തേടി അധ്യാപികയും കുട്ടികളും അലയുന്നത്. അടുത്ത അധ്യയനവര്‍ഷമെങ്കിലും ഇതിന് മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അധ്യാപികയും കുട്ടികളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.