ഗോവിന്ദാപുരം: അതിർത്തിയിലെ ഊടുവഴികളിലൂടെ ലഹരിക്കൊപ്പം ക്വാറി ഉൽപന്നങ്ങളും കേരളത്തിലെത്തുന്നത് വർധിച്ചു. പരിശോധന പ്രഹസനം. മീനാക്ഷിപുരം, ഗോവിന്ദാപുരം, ചെമ്മണാമ്പതി പ്രദേശങ്ങൾക്കിടയിലെ ഊടുവഴികളിലൂടെ ലഹരികടത്തുന്നത് തുടരുന്നതിനിടെയാണ് കഴിഞ്ഞ രണ്ടാഴ്ചയായി തമിഴ്നാട്ടിൽനിന്ന് നൂറിലധികം ടിപ്പറുകളും ടോറസ് ലോറികളിലുമായി കരിങ്കല്ലുകൾ ഊടുവഴികളിലൂടെ കേരളത്തിലെത്തുന്നത്. തമിഴ്നാട്ടിലെ ഗണപതിപാളയം, കിഴവൻ പുതൂർ, വേൽസ്ഫാം തുടങ്ങിയ അഞ്ച് ഊടുവഴികളിലൂടെയാണ് ടിപ്പറുകളും ടോറസുകളും കടക്കുന്നത്. ഗോവിന്ദാപുരം മോട്ടോർ വാഹന ചെക്ക്പോസ്റ്റിൽ കൈക്കൂലി വ്യാപകമായതിനെ തുടർന്ന് പ്രദേശത്ത് വിജിലൻസ് നിരീക്ഷണം ശക്തമാക്കിയതോടെയാണ് ടിപ്പറുകളും ടോറസുകളും ഊടുവഴികളിലൂടെ കേരളത്തിലേക്ക് എത്തുന്നത്.
രാത്രിതിലാണ് ഇത്തരം വാഹനങ്ങൾ കൂടുതലായി എത്തിക്കൊണ്ടിരിക്കുന്നത്. ഈ പ്രദേശങ്ങളിൽ വിവിധ വകുപ്പുകളുടെ മൊബൈൽ പരിശോധനയില്ലാത്തതിനാൽ രാത്രിയിലും പകലിലുമായി നിരവധി ടിപ്പറുകളാണ് എത്തുന്നത്. ടിപ്പറുകളിലൂടെയും ലഹരി വസ്തുക്കൾ അതിർത്തി കടന്ന് എത്തുന്നുണ്ട്. കഴിഞ്ഞദിവസം പൊള്ളാച്ചി, ഉടുമല, കിണത്തുക്കടവ് തുടങ്ങിയ പ്രദേശങ്ങളിൽനിന്ന് കേരളത്തിലെത്തുന്ന ടിപ്പറുകളിൽ കഞ്ചാവ് ഉൾപ്പെടെ ലഹരി വസ്തുക്കൾ കണ്ടെത്തിയിരുന്നു. രാത്രിയിൽ ടിപ്പറുകൾ അതിർത്തി വഴി കേരളത്തിലേക്ക് കടന്നാൽ ജിയോളജി, റവന്യൂ, പൊലീസ് എന്നിവയുടെ പരിശോധന നടക്കാറില്ല. പകൽ സമയത്തും വാഹന പരിശോധനയില്ലാത്തതിനാൽ തുടർന്നുള്ള ദിവസങ്ങളിൽ പൊലീസ് അതിർത്തി പ്രദേശങ്ങളിൽ പരിശോധന നടത്തണമെന്നും. പെരുമാട്ടി, മുതലമട തുടങ്ങിയ അതിർത്തി പഞ്ചായത്തുകളുടെ സംസ്ഥാന അതിർത്തികൾ പൂർണമായും അടച്ചുകൊണ്ടുള്ള ലഹരി പരിശോധന ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.