കോട്ടയം: പരിസ്ഥിതിലോല പ്രദേശം സംബന്ധിച്ച് സംസ്ഥാന മന്ത്രിസഭയെടുത്ത തീരുമാനം മലയോര കർഷകരുടെ ദുരിതം മാറ്റില്ല. വന്യജീവി സങ്കേതങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്കും ചുറ്റുമുള്ള പ്രദേശങ്ങൾ സംബന്ധിച്ച് 2022 ജൂൺ രണ്ടുവരെ സർക്കാറുകൾ എടുത്ത ഒരു തീരുമാനവും സുപ്രീംകോടതിയുടെ അനുവാദമില്ലാതെ ആർക്കും പിൻവലിക്കാനോ തിരുത്താനോ റദ്ദാക്കാനോ സാധിക്കില്ല. ജൂൺ മൂന്നിന് പുറപ്പെടുവിച്ച വിധിയിൽ സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ ഹൈകോടതി വിധികൾക്കും സുപ്രീംകോടതിയുടെ തീരുമാനം ബാധകമാണ്. ഈ സാഹചര്യത്തിൽ കരുതൽ മേഖല സംബന്ധിച്ച് സംസ്ഥാന മന്ത്രിസഭ കഴിഞ്ഞ ദിവസമെടുത്ത തീരുമാനം പ്രഹസനമായി.
സംസ്ഥാനത്ത് പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ സംരക്ഷിത വനമേഖലകളോടും ദേശീയോദ്യാനങ്ങളോടും ചേർന്നുകിടക്കുന്ന മനുഷ്യവാസ കേന്ദ്രങ്ങളടക്കമുള്ള ഒരു കിലോമീറ്റർ പ്രദേശം പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിച്ച് 2019 ഒക്ടോബർ 23ന് എടുത്ത തീരുമാനം തിരുത്തുമെന്നായിരുന്നു പുതിയ പ്രഖ്യാപനം. കേരളത്തിലെ വന്യജീവി സങ്കേതങ്ങളും ദേശീയോദ്യാനങ്ങളും ഉൾപ്പെടുന്ന 25ഓളം സംരക്ഷിത പ്രദേശങ്ങൾക്കു ചുറ്റും ഒന്നു മുതൽ 10 കിലോമീറ്റർ വരെയോ അതിനപ്പുറമോ കരുതൽ മേഖല ഏർപ്പെടുത്തിക്കൊണ്ടുള്ള കരട് വിജ്ഞാപനങ്ങൾ വിവിധ സമയങ്ങളിൽ പുറപ്പെടുവിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളിലൊക്കെ നിരവധി ജനവാസ കേന്ദ്രങ്ങളും ഉണ്ട്. ഇത്തരം കരട് വിജ്ഞാപനങ്ങൾ സംബന്ധിച്ച പരാതികളും നിർദേശങ്ങളും നൽകേണ്ടിയിരുന്നത് സംസ്ഥാന വനം വകുപ്പിനല്ല, കേന്ദ്ര വനം -പരിസ്ഥിതി മന്ത്രാലയത്തിനാണ്. അതുകൊണ്ടുതന്നെ കരുതൽ മേഖലകളെ സംബന്ധിച്ച പരാതികൾ ലഭിച്ചത് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനാണ്.
കാര്യങ്ങൾ ഇങ്ങനെയായിരിക്കെ ഇത്തരം പരാതികളൊക്കെ സംസ്ഥാന വനം വകുപ്പ് ക്രോഡീകരിച്ച് കേന്ദ്രത്തിനു നൽകിയിട്ടുണ്ടെന്ന സർക്കാറിന്റെ അവകാശവാദവും ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. കാലാകാലങ്ങളിൽ കർഷകർക്ക് എതിരായ രീതിയിൽ എടുത്ത തീരുമാനങ്ങളൊന്നും സംസ്ഥാന സർക്കാറിന് മാത്രമായി തിരുത്താനാവാത്ത സ്ഥിതിയാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.