ഡോ. തോമസ് നെറ്റോ, ഡോ. സൂസൈപാക്യം

സൂസൈപാക്യം വിരമിക്കൽ പ്രഖ്യാപിച്ചു; ഡോ. തോമസ് നെറ്റോ പുതിയ ആർച്ച് ബിഷപ്പ്

തിരുവനന്തപുരം: ലത്തീൻ കത്തോലിക്ക സഭ തിരുവനന്തപുരം അതിരൂപത ആർച്ച് ബിഷപ്പ് ഡോ. സൂസൈപാക്യം വിരമിക്കൽ പ്രഖ്യാപിച്ചു. പാളയം സെന്‍റ് ജോസഫ്സ് കത്തീഡ്രൽ ദേവാലയത്തിലെ ചടങ്ങിലാണ് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. പുതിയ ആർച്ച് ബിഷപ്പ് ആയി ഡോ. തോമസ് നെറ്റോയുടെ പേര് ചടങ്ങിൽ സൂസൈപാക്യം പ്രഖ്യാപിച്ചു.

76കാരനായ സൂസൈപാക്യം 32 വർഷം പദവി വഹിച്ച ശേഷമാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. ശാരീരിക അവശതകളെ തുടർന്ന് പദവി ഒഴിയാൻ സൂസൈപാക്യം നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

ആഗ്രഹിച്ചതിന്‍റെ അംശം പോലും നിറവേറ്റാൻ തനിക്ക് കഴിഞ്ഞിട്ടില്ലെന്നും പ്രതീക്ഷകൾക്കൊത്ത് ഉയരാൻ സാധിച്ചില്ലെന്ന് എളിമയോടെ അംഗീകരിക്കുന്നുവെന്നും സൂസൈപാക്യം ചടങ്ങിൽ പറഞ്ഞു. ഒരാൾ വിമരിക്കുമ്പോൾ ഇല്ലാത്തത് ഉണ്ടാക്കി പറയുന്ന പതിവുണ്ടെന്നും അത് ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പരിമിത കഴിവുള്ള സാധാരണക്കാരനാണ് താൻ. അസാധാരണമായി ഒന്നും ചെയ്തിട്ടില്ല. എല്ലാവരുടെയും കൂട്ടായ പ്രവർത്തനത്തിന്‍റെ ഫലമാണ് നേട്ടങ്ങൾ. ചെയ്യാത്ത കാര്യങ്ങളുടെ ഭാണ്ഡക്കെട്ടും പേറി ശിഷ്ടകാലം കഴിയാൻ ഇടവരുത്തരുതേ എന്നാണ് അപേക്ഷ. 32 കൊല്ലം സഹകരിച്ച, വിമർശിച്ച എല്ലാവരെയും സ്നേഹത്തോടെ ഓർക്കുന്നുവെന്നും സുസൈപാക്യം പറഞ്ഞു.

പുതിയ ആർച്ച് ബിഷപ്പ് ആയി ഡോ. തോമസ് നെറ്റോയുടെ പേര് ഫെബ്രുവരി രണ്ടിന് ഉച്ചക്ക് ശേഷം നാലരയോടെ റോമിൽ വിളംബരം ചെയ്യും. അതേസമയത്ത് തിരുവനന്തപുരത്തും വിളംബരം നടക്കും. 

Tags:    
News Summary - Dr. Susaipakyam announces Retirement; Dr. Thomas Neto is the new Archbishop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.