തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്കാസഭയുടെ തിരുവനന്തപുരം മേജര്‍ അതിരൂപതാംഗമായ മോണ്‍. ഡോ. ജോർജ് പനംതുണ്ടിലിനെ ആര്‍ച്ച് ബിഷപ് പദവിയില്‍ ഖസാക്കിസ്താനിലെ അപ്പസ്തോലിക് നൂന്‍ഷ്യോയായി (വത്തിക്കാന്‍ അംബാസിഡര്‍) ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ഇതുസംബന്ധിച്ച വിവരം വെള്ളിയാഴ്ച പട്ടം മേജര്‍ ആര്‍ച്ച് ബിഷപ്സ് ഹൗസ് ചാപ്പലില്‍ മേജര്‍ ആര്‍ച്ച് ബിഷപ് കർദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ അറിയിച്ചു.
സൈപ്രസിലെ വത്തിക്കാന്‍ കാര്യാലയത്തിലെ ചാർജ് ഡി അഫേഴ്സ് ആയി സേവനമനുഷ്ഠിച്ചു വരികെയാണ് അദ്ദേഹത്തിന്‍റെ ഈ പുതിയ നിയമനം. മോണ്‍. ജോർജ് പനംതുണ്ടിലിന്‍റെ മെത്രാഭിഷേക ശുശ്രൂഷകള്‍ സെപ്റ്റംബര്‍ ഒമ്പതിന് റോമില്‍ നടത്തും. അതിന് മുന്നോടിയായി അദ്ദേഹത്തെ റമ്പാന്‍ സ്ഥാനത്തേക്ക് ഉയര്‍ത്തുന്ന ശുശ്രൂഷകള്‍ തിരുവനന്തപുരത്ത് നടക്കും.
മാര്‍ ഇവാനിയോസ് കോളജിലെ മുന്‍ അധ്യാപകന്‍ പനംതുണ്ടില്‍ ഡോ. പി.വി. ജോർജിന്‍റെയും മേരിക്കുട്ടിയുടെയും മകനായി 1972ല്‍ തിരുവനന്തപുരത്താണ് ജനനം. സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം 1987ല്‍ തിരുവനന്തപുരം അതിരൂപതയുടെ സെന്‍റ് അലോഷ്യസ് മൈനര്‍ സെമിനാരിയില്‍ വൈദിക പരിശീലനത്തിനായി ചേര്‍ന്നു. തിരുവനന്തപുരം സെന്‍റ് മേരീസ് മലങ്കര മേജര്‍ സെമിനാരിയില്‍നിന്ന് തത്ത്വശാസ്ത്ര, ദൈവശാസ്ത്ര പഠനങ്ങള്‍ പൂര്‍ത്തിയാക്കി, 1998ല്‍ ആര്‍ച്ച് ബിഷപ് സിറില്‍ മാര്‍ ബസേലിയോസ് മെത്രാപ്പോലീത്തായില്‍നിന്ന് വൈദികപട്ടം സ്വീകരിച്ചു.
2003ല്‍ റോമിലെ പൊന്തിഫിക്കല്‍ ഓറിയന്‍റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് കാനന്‍ നിയമത്തില്‍ ബിരുദാനന്തര ബിരുദം നേടി. 2005-2009 കാലത്ത് കോസ്റ്ററിക്കയില്‍ സാന്‍ജോസില്‍ വിവിധ സന്യസ്ത സഭകളില്‍ പ്രവര്‍ത്തിച്ചു. 2008ല്‍ മാര്‍പ്പാപ്പയുടെ ചാപ്ലൈനായും 2019ല്‍ പ്രിലേറ്റുമായി. 2009-2012 ൽ ഗ്വിനിയയിലെ മിഷണറീസ് ഓഫ് ചാരിറ്റി സന്യസ്ത സഭയിലും 2012-2016 ല്‍ ബാഗ്ദാദിലെ അമേരിക്കല്‍ എംബസിയില്‍ അമേരിക്കന്‍ മിലിറ്ററി ക്യാമ്പിലും വൈദിക ശുശ്രൂഷ നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.