തിരുവനന്തപുരം നഗരം ചുറ്റിക്കാണാൻ ഡബിൾ ഡെക്കർ ഓപ്പൺ ഡെക്ക് ബസ്; മന്ത്രി റിയാസ് നാളെ ഫ്ലാഗ് ഓഫ് ചെയ്യും

തിരുവനന്തപുരം: നഗരം ചുറ്റിക്കാണാൻ കെ.എസ്.ആർ.ടി.സി ഡബിൾ ഡെക്കർ ഓപ്പൺ ഡെക്ക് ബസ് നാളെ നിരത്തിലേക്ക്. വൻ നഗരങ്ങളിലും വിദേശരാജ്യങ്ങളിലും ഉള്ളതുപോലെ ഇരുനില ബസിലെ മുകൾ ഭാഗത്തെ മേൽക്കൂര ഒഴിവാക്കിയ ഡബിൾ ഡെക്കർ ഓപ്പൺ ഡെക്ക് ബസ് കേരളത്തിൽ തന്നെ ആദ്യത്തേതാണ്. നാളെ വൈകീട്ട് 6.45 ന് പൊതു മരാമത്ത്-വിനോദ സഞ്ചാര വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് ഫ്ളാഗ് ഓഫ് ചെയ്യും. കിഴക്കേകോട്ട ഗാന്ധി പാർക്കിൽ ചടങ്ങിന് ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു അധ്യക്ഷത വഹിക്കും.

കുറഞ്ഞ കാലം കൊണ്ട് തന്നെ വിനോദ സഞ്ചാരികള്‍ക്കിടയില്‍ പ്രചാരം നേടിയ കെ.എസ്.ആര്‍.ടി.സി ബഡ്ജറ്റ് ടൂര്‍സ് ആണ് തിരുവനന്തപുരം നഗരം സന്ദര്‍ശിക്കുന്ന സഞ്ചാരികള്‍ക്ക് നഗരം ചുറ്റികാണുന്നതിന് ഈ സൗകര്യം ഒരുക്കുന്നത്. വിനോദ സഞ്ചാരികൾക്ക് നഗരത്തിന്റെ സായാഹ്ന, രാത്രി കാഴ്ചകൾ കാണുന്നതിന് സൗകര്യപ്രദമായ രീതിയാണ് ബസിനുള്ളിലെ സീറ്റുകൾ ക്രമീകരിച്ചിരിക്കുന്നത്.

പത്മനാഭസ്വാമി ക്ഷേത്രം, സെക്രട്ടേറിയറ്റ്, നിയമസഭ, മ്യൂസിയം, കനകക്കുന്ന് കൊട്ടാരം, വെള്ളയമ്പലം, കോവളം, ലുലുമാൾ റൂട്ടിലാണ് സർവ്വീസ് നടത്തുന്നത്. വൈകുന്നേരം അഞ്ച് മണി മുതല്‍ 10 മണിവരെ നീണ്ടു നില്‍ക്കുന്ന നൈറ്റ് സിറ്റി റൈഡും രാവിലെ ഒമ്പത് മണി മുതല്‍ നാലുമണി വരെ നീണ്ടുനില്‍ക്കുന്ന ഡേ സിറ്റി റൈഡുമാണ് നടത്താന്‍ ഉദ്ദേശിക്കുന്നത്. രണ്ട് സർവീസിലും 250 രൂപയാണ് ടിക്കറ്റ്‌ നിരക്കായി നിശ്ചയിച്ചിരിക്കുന്നത്. പ്രാരംഭ ആനുകൂല്യം എന്ന നിലയ്ക്ക് 200 രൂപ നല്‍കിയാല്‍ മതിയാകും.

യാത്രക്കാര്‍ക്ക് വെൽകം ഡ്രിങ്ക്സ്, സ്നാക്സ് എന്നിവയും ലഭിക്കും. ഡേ-നൈറ്റ് റൈഡ് ടിക്കറ്റ് ഒരുമിച്ച് എടുക്കുന്നവര്‍ക്ക് പ്രാരംഭ ഓഫര്‍ എന്ന നിലയ്ക്ക് ഒരു ദിവസം 350 രൂപ നല്‍കിയാല്‍ മതിയാകും. കെ.എസ്.ആര്‍.ടി.സിയുടെ ഈ നൂതന സംരംഭം വിനോദ സഞ്ചാര മേഖലയ്ക്ക് ഒരു മുതല്‍ക്കൂട്ടാകും എന്നാണ് കരുതുന്നത്.

Tags:    
News Summary - Double decker open deck bus to go around Thiruvananthapuram; Minister Riyas will be flagged off tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.