തിരുവനന്തപുരം: ഇന്ത്യയിൽ ജനാധിപത്യം നിലനിൽക്കുന്നുണ്ടോ എന്ന് സംശയിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ബി.ജെ.പി ഭരണത്തിൽ ജനം ഭയപ്പാടിലാണ് കഴിയുന്നതെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നെയ്യാറ്റിൻകരയിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനമുന്നയിച്ചത്.
രാജ്യത്തെ വലിയൊരു വിഭാഗം ആളുകൾ ഭീതിയിലാണ്. തലമുറകളായി ഇവിടെ ജീവിച്ചുവന്നരാണ് ഇനിയിവിടെ ജീവിക്കാനാകുമോ എന്ന് ചിന്തിക്കുന്നത്. മതനിരപേക്ഷതക്ക് പേരു കേട്ട രാജ്യമായിരുന്നു നമ്മുടേത്. എന്നാൽ ഇപ്പോൾ യു.എൻ അടക്കമുള്ളവ നമ്മുടെ രാജ്യത്തെ വിമർശിക്കുകയാണ്. മോദി സർക്കാർ രാജ്യത്തെ തകർക്കാൻ നീക്കം നടത്തുകയാണ്. അതിനു മുന്നിൽ നിസ്സംഗത പാടില്ലെന്ന് ജനം തിരിച്ചറിഞ്ഞിട്ടുണ്ട്. നമ്മുടെ രാജ്യത്ത് മതനിരപേക്ഷത സംരക്ഷിക്കപ്പെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിൽ ബി.ജെ.പിക്ക് വിജയിക്കാനുള്ള സാഹചര്യമില്ല. ഇവിടത്തെ ജനങ്ങൾ നേരത്തേ തന്നെ ബി.ജെ.പിയെ തിരസ്കരിച്ചതാണ്. രാജ്യത്തിന്റെ ഐക്യവും ഒരുമയും അപകടപ്പെടുകയാണ്. അങ്ങേയറ്റം അപകടകരമായ ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. ഈ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പരാജയപ്പെടുത്തുക എന്നതാണ് ജനങ്ങളുടെ വികാരം. എന്നാൽ തങ്ങളെ തോൽപിക്കാൻ സാധിക്കില്ലെന്ന ആത്മവിശ്വാസത്തിലാണ് ബി.ജെ.പി. അടിയന്തരാവസ്ഥ കഴിഞ്ഞ് 1977ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായ അതേ തിരിച്ചടി ഇത്തവണ ബി.ജെ.പിക്ക് തെരഞ്ഞെടുപ്പിൽ ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.