കോഴിക്കോട്: കേരളം ലോകത്തിന് സമ്മാനിച്ച വിശ്വപൗരൻ എന്ന കീർത്തിക്ക് ഇ. അഹമ്മദ് അർഹനായത് അദ്ദേഹത്തിന്റെ നിസ്വാർഥമായ പ്രവർത്തനങ്ങളിലൂടെയാണെന്ന് മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഓൺലൈനായി സംഘടിപ്പിച്ച ഇ. അഹമ്മദ് അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദവികളോട് നീതിപുലർത്തിയ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ഇന്ത്യൻ ദേശീയതയെ ശക്തിപ്പെടുത്തുന്നതിനും മതേതരത്വം നിലനിർത്തുന്നതിനും അദ്ദേഹം വലിയ സംഭാവനകൾ അർപ്പിച്ചു. വിദേശകാര്യ സഹമന്ത്രിയായിരുന്നപ്പോൾ അദ്ദേഹം നൽകിയ സേവനങ്ങൾ ദേശാന്തര പ്രശസ്തമാണ്. ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു.
മുതിർന്ന കോൺഗ്രസ് നേതാവ് പത്മഭൂഷൻ ഗുലാം നബി ആസാദ് അനുസ്മരണ പ്രഭാഷണം നടത്തി. ഇ.ടി. മുഹമ്മദ് ബഷീർ എം.പി, പി.വി. അബ്ദുൽ വഹാബ് എം.പി, കെ.പി.എ. മജീദ് എം.എൽ.എ, ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി, ഡോ. എം.കെ. മുനീർ എം.എൽ.എ, വി.കെ. ഇബ്രാഹീം കുഞ്ഞ്, ഇ. അഹമ്മദിന്റെ മകൻ റഈസ് അഹമ്മദ്, കോഴിക്കോട് ഡി.സി.സി പ്രസിഡൻറ് അഡ്വ. പ്രവീൺ കുമാർ എന്നിവർ സംസാരിച്ചു. മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഇൻ ചാർജ് അഡ്വ. പി.എം.എ. സലാം സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.