കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ നേതൃത്വം നൽകിയ നാല് വൻകിട പദ്ധതിയിൽ കോടികളുടെ അഴിമതി നടന്നതായി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) നിഗമനം. ഇ.ഡി കസ്റ്റഡിയിൽ നാല് ദിവസമായി തുടരുന്ന ചോദ്യം ചെയ്യലിലാണ് ഇതുസംബന്ധിച്ച സൂചന ലഭിച്ചത്. തുടർന്ന് പദ്ധതികളുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് ഇ.ഡി കത്ത് നൽകി.
ശിവശങ്കർ മുൻകൈെയടുത്ത് നടപ്പാക്കിയ ഇ-മൊബിലിറ്റി, ഡൗൺ ടൗൺ, കെ ഫോൺ, സ്മാർട്ട് സിറ്റി പദ്ധതികളിലാണ് അന്വേഷണം.
ശിവശങ്കർ ചുമതല വഹിച്ച ലൈഫ് പദ്ധതിയിൽ നാല് കോടിയിലധികം രൂപയുടെ കമീഷൻ ഇടപാട് നടന്നതായി കണ്ടെത്തിയിരുന്നു. തുടർന്നാണ് നാല് സ്വപ്നപദ്ധതികൂടി സംശയ നിഴലിലായത്. ഈ പദ്ധതികളിലും കമീഷൻ ഇടപാട് നടന്നിട്ടുണ്ടെന്നും മറ്റു ചിലർക്കും പങ്കുണ്ടാകാമെന്നും ഇ.ഡി സംശയിക്കുന്നു.
പദ്ധതികളുടെ ധാരണാപത്രം, ഏറ്റെടുത്ത ഭൂമി, ഭൂമിക്ക് നൽകിയ വില തുടങ്ങിയവയാണ് ആവശ്യപ്പെട്ടത്. പദ്ധതികളുടെ മറവിൽ ശിവശങ്കറിെൻറ അടുപ്പക്കാർ റിയൽ എസ്റ്റേറ്റ് കച്ചവടം നടത്തിയതായും സൂചനയുണ്ട്.
ശിവശങ്കറിെൻറ സ്വത്തുവിവരങ്ങളും ഇ.ഡി ശേഖരിച്ചുതുടങ്ങി. ബാങ്ക് നിക്ഷേപം, ഭൂസ്വത്ത്, ബിസിനസ് സംരംഭങ്ങൾ, ബിനാമി ഇടപാടുകൾ, വരുമാന സ്രോതസ്സുകൾ തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുന്നത്. അന്വേഷണവുമായി ശിവശങ്കർ നിസ്സഹകരണം തുടർന്നാൽ സ്വത്ത് കണ്ടുകെട്ടുന്നതുൾപ്പെടെ നടപടി ആലോചിക്കുന്നുണ്ട്. ഇതിെൻറ ഭാഗമാണ് വിവരശേഖരണം.
ചോദ്യം ചെയ്യലിൽ ശിവശങ്കറിൽനിന്ന് ലഭിച്ച പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സ്വപ്നയടക്കം പ്രതികളെ വീണ്ടും ചോദ്യം ചെയ്യാനും നീക്കമുണ്ട്.
ഇ-മൊബിലിറ്റി: 4500 കോടി മുടക്കി 3000 വൈദ്യുതി ബസ് വാങ്ങാനുള്ള പദ്ധതി. സമയപരിധി കഴിഞ്ഞിട്ടും കരാർ കരട് സമർപ്പിക്കാത്തതിനാൽ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് (പി.ഡബ്ല്യു.സി) കമ്പനിയെ കൺസൾട്ടൻസി സ്ഥാനത്തുനിന്ന് നീക്കി. കരാർ പി.ഡബ്ല്യു.സിക്ക് നൽകാൻ ചരടുവലിച്ചത് എം. ശിവശങ്കർ.
ഡൗൺ ടൗൺ: തിരുവനന്തപുരം ടെക്നോപാർക്ക് മൂന്നാം ഘട്ടത്തിലെ പ്രത്യേക സാമ്പത്തിക മേഖലയുൾപ്പെടെ സ്ഥലത്ത് ഐ.ടിയും വിനോദവും ഉൾപ്പെടുത്തിയുള്ള പദ്ധതി. കരാർ ഒപ്പിട്ടതിന് പിന്നാലെ ഉപേക്ഷിച്ച അവസ്ഥയിലായ 13,000 കോടിയുടെ പദ്ധതി ശിവശങ്കർ മുൻകൈെയടുത്താണ് തിരിച്ചുകൊണ്ടുവന്നത്. പിന്നിൽ റിയൽ എസ്റ്റേറ്റ് താൽപര്യമെന്ന് ആക്ഷേപം.
കെ ഫോൺ: വീടുകളിലും മുപ്പതിനായിരത്തോളം ഓഫിസുകളിലും അതിവേഗ ഇൻറർനെറ്റ് കണക്ഷൻ നൽകുന്നതിന് ഒപ്റ്റിക്കൽ ഫൈബർ ശൃംഖല സ്ഥാപിക്കുന്ന പദ്ധതി.ചെലവ് 1548 കോടി. 1028 േകാടിക്ക് ടെൻഡർ വിളിച്ച പദ്ധതി ശിവശങ്കർ ഇടപെട്ട് ഉയർന്ന തുകക്ക് ബെൽ കൺസോർട്യത്തിന് കരാർ നൽകി.
സ്മാർട്ട് സിറ്റി: കൊച്ചി സ്മാർട്ട് സിറ്റി പദ്ധതി. 2017ൽ പദ്ധതി അനിശ്ചിതത്വത്തിലേക്ക് നീങ്ങിയപ്പോൾ യു.എ.ഇ സർക്കാറിെൻറ ഇടെപടലിന് സ്വപ്ന സുരേഷിെൻറ സഹായം തേടിയതായി ചോദ്യം ചെയ്യലിൽ ശിവശങ്കർ സമ്മതിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.