കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാവും മുൻ മന്ത്രിയുമായ എ.സി മൊയ്തീന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചു. ആഗസ്റ്റ് 31ന് കൊച്ചി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്. 150 കോടി തട്ടിയെടുത്ത ബാങ്ക് തട്ടിപ്പിലെ ബിനാമികൾക്ക് ലോൺ നൽകാൻ നിർദേശം നൽകിയത് എ.സി മൊയ്തീനാണെന്നാണ് ഇ.ഡി പറയുന്നത്.
നേരത്തെ, എ.സി. മൊയ്തീന്‍റെ 15 കോടിയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടിയിരുന്നു. 36 വസ്തുവകകളാണ് കണ്ടുകെട്ടിയിരുന്നത്. 28 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപവും മരവിപ്പിച്ചിരുന്നു. വടക്കാഞ്ചേരി തെക്കുംകര പനങ്ങാട്ടുകരയിലെ മൊയ്തീന്‍റെ വീട്ടിൽ കഴിഞ്ഞ ചൊവ്വാഴ്ച 22 മണിക്കൂർ നീണ്ട റെയ്ഡ് നടത്തിയതിന് പിന്നാലെയായിരുന്നു ഈ നടപടികൾ.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ മൊയ്തീന്‍റെ ബന്ധുക്കൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് നേരത്തേ തന്നെ ആരോപണം ഉയർന്നിരുന്നു. മൊയ്തീന്‍റെ വീടിന് പുറമെ ചേർപ്പിൽ താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശി അനില്‍ സേഠ്, കോലഴിയിൽ താമസിക്കുന്ന കണ്ണൂർ സ്വദേശി സതീഷ്, ഷിജു, റഹീം എന്നിവരുടെ വീടുകളിലും ഇ.ഡി പരിശോധന നടത്തിയിരുന്നു. ഇവര്‍ മൊയ്തീന്‍റെ ബിനാമികളാണെന്നാണ് ഇ.ഡി സംശയിക്കുന്നത്. ഷിജുവും റഹീമും മൊയ്തീന്‍റെ അകന്ന ബന്ധത്തിലുള്ളവരാണെന്നും പറയുന്നു. ഇവരുടെ പക്കല്‍നിന്ന് നിര്‍ണായകമായ പല രേഖകളും നിക്ഷേപങ്ങളും കണ്ടെത്തിയിട്ടുണ്ട്.
ചികിത്സക്ക് പണമില്ലാതെ നിക്ഷേപക മരിച്ചതോടെയാണ് കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് വീണ്ടും സജീവമായത്. കരുവന്നൂർ സഹകരണ ബാങ്കിലും കേസിലെ പ്രധാന പ്രതികളുടെ വീടുകളിലും ഇ.ഡി സംഘം 2022 ആഗസ്റ്റ് 10ന് മിന്നൽ പരിശോധന നടത്തിയിരുന്നു. 75 ഉദ്യോഗസ്ഥർ 20 മണിക്കൂർ നീണ്ട പരിശോധനയാണ് അന്ന് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.