ഉന്നത വിദ്യാഭ്യാസരംഗത്തെ 'ചില പ്രശ്നങ്ങൾ' കാര്യമാക്കേണ്ടതില്ല -പിണറായി വിജയൻ

കോട്ടയം: ഉന്നത വിദ്യാഭ്യാസ മേഖലയിലടക്കം കേരളത്തിന്‍റെ വളർച്ച തടയാൻ ആർക്കും കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉന്നത വിദ്യാഭ്യാസ മേഖലയെക്കുറിച്ച് പറയുമ്പോൾ ചില ചിന്തകൾ നിങ്ങളുടെ മനസ്സിലുണ്ടാകും. അതൊന്നും കാര്യമാക്കേണ്ടതില്ല. ഇത്തരം 'ചില പ്രശ്നങ്ങൾ' മറികടന്ന് ഉന്നത വിദ്യാഭ്യാസരംഗം കൂടുതൽ ശക്തിപ്പെടുത്തും. രാജ്യത്തിന് പുറത്തുനിന്ന് കുട്ടികൾ പഠിക്കാൻ വരുന്ന നാടാക്കി കേരളത്തെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. കേരള കർഷകസംഘം സംസ്ഥാന സമ്മേളന സമാപനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.

വിദേശയാത്രയിൽ സംസ്ഥാനത്തിന് ഗുണകരമായി നിരവധി കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു. വിദേശയാത്രയെപ്പറ്റി കൂടുതൽ കൂടുതൽ പറയുന്നത് ഒന്നും മറച്ച് വെക്കാനില്ലാത്തതുകൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനം കൂടുതൽ വികസിക്കണം. ഇതിനുള്ള നടപടികളുമായാണ് സർക്കാർ മുന്നോട്ടുപോകുന്നത്. നിർഭാഗ്യവശാൽ ചുരുക്കം ചിലർ അങ്ങനെയൊരു അവസ്ഥ ഇപ്പോൾ വേണ്ടെന്നാണ് പറയുന്നത്. ഇപ്പോഴല്ലെങ്കിൽ എപ്പോഴാണെന്ന ചോദ്യത്തിന് ഇവർക്ക് മറുപടിയുമില്ല. ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള നീക്കങ്ങൾ രാജ്യത്ത് ശക്തമാണ്.

ഹിന്ദി അടിച്ചേൽപിക്കാനുള്ള ശ്രമം ഇതിന്‍റെ തുടർച്ചയാണ്. ഹിന്ദിക്ക് എതിരല്ല, സംസ്ഥാനത്തെ സ്കൂളുകളിൽ ഹിന്ദി പഠിപ്പിക്കുന്നുണ്ട്. അത് തുടരും. എന്നാൽ, അടിച്ചേൽപിക്കുന്നത് അംഗീകരിക്കനാവില്ല. കേന്ദ്രം ഇതിൽനിന്ന് പിന്മാറണമെന്നും അദ്ദേഹം പറഞ്ഞു. കർഷകസംഘം സംസ്ഥാന പ്രസിഡന്‍റ് എം. വിജയകുമാർ അധ്യക്ഷത വഹിച്ചു. കിസാൻ സഭ ദേശീയ നേതാക്കളായ ഹന്നൻ മുള്ള, ഡോ. അശോക് ധാവ്ലെ, എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ, മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, വി.എൻ. വാസവൻ, മുതിർന്ന നേതാവ് വൈക്കം വിശ്വൻ, ഡോ. വിജു കൃഷ്ണൻ, പി. കൃഷ്ണപ്രസാദ് എന്നിവർ പങ്കെടുത്തു.

പൊതുസമ്മേളനത്തിനുശേഷം മടങ്ങിയ മുഖ്യമന്ത്രിക്കുനേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടി. കോവിഡ് കാലത്ത് പി.പി.ഇ കിറ്റ് അടക്കം വാങ്ങിയതിൽ അഴിമതിയുണ്ടെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.

Tags:    
News Summary - Don't care about 'some problems' in higher education - Pinarayi Vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.