ആലപ്പുഴ: 15 വർഷം മുമ്പ് കാണാതായ ശ്രീകലയെ (കല) കൊലപ്പെടുത്തിയ കേസിൽ അന്വേഷണം വേഗത്തിലാക്കി പൊലീസ് സംഘം. ഇസ്രായേലിൽ കഴിയുന്ന ഒന്നാം പ്രതിയും ശ്രീകലയുടെ ഭർത്താവുമായ അനിലിനെ രണ്ടു ദിവസത്തിനകം നാട്ടിലെത്തിക്കുമെന്നാണ് വിവരം. ഇതിനുള്ള നടപടികൾ അന്വേഷണസംഘം തുടങ്ങി.
15 വർഷം മുമ്പ് നടന്ന സംഭവത്തിന്‍റെ ചുരുളഴിയാൻ കൂടുതൽ അന്വേഷണം നടത്താനാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. കസ്റ്റഡിയിലുള്ള പ്രതികളുമായി അന്വേഷണ സംഘം ഇന്ന് തെളിവെടുപ്പ് നടത്തും. യുവതിയെ കൊണ്ടുപോയ കാറും ആയുധവും കണ്ടെത്തുന്നതിന്‍റെ ഭാഗമായാണിത്. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന സംശയവുമുണ്ട്.
അതിനിടെ, ഭർതൃവീട്ടിലെ സെപ്റ്റിക് ടാങ്കിൽ നിന്ന് കിട്ടിയ മുടി, മുടിപ്പിൻ, ടാഗ്, മാലയെന്ന് തോന്നിക്കുന്ന വസ്തു എന്നിവ ഫോറൻസിക് പരിശോധനക്ക് അയച്ചിട്ടുണ്ട്. എന്നാൽ, കേസിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കൽ പൊലീസിന് വലിയ വെല്ലുവിളിയാണെന്ന് ഫോറൻസിക് വിദഗ്ധ ഡോ. ഷേർളി വാസു പറഞ്ഞു. ജൈവമാലിന്യ ടാങ്കിൽ 15 വർഷം എല്ലുകൾ ശേഷിക്കാൻ സാധ്യതയില്ല. കുഴിച്ചിട്ട മൃതദേഹം പോലെയല്ല ടാങ്കിലിട്ട ശരീരമെന്നും എല്ലുകൾ നശിക്കുമെന്നും ഷേർളി വാസു വ്യക്തമാക്കി.
അതേസമയം, ശ്രീകലയെ എങ്ങനെയാണ് കൊന്നതെന്നും എവിടെയാണ് കുഴിച്ചുമൂടിയതെന്നുമുള്ള കാര്യങ്ങൾ എഫ്.ഐ.ആറിൽ പറയുന്നില്ല. ശ്രീകലയുടെ തിരോധാനവുമായി ബന്ധപ്പെട്ട് മറ്റൊരു എഫ്.ഐ.ആറും രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രതികളെ വിശദമായി ചോദ്യം ചെയ്തിരുന്നു.
15 വർഷം മുമ്പ് കാണാതായ ശ്രീകലയെ (കല) കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അനിലിന്‍റെ ബന്ധുക്കളായ മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു. അനിലിന്‍റെ സഹോദരീഭർത്താവ് ചെന്നിത്തല തൃപ്പെരുന്തുറ ഇരമത്തൂർ കണ്ണമ്പള്ളിൽ കെ.ആർ. സോമരാജൻ (56), ബന്ധുക്കളായ ഇരമത്തൂർ കണ്ണമ്പള്ളിൽ കെ.സി. പ്രമോദ് (40), ഇരമത്തൂർ ജിനുഭവനം ജിനു ഗോപി (48) എന്നിവരെയാണ് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്.
2009ലാണ് കേസിനാസ്പദമായ സംഭവം. വിനോദയാത്രയാണെന്ന് പറഞ്ഞ് ശ്രീകലയെ അനിൽ എറണാകുളത്തേക്ക് വിളിച്ചു വരുത്തിയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ബന്ധുക്കളായ പ്രതികളെയും കൂട്ടി മാന്നാറിന് സമീപത്തെ വലിയ പെരുമ്പുഴ പാലത്തിൽവെച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം മാരുതി കാറിൽ കൊണ്ടുപോയി മറവുചെയ്ത് തെളിവുകൾ നശിപ്പിച്ചു.
ശ്രീകലയെ അനിൽകുമാർ കൊലപ്പെടുത്തിയത് അവർക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിന്‍റെ പേരിലാണെന്നാണ് പൊലീസിന്‍റെ നിഗമനം. പ്രതികളുടെ കുറ്റസമ്മതമൊഴിലൂടെയാണ് കൊലപാതകമെന്ന് സ്ഥിരീകരിച്ചത്. അനിലാണ് ഒന്നാംപ്രതി. ബന്ധുക്കളും സുഹൃത്തുക്കളുമായ ജിനു, സോമരാജൻ, പ്രമോദ് എന്നിവരാണ് മറ്റ് പ്രതികൾ. ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.