തിരുവനന്തപുരം: വിവാദ സിനിമ കേരള സ്റ്റോറിയിലൂടെ മുസ്‌ലിംകളെ മാത്രമാണ് സംഘ് പരിവാർ ലക്ഷ്യമിടുന്നതെന്ന് കരുതരുതെന്നും, അവർ ലക്ഷ്യമിടുന്നത് എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളെയുമാണെന്ന് മറക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
ഒരു വിഭാഗത്തെ മറ്റൊരു വിഭാഗത്തിനെതിരെ തിരിച്ചുവിട്ട് തങ്ങളുടെ ഉദ്ദേശകാര്യങ്ങൾ നേടാൻ ശ്രമം നടത്തുമെന്നും ആ കെണിയിൽ വീഴാതിരിക്കുകയാണ് വേണ്ടത്. അത് ആർ.എസ്.എസിന്‍റെ, സംഘ്പരിവാറിന്‍റെ അജണ്ടയാണ്. ആ അജണ്ടയുടെ ഭാഗമായി മാറാതിരിക്കണം -മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിൽ എവിടെയാണ് ഇത്തരത്തിലുള്ള കാര്യങ്ങൾ സംഭവിച്ചിരിക്കുന്നത്. പച്ചനുണ ഒരു നാടിനെ അപകീർത്തിപ്പെടുത്താൻ ഭാവനയിൽ കാര്യങ്ങൾ സൃഷ്ടിച്ച് അവതരിപ്പിക്കുകയാണ് ഉണ്ടായിട്ടുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, കേരളത്തെക്കുറിച്ച് വിദ്വേഷം പ്രചരിപ്പിക്കുന്ന ‘കേരള സ്റ്റോറി’ എന്ന സിനിമ ദൂരദർശൻ പ്രദർശിപ്പിച്ചതോടെയാണ് വീണ്ടും വിവാദം ആരംഭിച്ചത്. തുടർന്ന് ഇടുക്കി രൂപതയിലെ പള്ളികളിൽ സിനിമ പ്രദർശിപ്പിച്ചു. സിനിമ പ്രദർശിപ്പിക്കുമെന്ന് താമരശ്ശേരി രൂപതയും അറിയിച്ചിരിക്കുയാണ്.
രൂപതയിലെ മുഴുവൻ കെ.സി.വൈ.എം യൂനിറ്റുകളിലും ശനിയാഴ്ചയാണ് സിനിമ പ്രദർശിപ്പിക്കുക. ‘കേരള സ്റ്റോറി’ നിരോധിച്ചിട്ടില്ലെന്നും സിനിമ പ്രദർശിപ്പിച്ച ഇടുക്കി രൂപതക്ക് അഭിനന്ദനങ്ങളെന്നും കെ.സി.വൈ.എം-എസ്.എം.വൈ.എം താമരശ്ശേരി യൂനിറ്റ് പുറത്തിറക്കിയ പോസ്റ്ററിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.