കാസർകോട്: മഞ്ചേശ്വരം മണ്ഡലത്തിൽ സ്ഥാനാർഥിത്വം പിൻവലിക്കാൻ കോഴ നൽകിയെന്ന കേസിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് ചോദ്യംചെയ്യലിന് ഹാജരാകാൻ നോട്ടീസ്. നാളെ നേരിട്ട് ഹാജരാകണമെന്നാണ് കാസർകോട് ജില്ലാ ക്രൈംബ്രാഞ്ച് നോട്ടീസിൽ ആവശ്യപ്പെടുന്നത്.
കോഴ ആരോപണത്തിൽ ബദിയടുക്ക പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് മൂന്നു മാസത്തിന് ശേഷമാണ് കെ. സുരേന്ദ്രന് നോട്ടീസ് നൽകിയിട്ടുള്ളത്. എന്നാൽ, ക്രൈംബ്രാഞ്ച് സംഘത്തിന് മുമ്പിൽ നാളെ സുരേന്ദ്രൻ ഹാജരാകാൻ സാധ്യതിയില്ലെന്നാണ് ലഭിക്കുന്ന വിവരം. ശനിയാഴ്ചക്കുള്ളിൽ ഹാജരാകുമെന്നാണ് അറിയുന്നത്.
കേസിലെ മുഖ്യപ്രതിയായ കെ. സുരേന്ദ്രനെയാണ് ഇനി ചോദ്യം ചെയ്യാനുള്ളത്. കേസിൽ ബി.ജെ.പി മുൻ ജില്ല പ്രസിഡന്റ് അഡ്വ. ബാലകൃഷ്ണ ഷെട്ടി, നേതാക്കളായ സുനിൽ നായിക്, സുരേഷ് നായിക്, കെ. മണികണ്ഠ റൈ, മുരളീധര യാദവ്, ലോകേഷ് നന്ദ എന്നിവരെ നേരത്തെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു.
ബി.എസ്.പി സ്ഥാനാർഥി കെ. സുന്ദരയെ രണ്ടര ലക്ഷംരൂപ നൽകി പത്രിക പിൻവലിപ്പിച്ചുവെന്നാണ് കേസ്. എൽ.ഡി.എഫ് സ്ഥാനാർഥി വി.വി. രമേശൻ നൽകിയ പരാതിയിൽ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയുടെ അനുമതിയോടെയാണ് കെ. സുരേന്ദ്രനും രണ്ട് ബി.ജെ.പി പ്രാദേശിക നേതാക്കൾക്കുമെതിരെ കേസെടുത്തത്.
ബി.എസ്.പി സ്ഥാനാർഥിയായിരുന്ന കെ. സുന്ദരയുടെ പത്രിക പിൻവലിക്കാനുള്ള അപേക്ഷയിൽ നിർബന്ധിച്ച് ഒപ്പിടുവിച്ചത് കെ. സുരേന്ദ്രെൻറ ചീഫ് ഏജൻറായ ബാലകൃഷ്ണ ഷെട്ടിയുടെ നേതൃത്വത്തിലായിരുന്നു. തെരഞ്ഞെടുപ്പ് വേളയിൽ സുരേന്ദ്രൻ താമസിച്ചിരുന്ന കാസർകോട് താളിപ്പടുപ്പിലെ ഹോട്ടൽ മുറിയിൽ മാർച്ച് 21നായിരുന്നു ഈ സംഭവം. ബാലകൃഷ്ണ ഷെട്ടിക്കൊപ്പം കാസർകോട് കലക്ടറേറ്റിൽ എത്തിയാണ് സുന്ദര പത്രിക പിൻവലിച്ചത്.
യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്, പൈവളികെയിലെ ബി.ജെ.പി നേതാവ് ലോകേഷ് നന്ദ എന്നിവരും കൂടെയുണ്ടായിരുന്നു. എന്നാൽ, ചോദ്യം ചെയ്യലിൽ ബാലകൃഷ്ണ ഷെട്ടി ഇതെല്ലാം നിഷേധിച്ചെന്നാണ് റിപ്പോർട്ട്. സുന്ദരക്കൊപ്പം ഹോട്ടൽ മുറിയിലും കലക്ടറേറ്റിലും പോയിട്ടില്ലെന്നും ആണ് മൊഴി നൽകിയത്.
നാമനിർദേശപത്രിക പിൻവലിക്കാൻ രണ്ടര ലക്ഷം രൂപയും സ്മാർട്ട് ഫോണും ബി.ജെ.പി പ്രവർത്തകർ നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നും തട്ടിക്കൊണ്ടു പോയെന്നും ആണ് സുന്ദര വെളിപ്പെടുത്തിയത്. കോടതിയിൽ നൽകിയ രഹസ്യ മൊഴിയിൽ സുന്ദര ഉറച്ചുനിൽക്കുകയും ചെയ്തിരുന്നു. പണം കൈമാറുന്നതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
കൊടകര കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് കെ. സുരേന്ദ്രനെ അന്വേഷണ സംഘം നേരത്തെ ചോദ്യം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.