ന്യൂഡൽഹി: എലത്തൂരിൽ ട്രെയിനിൽ തീയിട്ട കേസിൽ പിടിയിലായ ഷാരൂഖ് സെയ്ഫി ഡൽഹി ശഹീൻബാഗ് സ്വദേശിയാണെന്ന് സ്ഥിരീകരിച്ചു. ഡൽഹി പൊലീസിന്റെ സഹായത്തോടെ കേരള പൊലീസ് ഇയാളുടെ വീട്ടിൽ എത്തി ബന്ധുക്കളെ ചോദ്യം ചെയ്തു. സെയ്ഫിയുടെ ചിത്രം മാതാവ് തിരിച്ചറിഞ്ഞു. കൂടുതൽ ചോദ്യം ചെയ്യൽ നടന്നുവരുന്നു. വീട്ടുപരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.
ഇയാളെ ഏതാനും ദിവസമായി കാണാനില്ലെന്ന് ഏപ്രിൽ രണ്ടിന് പിതാവ് ഫക്രുദ്ദീൻ പൊലീസിൽ പരാതി നൽകിയിരുന്നു. സെയ്ഫി പ്ലസ് ടു വരെ മാത്രമാണ് പഠിച്ചതെന്നും അധികം സുഹൃത്തുക്കളില്ലെന്നും കേരളത്തിൽ പോയകാര്യം തങ്ങൾക്ക് അറിയില്ലായിരുന്നുവെന്നും മാതാപിതാക്കൾ പൊലീസിൽ പറഞ്ഞു. വീട്ടിൽ നടത്തിയ പരിശോധനയെ തുടർന്ന് കുടുംബാംഗങ്ങളുടെ ഫോണുകൾ, ഡയറി എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.
കണ്ണൂർ: എലത്തൂരില്‍ ട്രെയിനില്‍ തീവെച്ച കേസിലെ പ്രതി ഷാറൂഖ് സെയ്ഫി രക്ഷപ്പെട്ടത് കണ്ണൂരിൽനിന്നെന്ന് സൂചന. ഇയാളുടെ കൂടെ മറ്റു മൂന്നുപേര്‍കൂടി ഉണ്ടായിരുന്നതായും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഏപ്രിൽ മൂന്നിന് വൈകീട്ട് മംഗള-ലക്ഷദ്വീപ് സൂപ്പർ ഫാസ്റ്റിന് നാലുപേര്‍ക്കാണ് ടിക്കറ്റെടുത്തത്. കണ്ണൂരില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള ടിക്കറ്റാണ് എടുത്തത്. എന്നാല്‍, സംഘത്തിലെ ഒരാള്‍ ട്രെയിനില്‍ കയറിയില്ല. ഇയാള്‍ കണ്ണൂരില്തന്നെയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.
ട്രെയിന്‍ യാത്രക്കിടെ ഷാറൂഖ് മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ ചികിത്സതേടി ഇറങ്ങുകയായിരുന്നു. എന്നാൽ, ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥൻ എ.ഡി.ജി.പി എം.ആര്. അജിത്കുമാര്‍ സ്ഥിരീകരിച്ചിട്ടില്ല. ഇക്കാര്യങ്ങളെല്ലാം പ്രതിയെ ചോദ്യംചെയ്ത ശേഷമേ പുറത്തുപറയാനാകൂവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സംശയത്തെതുടർന്ന് മൂന്നാം തീയതിയിലെ കണ്ണൂർ റെയില്‍വേ സ്റ്റേഷനിലെ സി.സി ടി.വി ദൃശ്യങ്ങള്‍ പൊലീസ് വിശദമായി പരിശോധിച്ചു. തീവെച്ച ആലപ്പുഴ എക്സ്പ്രസില്‍ തന്നെയാണ് പ്രതി കണ്ണൂരിലെത്തിയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
തിരുവനന്തപുരം: എലത്തൂർ ട്രെയിൻ തീവെപ്പിനിടെ മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് അഞ്ചുലക്ഷം രൂപ വീതം ധനസഹായം നൽകാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. കെ.പി. നൗഫീഖ്, റഹ്മത്ത്, സഹ്റ ബത്തൂൽ എന്നിവരുടെ കുടുംബത്തിനാണ് തുക നൽകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.