കോഴിക്കോട്: ഇ.ഡിയെന്ന ഉമ്മാക്കി കാട്ടി ഇടതുപക്ഷത്തെ പേടിപ്പിക്കാൻ ഒരു പ്രധാനമന്ത്രിയും ആയിട്ടില്ലെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കോഴിക്കോട് എൽ.ഡി.എഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പല കോർപ്പറേറ്റ് കമ്പനികളെയും ആദ്യം ഇഡി പോയി കണ്ട് കേസെടുത്തു. പിന്നാലെ അവർ പോയി ബി.ജെ.പി നേതാക്കളുടെ കാൽക്കൽ സാഷ്ടാംഗം വീണ് ബോണ്ട് എടുത്തു. അപ്പോൾ ഇ.ഡി കേസ് ആവിയായി. പേടിപ്പിച്ചാൽ ഇളകിപ്പോകുന്നവരല്ല കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനവും ഇടതുപക്ഷ സർക്കാരും. ആ ഭീഷണി കോൺഗ്രസുകാരോട് മതിയെന്നും തങ്ങളോട് വേണ്ടെന്നും റിയാസ് പറഞ്ഞു.
ഇ.ഡി ഒന്ന് നോക്കിയാൽ പേടിക്കുന്നവരായി കോൺഗ്രസ് മാറി. മടിയിൽ കനമുള്ളവരാണ് അവർ. കേരളത്തിലെ എൽ.ഡി.എഫ് സർക്കാരിനെ അസ്ഥിരപ്പെടുത്തി കളയാൻ പ്രധാനമന്ത്രിയും കൂട്ടരും ഇ.ഡിയെ ഇറക്കുന്നുണ്ടല്ലോ. അത് ഇവിടെ നടക്കില്ല. സി.പി.എമ്മിന്‍റെ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ പി.കെ ബിജുവിനെ ഒരു കാര്യവുമില്ലാതെ ഇ.ഡി വിളിച്ചു. രാവിലെ മുതൽ രാത്രി വരെ വെറുതെ ഇരുത്തിച്ചു. അതാണ് ഇ.ഡിയുടെ പണി.
ചിരുകണ്ടനും മടത്തിൽ അമ്പുവുമൊക്കെ തൂക്കുമരത്തിൽ കയറുമ്പോള്‍ അയ്യോ എന്ന് നിലവിളിക്കുകയായിരുന്നില്ല, ഇൻക്വിലാബ് സിന്ദാബാദ് വിളിക്കുകയായിരുന്നു. കയ്യൂർ, കരിവള്ളൂർ സമര പോരാളികളുടെ പിൻമുറക്കാരാണ് ഇടതുപക്ഷക്കാരെന്നും മന്ത്രി പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.