തിരുവനന്തപുരം: മഴക്കാലത്തെ റോഡപകടങ്ങൾ ഒഴിവാക്കുന്നതിന് ഡ്രൈവിങ് സുരക്ഷിതത്വത്തിനും മാർഗനിർദേശങ്ങളുമായി മോട്ടോർ വാഹന വകുപ്പ്. മഴയുള്ള സമയങ്ങളിൽ റോഡിൽ വാഹനം തെന്നിനീങ്ങുന്ന ജലപാളീകെണിയാണ് (ഹൈഡ്രോപ്ലെനിങ്) അപകടങ്ങൾക്കുള്ള പ്രധാന കാരണം. വെള്ളം കെട്ടി നിൽക്കുന്ന റോഡിൽ വാഹനം ഓടിക്കുമ്പോൾ ടയറിന്റെ പമ്പിങ് ആക്ഷൻ മൂലം ടയറിന് താഴെ വെള്ളത്തിന്റെ ഒരു പാളി രൂപപ്പെടും. സാധാരണ ഗതിയിൽ ടയർ റോഡിൽ സ്പർശിക്കുന്നിടത്തെ ജലം ടയറിന്റെ ത്രെഡിന്റെ സഹായത്തോടെ ചാലുകളിൽ കൂടി പമ്പ് ചെയ്ത് കളഞ്ഞ്, ടയറും റോഡും തമ്മിലുള്ള ബന്ധം നിലനിർത്തും.
എന്നാൽ ടയറിന്റെ വേഗം കൂടുന്തോറും പുറന്തള്ളാൻ കഴിയുന്ന അളവിനേക്കാൾ കൂടുതൽ വെള്ളം ടയറിനും റോഡിനും ഇടയിലേക്കെത്തും. ഇത് മൂലം ടയറും റോഡും തമ്മിലുള്ള ബന്ധം നഷ്ടപ്പെടുന്നത് മൂലമുണ്ടാകുന്ന അപകടകരമായ പ്രതിഭാസമാണ് ഹൈഡ്രോപ്ലെയിനിങ്. വേഗം കുറക്കുകയാണ് ഈ ‘ജലപാളീ കെണി’യിൽ നിന്ന് രക്ഷപ്പെടാനുള്ള പ്രധാന പോംവഴി വെള്ളക്കെട്ടുള്ളപ്പോൾ അതിന് മുകളിലൂടെ വേഗത്തിൽ വാഹനം ഓടിക്കരുതെന്ന് മോട്ടോർ വാഹന വകുപ്പ് നിർദേശിക്കുന്നു. മറ്റ് വാഹനങ്ങളിൽനിന്ന് അകലം പാലിച്ച് ഓടിക്കണം. മഴക്കാലത്ത് മുന്നിലെ വാഹനത്തിെന്റ് ബ്രേക്ക് ലൈറ്റ് പ്രവർത്തിക്കണമെന്നുമില്ല. വെള്ളം കവിഞ്ഞൊഴുകുന്ന പാലങ്ങളിലൂടെയൊ റോഡിലൂടെയോ വാഹനമോടിക്കരുത്. തീർത്തും ഒഴിവാക്കാൻ കഴിയാത്ത സാഹചര്യത്തിൽ വെള്ളക്കെട്ടിലൂടെ പോകേണ്ടിവരുമ്പോൾ ഫസ്റ്റ് ഗിയറിൽ മാത്രം ഓടിക്കണമെന്നും മോട്ടോർ വാഹനവകുപ്പ് നിഷ്കർഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.