കൊച്ചി: കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട് ഭീമമായ ക്രമക്കേട് ബോധ്യപ്പെട്ടിട്ടും ഒതുക്കിത്തീർക്കാൻ ശ്രമിച്ചതെന്തിനെന്ന് സി.പി.എം തൃശൂർ ജില്ല സെക്രട്ടറി എം.എം. വർഗീസിനോട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വൻ ക്രമക്കേട് കണ്ടെത്തിയിട്ടും പാര്‍ട്ടിതല അച്ചടക്കനടപടി മാത്രമാണ് എടുത്തത്. പണം തിരിച്ചുപിടിക്കാൻ നടപടി ഉണ്ടായില്ല. പൊലീസിൽ പരാതി നല്‍കിയില്ലെന്നും ഇ.ഡി കുറ്റപ്പെടുത്തുന്നു.
കരുവന്നൂര്‍ കള്ളപ്പണക്കേസ് വലിയ കുറ്റമാണെന്ന് അറിയാമായിരിക്കെ പാര്‍ട്ടിക്കുള്ളില്‍ ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചത് ബോധപൂര്‍വമല്ലെന്ന് കരുതാനാകില്ല. ഇത്തരം കുറ്റങ്ങള്‍ പൊലീസ്, നിയമസംവിധാനത്തെ അറിയിക്കേണ്ട ബാധ്യത ഓരോ പൗരനുമുണ്ട്. രാജ്യത്തെ നിയമസംവിധാനത്തിനും മുകളിലാണ് പാര്‍ട്ടി സംവിധാനം എന്ന വിശ്വാസമാണോ പരാതിപ്പെടാത്തതിന് പിന്നിലെന്നും ഇ.ഡി ഒമ്പതു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ ആരാഞ്ഞു.
ആരോപണവിധേയരെ പാര്‍ട്ടി ജില്ല കമ്മിറ്റി ഓഫിസില്‍ വിളിച്ചുവരുത്തി സെക്രട്ടറി വിവരങ്ങള്‍ ശേഖരിച്ചു. തട്ടിപ്പില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയവരെ ഒന്നിലേറെ തവണ പാര്‍ട്ടി ഓഫിസിലേക്ക് വിളിപ്പിച്ചു. 2019ല്‍ പാര്‍ട്ടിതല അന്വേഷണത്തിന് നിര്‍ദേശിച്ചു. അന്വേഷണത്തിന് രണ്ടംഗ കമീഷനെയും നിയമിച്ചു. കമീഷന് അംഗങ്ങളുമായി സെക്രട്ടറി ചര്‍ച്ച നടത്തി. 2021 മേയില്‍ രണ്ടംഗ കമീഷന് റിപ്പോര്‍ട്ട് നല്കി. റിപ്പോര്‍ട്ടില്‍ ഗുരുതര ക്രമക്കേട് നടന്നെന്ന് കാണിച്ചിരുന്നു. ക്രമക്കേട് നടത്തിയെന്ന് അന്വേഷണ കമീഷന് കണ്ടെത്തിയവരുമായി വീണ്ടും പാര്‍ട്ടി ഓഫിസില്‍ ജില്ല സെക്രട്ടറി ചര്‍ച്ച നടത്തി. ചിലർക്കെതിരെ പാര്‍ട്ടിതല നടപടിക്ക് ശിപാര്‍ശ ചെയ്തു. നടപടിക്ക് ശിപാര്‍ശ ചെയ്യപ്പെട്ടവര്‍ വീണ്ടും പാര്‍ട്ടി ഓഫിസിലെത്തി സെക്രട്ടറിയെ കണ്ടു.
ഭീമമായ ക്രമക്കേടാണ് നടന്നതെന്ന് കണ്ടെത്തിയിട്ടും പാര്‍ട്ടിതല അച്ചടക്കനടപടി മാത്രമാണ് എടുത്തത്. പണം തിരിച്ചുപിടിക്കാനുള്ള നടപടികളുണ്ടായില്ല. അതിനായി പൊലീസിലോ ഭരണ സംവിധാനങ്ങളിലോ പരാതി നല്‍കിയില്ലെന്നുമാണ് ഇ.ഡി.യുടെ കുറ്റപ്പെടുത്തല്‍.
കരുവന്നൂര്‍ കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തവരില്‍ മിക്കവരും പറഞ്ഞത് പാര്‍ട്ടി ജില്ല സെക്രട്ടറിയുടെ പേരാണ്. അതിനാലാണ് തെളിവെടുപ്പിനായി വിളിപ്പിച്ചതെന്ന് ഇ.ഡി സൂചന നല്കി. 2018 ജൂണിലാണ് എം.എം. വര്‍ഗീസ് സെക്രട്ടറിയായി സ്ഥാനമേറ്റത്. ഇതിനു മുമ്പാണ് കരുവന്നൂര്‍ തട്ടിപ്പ് നടന്നതെങ്കിലും അന്വേഷണം നടന്നത് വര്‍ഗീസ് സെക്രട്ടറിയായ ശേഷമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.