കൊച്ചി: കിഫ്ബി മസാല ബോണ്ടുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെയും ചോദ്യം ചെയ്യാനൊരുങ്ങി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). മസാല ബോണ്ടുമായി ബന്ധപ്പെട്ട തീരുമാനത്തിൽ ബോർഡ് വൈസ് ചെയർപേഴ്സനായ മുൻ ധനമന്ത്രി തോമസ് ഐസക്കിന് മാത്രമല്ല, ചെയർപേഴ്സനായ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന നിഗമനത്തിലാണിത്. തീരുമാനങ്ങൾ വ്യക്തിപരമല്ലെന്നും കൂട്ടായ തീരുമാനമാണെന്നും കോടതിയിലടക്കം തോമസ് ഐസക് ആവർത്തിക്കുന്നത് മുഖ്യമന്ത്രിയിലേക്ക് കാര്യങ്ങൾ എത്തിക്കാൻ ഇ.ഡിക്ക് തുണയാകുന്നുമുണ്ട്.
സമൻസ് ചോദ്യം ചെയ്യുന്ന തോമസ് ഐസക്കിന്റെ ഹരജിക്ക് ഇ.ഡി മറുപടിയായി നൽകിയ സത്യവാങ്മൂലത്തിൽ കൂടുതൽ പേരിൽനിന്ന് മൊഴിയെടുക്കണമെന്നു പറയുന്നുണ്ട്. കിഫ്ബി വൈസ് ചെയർമാൻ, എക്സി. കമ്മിറ്റി ചെയർമാൻ എന്ന നിലയിലാണ് തോമസ് ഐസക്കിന്റെ മൊഴിയെടുക്കാൻ നടപടികൾ ആരംഭിച്ചത്. എന്നാൽ, സമൻസുകൾ അവഗണിച്ച് ഒഴിഞ്ഞുമാറുന്നത് ഇ.ഡിയെ ചൊടിപ്പിച്ചിട്ടുണ്ട്.
കിഫ്ബി ഉദ്യോഗസ്ഥർ അന്വേഷണവുമായി സഹകരിക്കാൻ തുടങ്ങിയതോടെ നൽകിയ മൊഴികളും രേഖകളും ആയുധമാക്കുകയാണ് ഇ.ഡി. ഇവർ നൽകിയ വിവരങ്ങളുടെയും മിനിറ്റ്സുകൾ പരിശോധിച്ചതിന്റെയും അടിസ്ഥാനത്തിൽ കിഫ്ബി ഫണ്ടുമായി ബന്ധപ്പെട്ട് ചില പൊരുത്തക്കേടുകൾ കണ്ടെത്തിയിട്ടുണ്ടെന്നും യോഗത്തിൽ പങ്കെടുത്തവർക്ക് തീരുമാനത്തിന്റെ ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞു മാറാനാകില്ലെന്നുമാണ് ഇ.ഡി വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയേയും കേസുമായി ബന്ധിപ്പിക്കാൻ ശ്രമിക്കുന്നത്. മസാല ബോണ്ട് ഇടപാടുകളിൽ തീരുമാനമെടുത്ത മറ്റ് വ്യക്തികളുടെ മൊഴി പ്രധാനമാണെന്ന സത്യവാങ്മൂലത്തിലെ പരാമർശവും ഇക്കാര്യങ്ങൾ ലക്ഷ്യം വെച്ചാണ്.
നിയമം പാലിക്കാത്ത പൗരനാണ് തോമസ് ഐസക് എന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്. ഇനിയും ഹാജരായില്ലെങ്കിൽ നിയമപരമായി കൈകാര്യം ചെയ്യുമെന്ന മുന്നറിയിപ്പിലൂടെ കസ്റ്റഡിയിലെടുക്കാനും മടിക്കില്ലെന്ന സൂചനയാണ് നൽകുന്നത്. തോമസ് ഐസക്കിന്റെ മൊഴിയെടുപ്പ് എന്ന ഔപചാരിക കടമ്പ കടക്കാനാണ് ഇ.ഡി ശ്രമം. പിന്നീട് ‘കൂട്ടായ തീരുമാനം’ എന്ന ഐസക്കിന്റെ മൊഴിയുടെകൂടി അടിസ്ഥാനത്തിലാവും തുടർനീക്കം. അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റും തുടർസംഭവങ്ങളും നൽകിയ ധൈര്യവും ഇ.ഡിക്ക് ബലമേകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.