കൊല്ലം നഗരസഭയുടെ വാതിൽപ്പടി സേവനം: മൂന്ന് ലാപ്ടോപ്പിൽ ഒതുങ്ങിയെന്ന് റിപ്പോർട്ട്

കോഴിക്കോട് : കൊല്ലം നഗരസഭയുടെ വാതിൽപ്പടി സേവന പദ്ധതി മൂന്ന് ലാപ്ടോപ്പ് വാങ്ങിയതിൽ അവസാനിച്ചുവെന്ന് ഓഡിറ്റ് റിപ്പോർട്ട്. സംസ്ഥാന സർക്കാരിന്റെ സാമൂഹിക പ്രതിബദ്ധത ഉറപ്പാക്കുന്ന പദ്ധതിയാണ് നഗരസഭയുടെ നടത്തിപ്പിലെ അലംഭാവം മൂലമാണ്  പാതിവഴിയിലായതെന്നും റിപ്പോർട്ട് പറയുന്നു.

പ്രായാധിക്യം, ഗുരുതര രോഗം, അതിദാരിദ്ര്യം തുടങ്ങി പലവിധ കാരണങ്ങളാൽ അവശത അനുഭവിക്കുന്നവരുടെയും അറിവില്ലായ്മയും മറ്റു നിസഹായാവസ്ഥകളും മൂലം സർക്കാർ സേവനങ്ങൾ കൃത്യമായി ലഭിക്കാതിരിക്കുന്ന ജനവിഭാഗങ്ങൾക്കും വേണ്ടി ആവിഷ്കരിച്ച പദ്ധതിയാണ് വാതിൽപ്പടി സേവനം.  ഈ ജനവിഭാഗങ്ങളുടെ അടുത്തേക്ക് സേവനങ്ങൾ കൂടുതൽ സുഗമവും കാര്യക്ഷമവും സമയബന്ധിതവുമായി എത്തിച്ചേരേണ്ടതിന്റെ ആവശ്യകത പരിഗണിച്ചാണ് സന്നദ്ധസേവന ദാതാക്കളുടെ സഹായത്തോടെ പദ്ധതി നടപ്പാക്കാൻ നഗരസഭ തീരുമാനമെടുത്തത്.

പദ്ധതി നടപ്പിലാക്കുന്നതിനു മാർഗ നിർദേശങ്ങൾ 2021 മെയ് 31ലെ സർക്കാർ ഉത്തരവിലൂടെ പുറത്തിറക്കിയിരുന്നു. 2021-22 വാർഷിക പദ്ധതിയിൽ നടപ്പാക്കുന്നതിനുവേണ്ടി അഞ്ചു ലക്ഷം രൂപ നഗരസഭ വകയിരുത്തി. പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി കൊല്ലം നഗരസഭയിലെ 55 ഡിവിഷനുകളിൽ സേവനദാതാക്കളെ നിശ്ചയിക്കുകയും അവർക്ക് കില മുഖാന്തിരം പരിശീലനവും നൽകി. പദ്ധതി നടത്തിപ്പിന് നഗരസഭാതല നിരീക്ഷണ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തുവെന്ന് ഇതു സംബന്ധിച്ച് ഹാജരാക്കിയ ഫയലുകൾ വ്യക്തമാക്കുന്നു.

പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി 2021- 22 ൽ വകയിരുത്തിയ അഞ്ച് ലക്ഷം രൂപയിൽ നിന്നും 2,21,990 രൂപക്ക് 2022 മാർച്ചിൽ മൂന്ന് ലാപ്ടോപ്പുകൾ വാങ്ങി. എന്നാൽ, ഒമ്പത് മാസം കഴിഞ്ഞിട്ടും ലാപ്ടോപ്പുകൾ പ്രവർത്തന ക്ഷമമാക്കി ഉപയോഗിക്കുവാൻ സാധിച്ചിട്ടില്ല. നഗരസഭയിലെ 55 വാർഡുകളിൽ നിന്നും വാതിൽപ്പടി സേവനം ആവശ്യമുള്ളവരെ നാളിതുവരെ കണ്ടെത്തുവാൻ സാധിക്കാത്തതിനാൽ സർക്കാർ ഉത്തരവിറങ്ങി ഒന്നര വർഷത്തിനുശേഷവും കൊല്ലം നഗരസഭയിൽ വാതിൽപ്പടി സേവനം അർഹരായ അശരണർക്ക് നൽകുവാൻ സാധിച്ചിട്ടില്ല.

പദ്ധതി എന്നാരംഭിക്കുവാൻ സാധിക്കുമെന്നു ഉറപ്പാക്കാതെ ലാപ് ടോപ്പ് വാങ്ങിയതുമൂലം അവ പ്രവർത്തനക്ഷമമാകാതെതന്നെ നിർമാണ കമ്പനി നൽകുന്ന ഒരു വർഷം വാറണ്ടി നഷ്ടപ്പെടുവാൻ ഇടയാക്കി. ഈ പദ്ധതി നടത്തിപ്പിൽ നഗരസഭക്ക് വീഴ്ച സംഭവിച്ചുവെന്നാണ് റിപ്പോർട്ട്.


Tags:    
News Summary - Doorstep service of Kollam Municipal Corporation: Report limited to previous laptop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.