1976ൽ കൊല്ലത്ത് നിന്നുള്ള മേഴ്സി എന്ന 10 വയസ്സുകാരിക്കാണ് ഡോ. എം.എസ്. വല്യത്താൻ ശ്രീചിത്രയിൽ ആദ്യ ശസ്ത്രക്രിയ നടത്തിയത്. കേരളത്തിലെ തന്നെ ആദ്യത്തെ ഓപണ്‍ ഹാര്‍ട്ട് സര്ജറിയിലൊന്നായ അതിന് അനസ്തേഷ്യ നല്കിയ ഡോ. കെ. മോഹന്‍ദാസ് പിൽകാലത്ത് ശ്രീചിത്രയുടെ ഡയറക്ടറായി. പിന്നീട് പ്രതിവര്‍ഷം 600 മുതല്‍ 700 വരെ ഓപണ്‍ ഹാര്‍ട്ട് സര്‍ജറികള്‍.
ശസ്ത്രക്രിയക്കൊപ്പം കൃത്രിമ ഹൃദയവാൽവ് വികസിപ്പിക്കുക എന്ന ദൗത്യമായിരുന്നു വല്യത്താന് മുന്നിലുണ്ടായിരുന്നത്. പൂജപ്പുരയിൽ ആരംഭിച്ച സബ്സെൻററിലാണ് ഇതിനുള്ള ഗവേഷണങ്ങളും തുടർന്ന് വാൽവ് നിർമാണവും ആരംഭിച്ചത്. അക്കാലത്ത് വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത ഹൃദയവാൽവാണ് ഇന്ത്യയില്‍ ഉപയോഗിച്ചിരുന്നത്. ഹൃദയവാൽവിന് പ്രശ്നമുള്ള 400 ഓളം രോഗികള്‍ അന്ന് പ്രതിമാസം ശ്രീചിത്രയില്‍ എത്തിയിരുന്നു.
പന്നിയുടെ ഹൃദയവാൽവ് സംസ്കരിച്ചാണ് വിദേശത്ത് കൃത്രിമമായി ഉപയോഗിച്ചിരുന്നത്. 100 പന്നിയെ കൊന്നാല്‍ ആരോഗ്യമുള്ള 20 വാൽവുകള്‍ ലഭിക്കുമെന്നതായിരുന്നു അവസ്ഥ. കേരളത്തില്‍ പന്നികളുടെ ലഭ്യതക്കുറവും, കിട്ടിയാല്‍ തന്നെ സംസ്കരിക്കാനുള്ള സംവിധാനം ഇല്ലാത്തതും പ്രതിസന്ധിയായി. തുടര്‍ന്നാണ് പൂര്‍ണമായും കൃത്രിമവാൽവ് നിര്‍മിക്കാനുള്ള ശ്രമം അദ്ദേഹം ആരംഭിച്ചത്.
ഒരുദിവസം ഹൃദയരക്തം പമ്പ് ചെയ്യാന്‍ ഒരുലക്ഷം പ്രാവശ്യം വാൽവ് തുറക്കുകയും അടയ്ക്കുകയും വേണം. ഒരുകൃത്രിമ വാൽവിന് കുറഞ്ഞത് 10 കൊല്ലം ആയുസ്സുണ്ടാകണം. അതായത് 36 കോടി തവണ പിഴ കൂടാതെ വാൽവ് തുറക്കുകയും അടയ്ക്കുകയും വേണം. അതിന് സങ്കീര്‍ണമായ എൻജിനീയറിങ് വിദ്യവേണം. പുറമെ കൃത്രിമവാൽവ് ഒരു മൃഗത്തില്‍ ഘടിപ്പിച്ച് പരീക്ഷിക്കുകയും വേണം.
1982 ലാണ് വാൽവ് വികസിപ്പിക്കാനുള്ള ശ്രമം ശ്രീചിത്രയില്‍ ആരംഭിച്ചത്. ആദ്യത്തെ മൂന്ന് മോഡലും പരാജയപ്പെട്ടു. കോയമ്പത്തൂരില്നിന്നെത്തിച്ച ആടുകളിലായിരുന്നു അവ പരീക്ഷിച്ചത്. അവ മൂന്നുമാസമെങ്കിലും ജീവിച്ചിരിക്കണം. എന്നാല്‍, പരീക്ഷണത്തിന് പിന്നാലെ അവ ദയനീയമായി ചത്തു. വിജയിച്ച നാലാമത്തെ വാൽവാണ് ‘ശ്രീചിത്ര ടി.ടി.കെ വാൽവ്’ എന്ന പേരില്‍ ഇപ്പോള്‍ വിപണിയിലുള്ളത്. ശ്രീചിത്രയില്‍ അദ്ദേഹം വികസിപ്പിച്ച കൃത്രിമ ഹൃദയവാൽവ് ഇന്ന് ഒന്നരലക്ഷത്തിലേറെ ഹൃദയങ്ങളില്‍ ജീവന്റെ മിടിപ്പേകുന്നു.
എൻഡോമയോ കാർഡിയോ ഫൈബ്രോസിസ് എന്ന ഹൃദയത്തിലെ മസിലുകൾ ഫൈബറുകളാകുന്ന രോഗത്തെക്കുറിച്ച് ഇപ്പോൾ കേരളത്തിൽ കേൾക്കാനില്ല. ഒരുകാലത്ത് കേരളത്തിൽ അനേകം പേരുടെ ജീവനെടുത്ത ഈ ഹൃദ്രോഗത്തെ നാടുകടത്തിയത് ഡോ. എം.എസ്. വല്യത്താന്റെ നേതൃത്വത്തിലുള്ള വൈദ്യശാസ്ത്ര സംഘമാണ്.
1990 ലാണ് ശ്രീചിത്രയില്‍ മനുഷ്യശരീരത്തില്‍ ആദ്യത്തെ കൃത്രിമ ഹൃദയവാൽവ് ഘടിപ്പിക്കുന്നത്. തൃശൂര്‍ എരുമപ്പെട്ടി വെള്ളറക്കാട് കോട്ടമേല് ഹൗസില്‍ 38 കാരനായ കെ.ഡി. മുരളീധരനായിരന്നു ആദ്യത്തെ വാൽവ് ഘടിപ്പിച്ചത്. 1990 ഡിസംബര്‍ ആറിനായിരുന്നു ശസ്ത്രക്രിയ. പിന്നീട് ഓരോ ദിവസവും രാവിലെ ഡോ. വല്യത്താനെ വിളിച്ച് താന്‍ ജീവിച്ചിരിക്കുന്ന വിവരം അറിയിച്ചു വന്നിരുന്നു. ആ വിവരം അറിയിക്കാന്‍ ഇനി അദ്ദേഹമില്ല.
ഹൃദയവാൽവ് ഘടിപ്പിക്കുന്നതിന് മുന്നോടിയായി മെഡിക്കല്‍ എത്തിക്സ് കമ്മിറ്റിയുടെ അനുവാദം തേടണം. ആദ്യ ഹൃദയവൽവ് ശസ്ത്രക്രിയക്ക് ജസ്റ്റിസ് സുകുമാരന്‍ അധ്യക്ഷനായ എത്തിക്സ് കമ്മിറ്റിയാണ് അനുവാദം നൽകിയത്. ഇന്ത്യയിലെ അഞ്ച് മെഡിക്കല്‍ കോളജുകളില്‍ ഈ വാൽവ് ഉപയോഗിക്കാന്‍ കമ്മിറ്റി അനുവാദം നല്കി. രണ്ടുവര്‍ഷത്തിനുള്ളില്‍ 250 ലേറെ വാൽവ്മാറ്റ ശസ്ത്രക്രിയ നടന്നതിനെക്കുറിച്ച് ലോകപ്രസിദ്ധ മെഡിക്കല്‍ ജേണലുകളില്‍ പഠനങ്ങള്‍ വന്നു. അങ്ങനെ ശ്രീചിത്ര വാൽവിന് ഉറപ്പും വിശ്വാസ്യതയും ഏറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.