തിരുവനന്തപുരം: റേഷൻ കടകളിലെ തട്ടിപ്പും പൂഴ്ത്തിവെപ്പും തടയാൻ സ്ഥാപിച്ച ഇ-പോസ് യന്ത്രങ്ങൾക്ക് മുന്നിൽ നക്ഷത്രമെണ്ണി പൊതുജനം. െസർവർ, നെറ്റ്വർക്ക് തകരാറുകൾ മൂലം യന്ത്രത്തിെൻറ പ്രവർത്തനം മന്ദഗതിയിലായതോടെ ഒരു കാർഡിൽ വിതരണം നടത്താൻ നാലോ അഞ്ചോ തവണ വിരൽ പതിപ്പിക്കേണ്ട ഗതികേടിലാണ് വ്യാപാരികളും കാർഡുടമകളും.
ഈ മാസം 28 വരെ 64.75 ശതമാനം കാർഡുടമകൾക്ക് മാത്രമാണ് റേഷൻ നൽകാനായത്. സെപ്റ്റംബറിലെ റേഷൻ വിതരണം 86 ശതമാനമായിരുന്നു. നവംബറിലെ വിതരണം ചൊവ്വാഴ്ച അവസാനിക്കുമെന്നിരിക്കെ തീയതി നീട്ടിനൽകുന്ന കാര്യത്തിൽ സിവിൽ സപ്ലൈസ് വകുപ്പ് അന്തിമതീരുമാനം എടുത്തിട്ടില്ല.
ഇ-പോസ് യന്ത്രത്തിൽ കൈവിരൽ പതിച്ച് സ്ഥിരമായി റേഷൻ വാങ്ങുന്നവർക്ക് പോലും വിരലടയാളം യോജിക്കുന്നില്ലെന്ന സന്ദേശമാണിപ്പോൾ സ്ക്രീനിൽ തെളിയുന്നത്. സാധാരണ ഒരു വിരൽ പതിയാതെ വന്നാൽ അടുത്ത രണ്ട് വിരൽ ഒന്നിന് പിറകെ മറ്റൊന്നായി പതിക്കുകയെന്ന സന്ദേശമാണ് വരേണ്ടതെങ്കിലും അതുണ്ടാകുന്നില്ല. രണ്ട് വിരൽ പതിഞ്ഞില്ലെങ്കിൽ ഒ.ടി.പിയിലേക്കാണ് പോകേണ്ടത്. എന്നാൽ ഒ.ടി.പി സംവിധാനം നിലച്ചതിനാൽ രജിസ്ട്രേഷൻ തടസ്സപ്പെെട്ടന്ന സന്ദേശമാണ് കാർഡുടമക്ക് ലഭിക്കുന്നത്.
നാലും അഞ്ചും തവണ വിരൽ പതിപ്പിക്കുമ്പോഴാണ് ഒരു കാർഡിലെ വിതരണം പൂർത്തിയാകുന്നത്. ഇതോടെ പ്രായമായ സ്ത്രീകളടക്കം മണിക്കൂറുകൾ കടക്ക് മുന്നിൽ കാത്തുനിൽക്കേണ്ട അവസ്ഥയാണ്. ഇ-പോസ് യന്ത്രത്തിെൻറ പ്രശ്നംമൂലം റേഷൻ വിതരണം സ്തംഭനത്തിലാകുമ്പോൾ ഓരോ ദിവസത്തെയും കണക്കുകൾ ചൂണ്ടിക്കാട്ടിയാണ് വകുപ്പും ഉദ്യോഗസ്ഥരും തടിയൂരുന്നത്.
സംസ്ഥാനത്തെ 14,245 റേഷൻ കടകളിൽ ഒരുദിവസം 10 കാർഡുകൾ പതിക്കാൻ കഴിഞ്ഞാൽ തന്നെ 1,424,50 പേർക്ക് റേഷൻ വിതരണം നടത്താൻ സാധിക്കും. എന്നാൽ ഒരുദിവസം 60 കാർഡുകാർക്ക് റേഷൻ നൽകേണ്ട സ്ഥാനത്താണ് 10 പേർക്ക് ലഭിക്കുന്നതെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. ഇ-പോസ് യന്ത്രത്തിലെ തകരാർ പരിഹരിക്കാൻ നാഷനൽ ഇൻഫോമാറ്റിക് സെൻററിെൻറ (എൻ.ഐ.സി) കേന്ദ്രം നവംബർ 15ന് തലസ്ഥാനത്ത് ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ അറിയിച്ചിരുന്നെങ്കിലും തുടർനടപടികൾ ഉണ്ടായില്ല. ആന്ധ്രയിലെത്തി എൻ.ഐ.സി പ്രതിനിധികളുമായും മന്ത്രി ചർച്ച നടത്തിയിരുന്നു. വ്യാപാരികളും സംഘടന പ്രതിനിധികളും ഐ.ടി സെല്ലിനെയും അധികാരികളെയും നിരന്തരം ബന്ധപ്പെടുന്നുണ്ടെങ്കിലും തകരാർ കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.