കണ്ണൂർ: ആര്‍.ടി ഓഫിസില്‍ അതിക്രമിച്ച് കടന്ന് ബഹളംവെച്ചെന്ന് ആരോപിച്ച് കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റുചെയ്ത ഇ ബുൾ ജെറ്റ് യൂട്യുബർമാരും ഇരിട്ടി സ്വദേശികളായ സഹോദരങ്ങളുമായ എബിൻ, ലിബിൻ എന്നിവരെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇവരെ കണ്ണൂർ സബ് ജയിലിലേക്ക് മാറ്റി.
വാഹനം രൂപമാറ്റം വരുത്തിയതും നികുതി അടക്കാത്തതും അടക്കമുള്ള നിയമലംഘനങ്ങളെതുടർന്ന് കണ്ണൂർ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻറ് വിഭാഗം കഴിഞ്ഞദിവസം ഇവരുടെ വാൻ കസ്റ്റഡിയിലെടുത്തിരുന്നു. വാഹനം പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട നിയമ നടപടികൾക്കായി യുട്യൂബർമാരോട് തിങ്കളാഴ്ച ആർ.ടി ഓഫിസിലെത്താൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരുന്നു. ഓഫിസിലെത്തിയ ഇവർ ബഹളംവെച്ച് സംഘർഷഭരിതമായ രംഗങ്ങൾ സൃഷ്ടിക്കുകയായിരുന്നു. 19 അനുയായികളുമായാണ് ഇവർ ഓഫിസിലെത്തിയതെന്നും നിയമലംഘനങ്ങൾപറഞ്ഞുമനസ്സിലാക്കുകയാണ് ചെയ്തതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
എന്നാൽ, തങ്ങളെ മോട്ടോർ വാഹന വകുപ്പ് അധികൃതർ പീഡിപ്പിക്കുകയാണെന്ന് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ടിരുന്നു. യുട്യൂബർമാർ വിഡിയോയിലൂടെ വിവരമറിയിച്ചതിനെതുടർന്ന് ഇവരുടെ നിരവധി ആരാധകരും സ്ഥലത്തെത്തി. ഉദ്യോഗസ്ഥർ പീഡിപ്പിക്കുകയാണെന്നും കള്ളക്കേസിൽ കുടുക്കുകയാണെന്നും അറിയിച്ച് സമൂഹ മാധ്യമങ്ങളിലൂടെ ലൈവ് വിഡിയോയും ഇവർ പങ്കുവെച്ചു. ബഹളത്തിനൊടുവിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വിവരമറിയിച്ചതിനെ തുടർന്ന് കണ്ണൂർ ടൗൺ പൊലീസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ആർ.ടി ഓഫിസ് ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് ഇവർക്കെതിരെ കേസെടുത്തത്. വെള്ള നിറത്തിലായിരുന്ന വാനിെൻറ നിറം മാറ്റിയതും അനുവദനീയമല്ലാത്ത ലൈറ്റുകൾ ഘടിപ്പിച്ചതും വാഹനം രൂപമാറ്റം വരുത്തിയതുമടക്കമുള്ള നിയമലംഘനങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.