കൊല്ലം: ഞായറാഴ്ച രാത്രി കൊല്ലം ബീച്ചിൽ തിരയിൽ കാണാതായ യുവദമ്പതികളെ കണ്ടെത്താനായില്ല. കൊട്ടിയം പറക്കുളം കല് ലുവിളവീട്ടിൽ സുനിൽ (23), ശാന്തിനി (19) എന്നിവരെയാണ് കാണാതായത്.
തീരദേശപൊലീസും മറൈൻ എൻഫോഴ്സ്മെൻറും സംയുക്തമായി ആരംഭിച്ച തിരച്ചിൽ ഇന്നലെയും തുടർന്നു. കലക്ടർ എസ്. കാർത്തികേയൻ ബീച്ചിലെത്തി സ്ഥിതി വിലയിരുത്തി. ഉച്ചക്ക് 12.30 ഓടെ അതിർത്തിരക്ഷാസേനയും തിരച്ചിലിൽ പങ്കാളിയായി. 14 നോട്ടിക്കൽ മൈൽ വരെയുള്ള ഭാഗത്താണ് സംയുക്ത തിരച്ചിൽ. മത്സ്യത്തൊഴിലാളികളുടെ സഹകരണവും തേടിയിട്ടുണ്ട്.
അഞ്ചുമാസം മുമ്പാണ് സുനിലും ശാന്തിനിയും വിവാഹിതരായത്. പ്രണയവിവാഹമായിരുന്നു. പെരുമണിൽ സുനിലിെൻറ സഹോദരൻ അനിൽകുമാറിെൻറ ഭാര്യാബന്ധുവിെൻറ വിവാഹത്തിൽ പങ്കെടുക്കാൻ ഇരുവരും പോയിരുന്നു. വൈകീട്ട് മങ്ങാടുള്ള വീട്ടിൽ വിരുന്നുസൽക്കാരത്തിലും പങ്കെടുത്തു.
മടങ്ങിവരുമ്പോഴാണ് ബന്ധുക്കൾക്കൊപ്പം ബീച്ചിലെത്തിയത്. കാൽതെറ്റി തിരയിലകപ്പെട്ട ശാന്തിനിയെ രക്ഷിക്കാൻ മുന്നോട്ടാഞ്ഞ സുനിലും തിരയിലകപ്പെടുകയായിരുന്നു. ഒപ്പം വന്നവർക്ക് നിലവിളിക്കാനേ കഴിഞ്ഞുള്ളൂ. മത്സ്യത്തൊഴിലാളികൾ തിരച്ചിൽ തുടങ്ങിയെങ്കിലും കണ്ടെത്താനായില്ല. കൊട്ടിയം പുല്ലാങ്കുഴി പരേതനായ ഗോപാലെൻറയും ഇന്ദിരയുടെയും മകനാണ് സുനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.