കൊച്ചി: കുഞ്ഞുന്നാളിൽ ടാങ്കർ ലോറി ഡ്രൈവറായ അപ്പച്ചനൊരു കമ്പനിക്കായി ലോറിയിൽ ഒപ്പമിരുന്ന് ദൂെരദിക്കുകളിലേക്ക് പുറപ്പെട്ടൊരു നാലാംക്ലാസുകാരിയുണ്ടായിരുന്നു തൃശൂരിൽ. സംസാരപ്രിയനായ അപ്പച്ചനോട് വാതോരാതെ വിശേഷങ്ങൾ പങ്കുവെക്കുന്നതിനിടെ അവൾ തങ്ങൾ സഞ്ചരിക്കുന്ന ടാങ്കർ ലോറിയെക്കുറിച്ചും മറ്റും സംശയങ്ങൾ ചോദിച്ചറിയും. വളർന്ന് വലുതായപ്പോൾ അവൾപോലുമറിയാതെ അപ്പച്ചൻ ഓടിക്കുന്ന ലോറിയോട് പ്രണയമായി. പിന്നത്തെ കാഴ്ച ലോറിയുടെ വളയം ആ വെളുത്തുമെലിഞ്ഞ കൈകൾ തിരിക്കുന്നതായിരുന്നു. ഇവൾ ഡെലീഷ്യ ഡേവിസ്. ടാങ്കർ ലോറിയോടിച്ച് അടുത്തിടെ സമൂഹമാധ്യമങ്ങളിലൂടെ താരമായ 23കാരി.
തൃശൂർ കണ്ടശ്ശാംകടവ് നോർത്ത് കാരമുക്ക് പി.വി. ഡേവിസിെൻറയും ട്രീസയുടെയും രണ്ടാമത്തെ മകളാണ് ഡെലീഷ്യ. കഴിഞ്ഞ ലോക്ഡൗൺ മുതൽ സ്ഥിരമായി തൃശൂരിലെ വീട്ടിൽനിന്ന് ലോറിയുമെടുത്ത് അപ്പച്ചനൊപ്പം കൊച്ചി ഇരുമ്പനത്തെ എച്ച്.പി.സി.എല്ലിൽനിന്ന് ഇന്ധനം നിറച്ച് മലപ്പുറം തിരൂരിലുള്ള പെട്രോൾ പമ്പിലെത്തിച്ച് വീട്ടിൽ മടങ്ങുന്നതാണ് ഡെലീഷ്യയുടെ ജീവിതം. വീട്ടിലുള്ള ടുവീലറും പഴയ അംബാസഡർ കാറുമെല്ലാം ഓടിച്ചാണ് സ്റ്റിയറിങ്ങിെൻറയും ക്ലച്ചിെൻറയുമെല്ലാം ലോകത്തേക്ക് അവളെത്തുന്നത്. 18ാം വയസ്സിൽ ലൈറ്റ് വെഹിക്കിൾ, 20ാം വയസ്സിൽ ഹെവി െവഹിക്കിൾ ലൈസൻസുകൾ നേടി, പെൺകുട്ടികൾ കടന്നുവരാത്ത ടാങ്കർലോറി ഡ്രൈവിങ്ങിലേക്ക് അവൾ യാത്ര തുടങ്ങി.
തുടക്കത്തിൽ കാലിവണ്ടിയുമായി തിരക്കുകുറഞ്ഞതും സുഗമവുമായ റോഡുകളിലൂെടയായിരുന്നു യാത്ര. ഡ്രൈവിങ് ക്ലച്ച് പിടിക്കാൻ സഹായിച്ചത് രാത്രിയിലെ പഠനമാണ്. തുടക്കത്തിൽ ബുദ്ധിമുട്ടിയെങ്കിലും പതിയെ പതിയെ അവൾ അസ്സലൊരു ലോറിക്കാരിയായി. ഇതിനിടെ, തൃശൂർ പി.ജി സെൻററിൽനിന്ന് എം.കോം ഫിനാൻസ് പൂർത്തിയാക്കി.
സ്ഥിരമായി ഓടിക്കാൻ തുടങ്ങിയിട്ട് ഒന്നരവർഷത്തോളമായിട്ടും വളരെ കുറച്ചുപേരാണ് ഡ്രൈവിങ് സീറ്റിലിരിക്കുന്ന ഡെലീഷ്യയെ ശ്രദ്ധിക്കാറുള്ളത്. ശ്രദ്ധയിൽപെട്ടാൽ എല്ലാവരും ലൈസൻസുണ്ടോയെന്ന് ആദ്യം ചോദിക്കുമെന്ന് അവൾ പറയുന്നു. ബൈക്കുകളിലും മറ്റും പയ്യന്മാർ വണ്ടിക്ക് വട്ടം വെച്ച്, ലൈസൻസുണ്ടോയെന്ന് ചോദിക്കാറുണ്ട്. ലൈസൻസ് കാണിച്ചുകൊടുത്താൽ പലരും കൗതുകത്തോടെ അഭിനന്ദിക്കും.
പുലർച്ച രണ്ടുമണിക്കൊക്കെയാണ് വണ്ടിയുമെടുത്തിറങ്ങുന്നത്. എട്ടുമണിക്ക് കമ്പനി തുറക്കുമ്പോൾതന്നെ ഇന്ധനം നിറച്ച് പമ്പിലേക്ക്, അവിടെയെത്തുമ്പോൾ ഒരുമണിയാവും, ഇതെല്ലാംകൂടി 300 കിലോമീറ്റർ വരും. ലോഡിറക്കിക്കഴിഞ്ഞാൽ വീണ്ടും രണ്ടു മണിക്കൂറുണ്ട് വീട്ടിലേക്ക്. ഇപ്പോൾ ആഴ്ചയിൽ ഒന്നോ രണ്ടോ വട്ടം പോയാൽ മതി. 42 വർഷമായി ഈ രംഗത്തുള്ള അപ്പച്ചെൻറ സർവ പിന്തുണയും ഡെലീഷ്യക്കുണ്ട്. ദുബൈയിൽ നഴ്സായ ശ്രുതി, ലാബ് ടെക്നീഷനായ സൗമ്യ എന്നിവരാണ് സഹോദരങ്ങൾ. സർക്കാർ വകുപ്പിൽ ഡ്രൈവറാകണം, വോൾവോ ബസ് ലൈസൻസ് എടുക്കണം തുടങ്ങിയവയാണ് െഡലീഷ്യയുടെ ആഗ്രഹങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.