തൊടുപുഴ: വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ റോഡ് ഷോയിൽ പതാക ഒഴിവാക്കിയത് സി.പി.എമ്മിനോട് ചെയ്ത സൗജന്യമാണെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. തൊടുപുഴ ഗാന്ധി സ്ക്വയറിൽ യു.ഡി.എഫ് മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വയനാട്ടിൽ കോൺഗ്രസിന്‍റെ കൊടിക്കൊപ്പം ലീഗിന്‍റെ കൊടി കൂട്ടിക്കെട്ടിയില്ല എന്ന് നോക്കി മുഖ്യമന്ത്രി പിണറായി വിജയൻ വിഷമിക്കേണ്ട കാര്യമില്ല. വയനാട് കടന്ന് തൊട്ടപ്പുറത്ത് ഗുഡല്ലൂരെത്തുമ്പോൾ കോൺഗ്രസിന്‍റെയും ലീഗിന്‍റെയും കൊടിക്കൊപ്പം കൂട്ടിക്കെട്ടിയ സി.പി.എമ്മിന്‍റെയും കൊടി കാണാം. അതുകൊണ്ടാണ് രാഹുൽ ഗാന്ധിയുടെ റോഡ്ഷോയിൽ കൊടി ഉയർത്താതിരുന്നതെന്നും അത് സി.പി.എമ്മിനോട് കാണിച്ച സൗജന്യമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
രാജ്യത്തിന്‍റെ പല ഭാഗത്തും സി.പി.എമ്മിന് ഒറ്റക്ക് കൊടിയുയർത്താൻ കഴിയാത്ത അവസ്ഥയാണ്. ബംഗാളിലും തമിഴ്നാട്ടിലും കോൺഗ്രസിന്‍റെ കൊടിയോടൊപ്പമേ സി.പി.എമ്മിനും കൊടിയുയർത്താൻ കഴിയൂ. അതുകൊണ്ട് കൊടിയുടെ രാഷ്ട്രീയം പറഞ്ഞ് ആളുകളെ ഭിന്നിപ്പിക്കാൻ പിണറായി വിജയൻ ശ്രമിക്കേണ്ടെന്നും കൊടി കൂട്ടിക്കെട്ടിയാലും ഇല്ലെങ്കിലും യു.ഡി.എഫ് ഒറ്റക്കെട്ടാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പി.ജെ. ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.