കോഴിക്കോട്: മുദ്രപത്രങ്ങൾ ലഭിക്കാത്തതും ഇ-സ്റ്റാമ്പ് നടപ്പാക്കാൻ വൈകുന്നതും ജനങ്ങളെ വലക്കുന്നു. ഇ-സ്റ്റാമ്പ് സംവിധാനം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി മുദ്രപത്രം അടിക്കുന്നത് സർക്കാർ നിയന്ത്രിച്ചതാണ് പ്രതിസന്ധിക്കിടയാക്കുന്നത്. 20, 50, 100, 200, 500, 1000 രൂപയുടെ മുദ്രപത്രങ്ങൾ കിട്ടാനില്ല. ഒരു മാസം മുമ്പുവരെ 500 രൂപയുടെ മുദ്രപത്രം ആവശ്യത്തിന് ലഭിച്ചിരുന്നു. എന്നാലിപ്പോൾ 500, 1000 രൂപയുടെ മുദ്രപത്രങ്ങൾപോലും കിട്ടാനില്ലാത്ത അവസ്ഥയാണ്. ഇ-സ്റ്റാമ്പിങ് നടപ്പാക്കാൻ വൈകുന്നതാണ് പ്രതിസന്ധിക്കിടയാക്കുന്നത്.
ആധാരം രജിസ്ട്രേഷന് മാത്രമാണ് കേരളത്തിൽ ഇ-സ്റ്റാമ്പ് നടപ്പാക്കിയിട്ടുള്ളൂ. ഇ-സ്റ്റാമ്പിങ് നടപ്പാക്കുന്നതിലെ അനിശ്ചിതത്വമാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്.
50, 100 രൂപയുടെ മുദ്രപത്രത്തിനാണ് ഏറ്റവും കൂടുതൽ ആവശ്യക്കാരുണ്ടാവുക. ബോണ്ട്, വാടക കരാർ, സത്യവാങ്മൂലം, ആധാരം പകർപ്പ്, ധാരണപത്രം, വാടക കരാർ തുടങ്ങിയവക്കെല്ലാം 100 വരെയുള്ള മുദ്രപത്രമാണ് ഉപയോഗിക്കുന്നത്. ഇവക്ക് ആറുമാസം മുമ്പുതന്നെ ക്ഷാമം അനുഭവപ്പെട്ടിരുന്നു. ഇതോടെ 500 രൂപയുടെ മുദ്രപത്രമായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ അതും ലഭിക്കാതായതോടെ 2000 രൂപ മുടക്കേണ്ട അവസ്ഥയിലാണ് ആവശ്യക്കാർ. മുദ്രപത്രത്തിന് ക്ഷാമം നേരിട്ടതോടെ ജനന, മരണ സർട്ടിഫിക്കറ്റുകൾ, നോട്ടറി ആവശ്യങ്ങൾ, ലൈഫ് വീടുകളുടെ കരാർ, ബാങ്ക് വായ്പ തുടങ്ങിയവയും പ്രതിസന്ധിയിലായിരിക്കുകയാണ്.
വിദേശത്തുൾപ്പെടെ പഠനത്തിനു തയാറെടുക്കുന്ന വിദ്യാർഥികളെയും മുദ്രപത്രക്ഷാമം ബാധിച്ചിട്ടുണ്ട്. മുദ്രപത്രക്ഷാമം ആധാരം എഴുത്തുകാരുടെ തൊഴിലിനെയും ബാധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.