പാലക്കാട്: ചേലക്കരയിലെയും വയനാട്ടിലെയും പോളിങ് പൂർത്തിയായതോടെ പ്രചാരണയുദ്ധത്തിന് പ്രമുഖർ പാലക്കാട്ടെത്തും. ഇനിയുള്ള ഏഴു ദിവസം പരമാവധി നേതാക്കളെയെത്തിച്ച് പ്രചാരണം കൊഴുപ്പിക്കാനാണ് മുന്നണികളുടെ നീക്കം. ആത്മകഥയിൽ ഡോ. പി. സരിനെതിരായ പരാമർശമുണ്ടായെന്ന ആരോപണം നിലനിൽക്കെ സി.പി.എം നേതാവ് ഇ.പി. ജയരാജൻ വ്യാഴാഴ്ച പാലക്കാട്ട് പ്രചാരണത്തിനെത്തും.
പ്രതിപക്ഷനേതാവ് വി.ഡി. സതീശനും ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും ഇന്ന് യു.ഡി.എഫ് റോഡ്ഷോയിൽ പങ്കെടുക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ 16നും 17നും പാലക്കാട്ട് വിവിധ പൊതുയോഗങ്ങളിൽ പങ്കെടുക്കും. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ബുധനാഴ്ച പ്രചാരണപരിപാടികളിൽ സജീവമായിരുന്നു. വയനാടിന്റെ ചുമതലയുണ്ടായിരുന്ന എം.ടി. രമേശുൾപ്പെടെ ബി.ജെ.പി സംസ്ഥാന നേതാക്കൾ പാലക്കാട്ടെത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വീണ്ടും അടുത്ത ദിവസമെത്തും. റോഡ് ഷോ, ബൈക്ക് റാലി, ഫ്ലാഷ് മോബ്, സ്വീകരണ യോഗങ്ങൾ, അവസാനഘട്ട ഗൃഹസന്ദർശനം ഉൾപ്പെടെയുള്ള പരിപാടികളാണ് ഏഴു ദിവസത്തേക്ക് മുന്നണികൾ ആസൂത്രണം ചെയ്തിട്ടുള്ളത്. 18ന് കലാശക്കൊട്ട് കൊഴുപ്പിക്കാൻ വ്യത്യസ്ത പരിപാടികൾ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.