ഡോ. ഷഹനയുടെ ആത്മഹത്യ: പ്രതി റുവൈസിന്‍റെ പിതാവ് ഒളിവിൽ; കണ്ടെത്താൻ അന്വേഷണം ഊർജിതം

തിരുവനന്തപുരം: ഡോ. ഷഹനയുടെ ആത്മഹത്യ കേസിലെ പ്രതി ഡോ. റുവൈസിന്‍റെ പിതാവ് ഒളിവിൽ. കേസിൽ പിതാവിനെ ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം വീട്ടിലെത്തിയപ്പോൾ ആരും ഉണ്ടായിരുന്നില്ല. റുവൈസിന്‍റെ പിതാവിനെ വൈകാതെ തന്നെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്. ഷഹനയുടെയും റുവൈസിന്‍റെയും സുഹൃത്തുകളുടെ മൊഴിയും മെഡിക്കൽ കോളജ് പൊലീസ് രേഖപ്പെടുത്തും.

ഡോ. ഷഹനയുടെ ആത്മഹത്യ കുറിപ്പിൽ പ്രതി റുവൈസിനും കുടുംബാംഗങ്ങൾക്കും എതിരെ പരാമർശനമുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. ‘സ്തീധന മോഹം കാരണം ഇന്ന് എന്റെ ജീവിതമാണ് അവസാനിപ്പിക്കുന്നത്... വിവാഹ വാഗ്ദാനം നൽകി എന്റെ ജീവിതം നശിപ്പിക്കുക എന്നതായിരുന്നു അവന്റെ ഉദ്ദേശ്യം. ഒന്നരക്കിലോ സ്വർണവും ഏക്കറുകണക്കിനു വസ്തുവും ചോദിച്ചാൽ കൊടുക്കാൻ എന്റെ വീട്ടുകാരുടെ കൈയിൽ ഇല്ലെന്നുള്ളത് സത്യമാണ്...’ -ഷഹനയുടെ ഈ പരാമർശങ്ങൾ ആത്മഹത്യകുറിപ്പിലുള്ളതായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്.

കൂടാതെ, റുവൈസിന്റെ ഫോണിലേക്ക് ഷഹന ഈ സന്ദേശങ്ങൾ അയച്ചിരുന്നു. എന്നാൽ, റുവൈസ് ആ സന്ദേശങ്ങൾ ഡിലീറ്റ് ചെയ്തു. അത് കുറ്റകൃത്യത്തിന്റെ തെളിവാണ്. ആത്മഹത്യകുറിപ്പിലെ പരാമർശങ്ങൾക്ക് സമാനമായി ഷഹനയുടെ മാതാവും സഹോദരിയും മറ്റ് ബന്ധുക്കളും മൊഴി നൽകിയിട്ടുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

മെഡിക്കൽ കോളജ് സർജറി വിഭാഗം പി.ജി വിദ്യാർഥിനി ഷഹനയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡോ. റുവൈസിനെ ഡിസംബർ 21 വരെ റിമാൻഡിൽവിട്ടു. റുവൈസിനെതിരെ ഐ.പി.സി 306 (ആത്മഹത്യ പ്രേരണ), സ്ത്രീധന നിരോധന നിയമം നാലാംവകുപ്പ് എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.

ഉയർന്ന സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടർന്ന് ഉറപ്പിച്ച വിവാഹം മുടങ്ങിയതിലുള്ള വിഷമത്തിലാണ് സഹോദരി ആത്മഹത്യ ചെയ്തതെന്ന് സഹോദരൻ ജാസിം നാസ് പൊലീസിൽ പരാതി നൽകിയിരുന്നു.

Tags:    
News Summary - Dr. Shahana's suicide: accused Ruwais's father is absconding; The police said that they will be questioned soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.