രാഷ്ട്രീയമല്ലാതെ മറ്റൊരു തൊഴിലുമെടുക്കാത്ത നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാർ.... -ശ്രദ്ധേയമായി ഡോ. ബിജുവിന്‍റെ കുറിപ്പ്

യൂറോപ്യൻ രാജ്യമായ എസ്റ്റോണിയയിൽ താൻ അദ്ഭുതപ്പെട്ടുപോയ ഒരനുഭവത്തെക്കുറിച്ച് എഴുതുകയാണ് സംവിധായകൻ ഡോ. ബിജു. താലിൻ ചലച്ചിത്ര മേളയിൽ പങ്കെടുക്കുന്നതിനിടയിലെ അനുഭവമാണ് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. നിർമാതാവ് രാധിക ലാവുവിനും നടൻ ടൊവീനോക്കും സുഹൃത്തുക്കൾക്കുമൊപ്പം ട്രക്കിങ്ങിനായി കാട്ടിലേക്ക് പോകാൻ വിളിച്ച ടാക്സി ഡ്രൈവറുമായി നടത്തിയ സംഭാഷണമാണ് ഡോ. ബിജു വിവരിക്കുന്നത്.

ടാക്സി ഡ്രൈവറെ പരിചയപ്പെട്ടപ്പോൾ എസ്റ്റോണിയയിലെ പ്രധാന നഗരമായ കെയ്‌ലാ സിറ്റിയിൽ 10 വർഷം തുടർച്ചയായി മേയർ ആയിരുന്നയാളാണെന്ന് മനസ്സിലായി. രാഷ്ട്രീയത്തിൽ തുടരാതിരുന്നത് എന്തുകൊണ്ടെന്ന് ചോദിച്ചെന്നും, കൂടുതൽ കള്ളം പറയാൻ വയ്യാതിരുന്നത് കൊണ്ട് എന്നായിരുന്നു ടിറ്റ് മയെ എന്ന 65കാരന്‍റെ മറുപടിയെന്നും അദ്ദേഹം കുറിക്കുന്നു.

നാട്ടിലെ രാഷ്ട്രീയത്തെക്കുറിച്ച് ഓർത്തുപോയെന്നും, രാഷ്ട്രീയം ഒരു മുഴുവൻ സമയ തൊഴിലും വരുമാനവും ആക്കി സ്വീകരിച്ച ആളുകളെ ആണല്ലോ നമ്മൾ കണ്ടു ശീലിച്ചിട്ടുള്ളതെന്നും അദ്ദേഹം പറയുന്നു.

ഡോ. ബിജുവിന്‍റെ ഫേസ്ബുക്ക് കുറിപ്പ്:

താലിൻ ചലച്ചിത്ര മേളയിൽ പങ്കെടുക്കുന്നതിനിടയിൽ ഒരു ദിവസം ഒരു കാട്ടിലേക്ക് ട്രക്കിങ് പോകുവാൻ ഞങ്ങൾ തീരുമാനിച്ചു . താലിനിലെ മലയാളി സുഹൃത്തുക്കൾ ആയ നവീൻ രാജും ഹാരിസും കൂടി ആണ് ആ സ്ഥലം നിർദേശിച്ചത് . ഒരു മണിക്കൂർ ടാക്സിയിൽ പോയാൽ എത്താവുന്ന ഒരു കാട് . ടോവിനോയും നിർമാതാവ് രാധിക ലാവുവും , ലിഡിയ ടോവിനോയും,ഫിൻലാന്റിൽ നിന്നും എത്തിയ ടോവിനോയുടെ മലയാളി സുഹൃത്തുക്കൾ അനുരാജും ടെറിയും , ദുബായിൽ നിന്നും എത്തിയ ടോവിയുടെ സുഹൃത്ത് ജമാദും ഉൾപ്പെട്ട സംഘം . താലിനിൽ നിന്നും ഒരു വലിയ ടാക്സി കൂടെ എടുത്താണ് അവിടേക്ക് പോയത് . മൈനസ് ആറു ഡിഗ്രി തണുപ്പിൽ ഒരു മണിക്കൂർ യാത്ര ചെയ്ത ശേഷം മഞ്ഞു നിറഞ്ഞ കാട്ടിലൂടെ ഏതാണ്ട് രണ്ടു മണിക്കൂർ ട്രക്കിങ് . യാത്രയ്ക്കിടെ ഞങ്ങൾ പോയ ടാക്സിയുടെ ഡ്രൈവറുമായി ഞാൻ കുറെ സംസാരിച്ചു . ടിറ്റ് മയെ (Tiit Mae ) എന്നാണ് പുള്ളിയുടെ പേര് . 65 വയസ് . എസ്റ്റോണിയയിലെ മറ്റൊരു പ്രധാന നഗരമായ കെയ്‌ലാ (Keila ) സിറ്റിയിൽ 10 വർഷം തുടർച്ചയായി മേയർ ആയിരുന്നു പുള്ളി . പത്തു വർഷം മേയർ ആയിരുന്നതിന് ശേഷം പെൻഷൻ തുക സമാഹരിച്ചും ബാങ്ക് വായ്‌പ എടുത്തും പുള്ളി ഒരു ടാക്സി വാങ്ങി . ശനിയും ഞായറും ടൂറിസ്റ്റുകൾക്കായി ടാക്സി ഓടുന്നു . മറ്റുള്ള ദിവസങ്ങളിൽ വിശ്രമ ജീവിതം . പത്തു വർഷം സിറ്റി മേയർ ആയിരുന്ന ഒരാൾ രാഷ്ട്രീയത്തിൽ തുടരാതെ ടാക്സി ഡ്രൈവറായി ജീവിക്കുന്നതിൽ അത്ഭുതം തോന്നിയ ഞാൻ എന്തുകൊണ്ടാണ് രാഷ്ട്രീയത്തിൽ തുടരാത്തത് എന്ന് ചോദിച്ചു . എനിക്ക് കൂടുതൽ കള്ളം പറയാൻ വയ്യാതിരുന്നത് കൊണ്ട് എന്ന് മറുപടി ...

നമ്മുടെ നാട്ടിലെ രാഷ്ട്രീയവുമായി ഞാൻ വെറുതെ ഒന്ന് ഓർത്തു നോക്കി . ജീവിതകാലം മുഴുവൻ രാഷ്ട്രീയവുമായി നടക്കുന്ന ആളുകൾ . ഈ കാലമത്രയും രാഷ്ട്രീയമല്ലാതെ മറ്റൊരു തൊഴിലും എടുക്കാത്തവർ ..രാഷ്ട്രീയം ഒരു മുഴുവൻ സമയ തൊഴിലും വരുമാനവും ആക്കി സ്വീകരിച്ച ആളുകളെ ആണല്ലോ നമ്മൾ കണ്ടു ശീലിച്ചിട്ടുള്ളത് .എസ്റ്റോണിയയിൽ പ്രസിഡന്റോ പ്രധാനമന്ത്രിയോ പോലും സാധാരണ മനുഷ്യന്മാരെ പോലെയാണ് ജീവിക്കുന്നത് . ആളുകളെ പേടിപ്പെടുത്തി ഓടിക്കുന്ന സുരക്ഷാ സന്നാഹങ്ങളും പോലീസും ഇല്ലാതെ ,പൊതു ഗതാഗതം ഉൾപ്പെടെ ഉള്ള സംവിധാനങ്ങളിൽ യാത്ര ചെയ്യുന്ന രാഷ്ട്രീയക്കാർ . (എസ്റ്റോണിയയുടെ പ്രെസിഡന്റ്‌ താലിൻ ചലച്ചിത്ര മേളയുടെ സമാപന ചടങ്ങിൽ ഒരു പുരസ്കാരം പ്രഖ്യാപിക്കാൻ മാത്രമായി എത്തിയിരുന്നു . രണ്ടു മിനിറ്റ് നീണ്ട ഒരു പുരസ്‌കാര ദാനം . പ്രസംഗം പോലുമില്ലാതെ ....നമ്മുടെ ഒക്കെ മേളകളിൽ ഉദ്ഘാടന സമാപന ചടങ്ങുകളിൽ മന്ത്രിമാരുടെയും ജന പ്രതിനിധികളുടെയും ബാഹുല്യവും പ്രസംഗവും ഓർത്തു നോക്കൂ)

രാഷ്ട്രീയം മാത്രമല്ല ഇവിടെ ഒക്കെ ഭരണാധികാരികളുടെ തൊഴിൽ . അല്ലെങ്കിൽ രാഷ്ട്രീയത്തെ അവർ ഒരു തൊഴിലായി എടുക്കാറില്ല . അവരൊക്കെയും രാഷ്ട്രീയം കഴിഞ്ഞാൽ ജീവിക്കാനും വരുമാനത്തിനുമായി മറ്റു തൊഴിലുകൾ ചെയ്യുന്നവർ ആണ് . ഞാൻ സഞ്ചരിച്ച ഒട്ടേറെ യൂറോപ്യൻ രാജ്യങ്ങളിൽ രാഷ്ട്രീയവും രാഷ്ട്രീയക്കാരും ഈനിലയിൽ വ്യത്യസ്തത കണ്ടിട്ടുണ്ട് . ടിറ്റ് മയെ യെ പോലെ പത്തു വർഷം മേയർ ആയാലും അത് കഴിഞ്ഞാൽ സ്വന്തമായി ജോലി ചെയ്തു ജീവിക്കുന്ന നിരവധി രാഷ്ട്രീയക്കാർ ഉള്ള സ്ഥലങ്ങൾ....

Tags:    
News Summary - Dr Biju fb psot about kerala politicians

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.