കണ്ണൂർ: വിവാദങ്ങൾക്ക് വിരാമമിടാൻ നായനാർ പ്രതിമ ഒടുവിൽ മൂടിക്കെട്ടി. പാർട്ടി ജനറൽ സെക്രട്ടറി ആയിരങ്ങളെ സാക്ഷിനിർത്തി അനാച്ഛാദനം ചെയ്ത പ്രതിമ നായനാരുടെ ചിത്രത്തോട് സാമ്യപ്പെടുന്നില്ലെന്ന വിവാദത്തെത്തുടർന്ന് മിനുക്കു പണിക്ക് വേണ്ടിയാണ് മൂടിവെച്ചത്. ഒരാഴ്ചക്ക് ശേഷമേ മിനുക്കുപണി നടക്കുകയുള്ളൂവെന്ന് ശിൽപി പറഞ്ഞിരുന്നു. പക്ഷേ, അത്രയും ദിവസം അക്കാദമി സന്ദർശിക്കുന്നവർ ഫോേട്ടാ പകർത്തി പ്രചരിപ്പിക്കുന്നത് ഒഴിവാക്കാൻ കൂടിയാണ് തിടുക്കത്തിൽ മൂടിക്കെട്ടിയത്.
പ്രതിമ സ്ഥാപിച്ച പീഠത്തിെൻറ ഉയരം കുറക്കണം. അതിനുവേണ്ടി പ്രതിമ ഇളക്കി താഴെ വെക്കേണ്ടിവരും. പാർട്ടിക്ക് ഇന്ത്യയിൽ മറ്റൊരിടത്തുമില്ലാത്ത വിപുലമായ അക്കാദമി സമുച്ചയം കാണാനുള്ള സന്ദർശകരുടെ എണ്ണം പെരുകിവരുന്നതിനിടയിൽ പ്രതിമ വിവാദം വ്യാപകമായതാണ് നേതൃത്വത്തെ കുഴക്കിയത്. പ്രതിമയുടെ മിനുക്കുപണി പൂർത്തിയാകുന്നതുവരെ സന്ദർശനത്തിന് നിയന്ത്രണമേർപ്പെടുത്തേണ്ട കാര്യം ആലോചനയിലാണ്. വിവാദം ഇത്രത്തോളം കത്തിച്ചതിന് നേതൃത്വത്തിന് പങ്കുണ്ടെന്ന നിലയിലാണ് പുതിയ വിവാദം. പ്രതിമയെക്കുറിച്ച് ആദ്യ ദിവസം ചിലർ ചൂണ്ടിക്കാണിച്ചിരുന്നു. പാർട്ടിയുടെ കീഴ് ഘടകങ്ങളിലെ വാട്സ് ആപ് ഗ്രൂപ്പുകളിൽ രൂക്ഷമായി വിമർശിക്കപ്പെടുകയും ചെയ്തു.
പക്ഷേ, അതൊന്നും കാര്യമാക്കിയില്ല. അക്കാദമി ട്രസ്റ്റ് സംസ്ഥാന നേതൃത്വത്തിന് കീഴിലായതിനാൽ തങ്ങളല്ല തീരുമാനം പറയേണ്ടത് എന്നായിരുന്നു ജില്ല നേതൃത്വത്തിെൻറ ആദ്യ നിലപാട്. എന്നാൽ, ജയ്പൂരിൽ പ്രതിമയുടെ നിർമാണം കാണാൻ പോയത് ജില്ല സെക്രട്ടറി പി.ജയരാജൻ, കെ.കെ.രാഗേഷ് എം.പി, നായനാരുടെ മകൻ കൃഷ്ണകുമാർ എന്നിവരായിരുന്നു. കളിമൺ പ്രതിമയിൽ വലിയ പോരായ്മ അവർ കണ്ടിരുന്നില്ല. എന്നാൽ, വെങ്കലത്തിൽ വാർത്തപ്പോൾ ചില മാറ്റമുണ്ടായി. കണ്ണൂരിൽ എത്തിച്ചശേഷം അത് തുറന്നു നോക്കാതിരുന്നത് വീഴ്ചയായിപ്പോയെന്ന് വിവാദം കനത്തപ്പോഴാണ് നേതൃത്വം വിലയിരുത്തിയത്.
പാർട്ടിയുടെ ചരിത്രത്തിൽ ഇത് അപൂർവമായ അനുഭവമാണ്. പലതവണ സൂക്ഷ്മ പരിശോധനക്കും ചർച്ചക്കും ശേഷമേ മുമ്പ് ആരുടെയും പ്രതിമ സ്ഥാപിച്ചിരുന്നുള്ളു. പ്രതിമ മാറ്റി സ്ഥാപിക്കലാണ് നല്ലതെന്ന് നായനാരുടെ പത്നി ശാരദ ടീച്ചർ നേതൃത്വത്തെ അറിയിച്ചുവെന്നാണ് വിവരം. എന്നാൽ, പരമാവധി ന്യൂനത പരിഹരിക്കുന്ന മിനുക്കുപണി നടത്താമെന്ന് ശിൽപി ഉറപ്പു നൽകിയതിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് സി.പി.എം നേതൃത്വം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.